ശബരിമല തീര്‍ഥാടകരെ സഹായിക്കാൻ സ്വാമി ചാറ്റ് ബോട്ട്
Wednesday, December 4, 2024 12:46 AM IST
കൊച്ചി: ശബരിമല ഭക്തര്‍ക്ക് മികച്ച തീര്‍ഥാടന അനുഭവം സമ്മാനിക്കുന്നതിനായി പത്തനംതിട്ട ജില്ലാ ഭരണകൂടവും മുത്തൂറ്റ് ഫിനാന്‍സും സംയുക്തമായി സ്വാമി ചാറ്റ്ബോട്ട് എന്ന എഐ അസിസ്റ്റന്റ് സംവിധാനം പുറത്തിറക്കി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് സ്വാമി ചാറ്റ്ബോട്ട് ലോഗോ പ്രകാശനം ചെയ്തു.
ദേവസ്വം സ്പെഷല്‍ സെക്രട്ടറി ടി.വി. അനുപമ, ഓഫീസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി എസ്. കാര്ത്തികേയന്, പത്തനംതിട്ട ജില്ലാ കളക്ടര്‍ എസ്.പ്രേംകൃഷ്ണന്‍, മുത്തൂറ്റ് ഫിനാന്‍സ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
ക്ഷേത്രം തുറക്കുന്ന സമയം, ഭക്ഷണത്തിന്റെ നിരക്ക്, ബസ്, ട്രെയിന്‍ സമയങ്ങള്‍, മറ്റ് സേവനങ്ങള്‍, ഹെല്പ്പ്ലൈന് നമ്പറുകള്‍ തുടങ്ങി എന്താവശ്യത്തിനും ചാറ്റ് ബോട്ടിന്റെ സഹായം തേടാം. ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തെലുങ്ക്, കന്നഡ, തമിഴ് എന്നീ ഭാഷകളില്‍ സേവനം ലഭിക്കും. +91 6238008000 എന്നതാണ് സ്വാമി എഐ ചാറ്റ്ബോട്ട് വാട്സ്ആപ് നമ്പര്‍.