ഉത്പാദനക്ഷമത അവാര്‍ഡ് വിതരണം ഏഴിന്
Tuesday, December 3, 2024 12:07 AM IST
കൊച്ചി: കേരള സ്റ്റേറ്റ് പ്രൊഡക്ടിവിറ്റി കൗണ്‍സില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള എം.കെ.കെ. നായര്‍ പ്രൊഡക്ടിവിറ്റി അവാര്‍ഡുകള്‍ ഏഴിനു വിതരണം ചെയ്യും.
കളമശേരി പ്രൊഡക്ടിവിറ്റി കൗണ്‍സിലില്‍ ഏഴിന് ഉച്ചകഴിഞ്ഞ് 3.30ന് നടക്കുന്ന ചടങ്ങില്‍ മന്ത്രി പി. രാജീവ് അവാര്‍ഡുകള്‍ വിതരണം ചെയ്യും. കൗണ്‍സില്‍ ചെയര്മാന് ഡോ. ജോര്‍ജ് സ്ലീബ അധ്യക്ഷത വഹിക്കും. കെഎസ്ഐഡിസി ചെയര്മാന് സി. ബാലഗോപാല്‍ മുഖ്യപ്രഭാഷണം നടത്തുമെന്നും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
വര്‍ഷം 600 കോടിയിലധികം ടേണ്‍ ഓവറുള്ള സ്ഥാപനങ്ങളുടെ വിഭാഗത്തില്‍ കൊച്ചിന് ഷിപ്പ്യാര്ഡ്, എറണാകുളം റീജണല്‍ കോ ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യുസേഴ്സ് യൂണിയന്, മുളന്തുരുത്തി ആപ്റ്റിവ് കണക്ഷന് സിസ്റ്റംസ് ഇന്ത്യ പ്രൈവറ്റ് ലമിറ്റഡ് എന്നിവയാണ് അവാര്‍ഡിന് അര്‍ഹരായത്.
250 കോടിക്കും 600 കോടിക്കും ഇടയില്‍ ടേണ്‍ ഓവറുള്ള സ്ഥാപനങ്ങളുടെ വിഭാഗത്തില്‍ എച്ച്എല്‍എല്‍ ലൈഫ് കെയര്‍ പേരൂര്‍ക്കട ഫാക്ടറിയും, കാക്കനാട് നിറ്റ ജെലാറ്റിനും 50കോടിക്കും 250 കോടിക്കും ഇടയില്‍ ടേണ്‍ ഓവറുള്ള സ്ഥാപനങ്ങളുടെ വിഭാഗത്തില്‍ എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ആക്കുളം ഫാക്ടറിയും സംസ്ഥാന കയര്‍ കോര്‍പറേഷനും 50 കോടിക്ക് താഴെ ടേണ്‍ ഓവറുള്ളവയില് കുറ്റിപ്പുറം കെല്‍ട്രോണും, തൃശൂര്‍ സ്വപര്ണിക തെര്‍മിസ്റ്റേഴ്സ് ആന്‍ഡ് ഹൈബ്രിഡ് ലിമിറ്റഡും അവാര്‍ഡിന് അര്‍ഹരായി.
സര്‍വീസ് ഓര്‍ഗനൈസേഷനുകളില്‍ കൊച്ചി വണ്ടര്‍ലാ ഹോളിഡേയ്സ് ലിമിറ്റഡും തിരുവനന്തപുരം കേരള ഫിനാന്‍ഷല്‍ കോര്‍പറേഷനും അവാര്‍ഡ് നേടി.
പത്രസമ്മേളനത്തില്‍ ഡോ. ജോര്‍ജ് സ്ലീബ, എ.ആര്. സതീഷ്, എ.പി. ജോസ് എന്നിവര്‍ പങ്കെടുത്തു.