യുപിഐ ഇടപാടുകളിൽ ഇടിവ്
Monday, December 2, 2024 3:42 AM IST
ന്യൂഡൽഹി: യൂണിഫൈഡ് പെയ്മെന്റ്സ് ഇന്റർഫേസ് (യുപിഐ) ഇടപാടുകളിൽ ഇടിവ്. നാഷണൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) പുറത്തുവിട്ട നവംബറിലെ കണക്കിൽ ഇടപാടുകളുടെ എണ്ണം ഏഴു ശതമാനം ഇടിഞ്ഞ് 15.48 ബില്യണും കൈമാറ്റം ചെയ്ത തുകയുടെ മൂല്യം എട്ടു ശതമാനം താഴ്ന്ന്് 21.55 ട്രില്യണ്‍ രൂപയുമായി. ഒക്ടോബറിൽ ഏറ്റവും കൂടുതൽ ഇടപാടുകൾ രേഖപ്പെടുത്തിയശേഷമാണ് ഇടപാടുകളിൽ ഇടിവുണ്ടായത്. \
ഉത്സവകാല വിൽപ്പനകളെത്തുടർന്ന് ഒക്ടോബറിൽ, യുപിഐയിലൂടെ 23.5 ട്രില്യണ്‍ രൂപ മൂല്യമുള്ള 16.58 ബില്യണ്‍ ഇടപാടുകളാണ് രേഖപ്പെടുത്തിയത്. 2016 ഏപ്രിലിൽ ഡിജിറ്റൽ പേയ്മെന്റ് സംവിധാനം പ്രവർത്തനക്ഷമമായതിന് ശേഷമുള്ള ഏറ്റവും ഉയർന്ന ഇടപാടാണിത്. സെപ്റ്റംബറിൽ 15.04 ബില്യണ്‍ ഇടപാടിലൂടെ 20.64 ട്രില്യണ്‍ രൂപയുടെ കൈമാറ്റങ്ങളാണ് നടന്നത്. ഉത്സവ സീസണായ ഒക്ടോബറിൽ വാങ്ങലുകാരും വിൽപ്പനക്കാരും തമ്മിലുള്ള ഇടപാടുകൾ വർധിച്ചതാണ് കുതിച്ചുചാട്ടത്തിന് കാരണമായത്.
2023 നവംബറിനെ അപേക്ഷിച്ച്, ഇത് എണ്ണത്തിൽ 38 ശതമാനം വർധനയും മൂല്യത്തിൽ 24 ശതമാനം വർധനവുമാണ്. എന്നാൽ, പ്രതിദിന ഇടപാടുകളുടെ എണ്ണം ഒക്ടോബറിൽ 535 മില്യണായിരുന്നെങ്കിൽ നവംബറിലത് 516 ദശലക്ഷമായി കുറഞ്ഞു, പ്രതിദിന ഇടപാട് മൂല്യം 75,801 കോടി രൂപയിൽ നിന്ന് 71,840 കോടി രൂപയായി കുറഞ്ഞു.
ഐഎംപിഎസിലും ഇടിവ്
ഇമ്മീഡിയറ്റ് പെയ്മെന്റ് സർവീസിലൂടെയുള്ള (ഐഎംപിഎസ്) പണമിടപാടിനും നവംബറിൽ കുറവുണ്ടായി. ഇടപാടിന്റെ എണ്ണത്തിൽ 13 ശതമാനത്തിന്റെ കുറവാണുണ്ടായത്. ഒക്ടോബറിൽ 467 മില്യണായിരുന്നു. എന്നാലിത് നവംബറിൽ 408 മില്യണിലെത്തി. ഐഎംപിഎസിലൂടെ കൈമാറിയ തുകയുടെ മൂല്യത്തിൽ 11 ശതമാനം ഇടിഞ്ഞ് 5.58 ട്രില്യണ്‍ രൂപയിലെത്തി. ഒക്ടോബറിൽ 6.29 ട്രില്യണ്‍ രൂപയായിരുന്നു.
2023 നവംബറിനെ അപേക്ഷിച്ച് ഐഎംപിഎസ് ഇടപാടുകളുടെ എണ്ണത്തിൽ 14 ശതമാനം കുറഞ്ഞെങ്കിലും ഇടപാടുകളുടെ മൂല്യം നാലു ശതമാനം വർധിച്ചു. പ്രതിദിന ഇടപാടുകൾ 15 മില്യണിൽനിന്ന് 14 മില്യണായി. പ്രതിദിനം കൈമാറുന്ന തുക 20,303 കോടിയിൽനിന്ന് 18,611 കോടിയിലെത്തി.
നവംബറിൽ ഫാസ്ടാജ് ഇടപാടുകളുടെ എണ്ണത്തിൽ വർധവുണ്ടായപ്പോൾ മൂല്യത്തിൽ കുറവുണ്ടായി. എണ്ണത്തിൽ ഒക്ടോബറിൽ 345 മില്യണിൽനിന്ന് നാലു ശതമാനം ഉയർന്ന നവംബറിൽ 359 മില്യണിലെത്തി. ഈ ഇടപാടുകളുടെ മൂല്യത്തിൽ ഒരു ശതമാനത്തിന്റെ നേരിയ ഇടിവാണുണ്ടായത്. ഒക്ടോബറിൽ 6115 കോടി രൂപയും നവംബറിൽ 6070 കോടി രൂപയുമായി.
ആധാർ എനേബിൾഡ് പെയ്മെന്റ് സിസ്റ്റം (എഇപിഎസ്) ഇടാപാടുകളിലും നവംബറിൽ വലിയ താഴ്ചയാണുണ്ടായത്. ഒക്ടോബറിലെ 126 മില്യണ്‍ എണ്ണത്തിൽനിന്ന് 27 ശതമാനം താഴ്ന്ന് 92 മില്യണിലെത്തി. ഇടപാടുകളുടെ മൂല്യം 27 ശതമാനംകണ്ട് ഇടിഞ്ഞ് ഒക്ടോബറിലെ 32,493 കോടി രൂപയിൽനിന്ന് നവംബറിൽ 23,844 കോടി രൂപയായി. 2023 നവംബറിനെക്കാൾ എണ്ണത്തിൽ 16 ശതമാനത്തിന്റെയും മൂല്യത്തിൽ 20 ശതമാനത്തിന്റെയും താഴ്ചയാണ് എഇപിഎസിലുണ്ടായത്.