വിഴിഞ്ഞം തുറമുഖം 10,000 കോടിയുടെ നിക്ഷേപം ആകർഷിക്കും
Thursday, November 28, 2024 11:56 PM IST
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ നാലാംഘട്ട നിർമാണ പ്രവർത്തനങ്ങൾ 2028ൽ പൂർത്തിയാകുന്നതോടെ പതിനായിരം കോടി രൂപയുടെ കൂടി നിക്ഷേപം തുറമുഖംവഴി ആകർഷിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ.
കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിക്കുന്ന ഹഡിൽ ഗ്ലോബൽ ആറാം പതിപ്പിനോടനുബന്ധിച്ച് ‘വിഴിഞ്ഞം തുറമുഖത്തിന്റെ സാന്പത്തിക സാധ്യതകൾ’ എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അവർ.
ധാരാളം വെല്ലുവിളികളും പ്രകൃതിദുരന്തങ്ങളും അതിജീവിച്ചാണ് വിഴിഞ്ഞം തുറമുഖം ഇന്നത്തെ സ്ഥിതിയിൽ എത്തിയത്.
അത്തരം കാലതാമസത്തിനു ശേഷവും തുറമുഖത്തിനു വികസനത്തിന്റെ വേഗം നിലനിർത്താൻ സാധിച്ചു. രണ്ടും മൂന്നും നാലും ഘട്ട നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ ഒരേ സമയം അഞ്ച് മദർഷിപ്പുകൾ അടുപ്പിക്കാൻ കഴിയുമെന്നും ഇതു രാജ്യത്തെതന്നെ വലിയ തുറമുഖമായി വിഴിഞ്ഞത്തെ മാറ്റുമെന്നും അവർ പറഞ്ഞു.
റോഡ്, റെയിൽ കണക്ടിവിറ്റി വികസിപ്പിക്കുന്നതടക്കമുള്ള തുറമുഖവുമായി ബന്ധപ്പെട്ട ഓരോ കാര്യങ്ങളും അതീവ ശ്രദ്ധയോടെയാണ് സർക്കാർ നോക്കിക്കാണുന്നതെന്നും എംഡി പറഞ്ഞു.
രാജ്യാന്തര കപ്പൽപ്പാതയ്ക്കു സമീപം സ്ഥിതിചെയ്യുന്നതിനാൽ വിഴിഞ്ഞത്തിന്റെ വ്യാവസായിക സാധ്യതകൾ ഏറെയാണെന്ന് അദാനി വിഴിഞ്ഞം പോർട്ട് സിഇഒ പ്രദീപ് ജയരാമൻ പറഞ്ഞു. വലിയ കപ്പലുകൾ അടുപ്പിക്കാൻ കഴിയുന്ന തുറമുഖങ്ങൾ ദക്ഷിണേന്ത്യയിൽ ഇല്ല. ഈ കുറവ് പരിഹരിക്കാൻ വിഴിഞ്ഞത്തിനാകും.
ഭക്ഷ്യസംസ്കരണ വ്യവസായങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്, സൗന്ദര്യവർധക ഉത്പന്നങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ, വിനോദസഞ്ചാരം എന്നിവയുമായി ബന്ധപ്പെട്ട വ്യവസായങ്ങൾ തുറമുഖം പ്രവർത്തനസജ്ജമാകുന്നതോടെ വർധിക്കും. രാജ്യത്തെ ഏറ്റവും വലിയ സെമി ഓട്ടോമേറ്റഡ് തുറമുഖമായി ഇതിനോടകം വിഴിഞ്ഞം മാറിയതായും അദ്ദേഹം പറഞ്ഞു.