വലിയ നിക്ഷേപ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്ന സംസ്ഥാനമായി കേരളം മാറിയെന്ന് മുഖ്യമന്ത്രി
Thursday, November 28, 2024 11:56 PM IST
തിരുവനന്തപുരം: ഭാവിയിലെ ഉത്പന്ന വികസന കേന്ദ്രം എന്ന നിലയിൽ വലിയ നിക്ഷേപ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്ന സംസ്ഥാനമായി കേരളം മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് സമ്മേളനമായ ഹഡിൽ ഗ്ലോബലിന്റെ ആറാം പതിപ്പ് കോവളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോകത്തെ ഡീപ് ടെക് തലസ്ഥാനമായി മാറുന്നതിനുള്ള രാജ്യത്തിന്റെ ശ്രമത്തിൽ കേരളം ഒരു പ്രധാന പങ്ക് വഹിക്കാൻ ഒരുങ്ങുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്തെ ടെക്നോസിറ്റിയിൽ മൂന്ന് ഏക്കർ കാന്പസിൽ ഒരു പൊതു-സ്വകാര്യ പങ്കാളിത്ത കന്പനിയായിട്ടാണ് ഇടിഎച്ച് വിഭാവനം ചെയ്തിരിക്കുന്നത്.
പദ്ധതിയുടെ മതിപ്പ് ചെലവ് 350 കോടിയാണ്. ലോകമെന്പാടുമുള്ള സ്വകാര്യ നിക്ഷേപകരും സംരംഭകരും ഈ പുതിയ കന്പനിയിൽ നിക്ഷേപം നടത്തുമെന്ന് പ്രതീക്ഷിക്കുന്നത്.
സംസ്ഥാനത്ത് ഇപ്പോൾ 6,100 സ്റ്റാർട്ടപ്പുകളുണ്ട്. ഇത് 62,000ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും 5,800 കോടി രൂപയുടെ നിക്ഷേപം ആകർഷിക്കുകയും ചെയ്തു.
അഡെസോ സ്റ്റാർട്ടപ് ഇൻഫിനിറ്റി, എആർഎഐ, ഇ റ്റു ഇ നെറ്റ് വർക്ക്സ്, എച്ച്ഡിഎഫ്സി ബാങ്ക്, സ്റ്റാർട്ടപ് ഇൻഫിനിറ്റി (യുഎസ്എ), എൽഒഐ ബ്രിട്ടീഷ് കൗണ്സിൽ എന്നിവയുമായുള്ള ധാരണാപത്രങ്ങളും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ കൈമാറി. സ്റ്റാർട്ടപ്പുകളുമായുള്ള സംവാദത്തിലും മുഖ്യമന്ത്രി പങ്കെടുത്തു.
ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ഇലക്ട്രോണിക്സ് ഐടി സെക്രട്ടറി ഡോ. രത്തൻ യു. ഖേൽക്കർ, സ്റ്റാർട്ടപ് ഇന്ത്യ ഡയറക്ടർ ഡോ. സുമീത് കുമാർ ജറങ്കൽ, ഇൻഫോസിസ് സഹസ്ഥാപകനും സംസ്ഥാന സർക്കാരിന്റെ ഹൈപവർ ഐടി കമ്മിറ്റി വൈസ് ചെയർമാനുമായ എസ്.ഡി. ഷിബുലാൽ, നബാർഡ് ചെയർമാൻ കെ.വി. ഷാജി , കെഎസ് യുഎം സിഇഒ അനൂപ് അംബിക, എസ്ബിഐ ചീഫ് ജനറൽ മാനേജർ എ. ഭുവനേശ്വരി, കെഎസ്യുഎം സിഇഒ ടോം തോമസ് എന്നിവർ ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തു.