എഡിബിയുമായി 98 മില്യൺ ഡോളറിന്റെ കരാർ; ഹോർട്ടികൾച്ചർ വിളകൾ പ്രോത്സാഹിപ്പിക്കാൻ ഇന്ത്യ
Saturday, November 30, 2024 11:24 PM IST
മുംബൈ: ഹോർട്ടികൾച്ചർ വിളകളുടെ ഉത്പാദനക്ഷമത വർധിപ്പിക്കുന്നതിനായി ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കുമായി 98 മില്യണ്‍ ഡോളറിന്റെ വായ്പ കരാറിൽ ഇന്ത്യ ഒപ്പുവച്ചു.
കാലാവസ്ഥാ വ്യതിയാനത്തെയും രോഗങ്ങളെയും ചെറുക്കുന്ന ഗുണമേന്മയുള്ള വിളകൾ ഹോർട്ടികൾച്ചർ കർഷകർക്ക് ലഭ്യമാക്കാൻ വേണ്ടിയാണ് പുതിയ നീക്കമെന്നു ധനകാര്യവകുപ്പ് അറിയിച്ചു.
ബിൽഡിംഗ് ഇന്ത്യാസ് ക്ലീൻ പ്ലാന്റ് പദ്ധതിയുടെ ഭാഗമാണ് വായ്പ ഉടന്പടി. ചെടികളിലെ രോഗങ്ങൾ കണ്ടെത്തി പരിഹരിക്കാനുള്ള ലബോറട്ടറികൾ, പ്രത്യേക പരിശീലനം ലഭിച്ച ജീവനക്കാർ എന്നിവരടങ്ങുന്ന ക്ലീൻ പ്ലാന്റ് സെന്ററുകൾ സ്ഥാപിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. അക്രഡിറ്റേഷനുള്ള പ്രൈവറ്റ് നഴ്സറികൾ ഇതിന്റെ ഭാഗമായുണ്ടാവും.
കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനായി കർഷകരെ സജ്ജരാക്കുകയെന്നതാണ് മറ്റൊരു ലക്ഷ്യം. കാർഷിക മന്ത്രാലയം, നാഷണൽ ഹോർട്ടികൾച്ചറൽ ബോർഡ്, ഇന്ത്യൻ കൗണ്‍സിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് എന്നിവർ ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.