മുത്തൂറ്റ് സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു
Saturday, November 30, 2024 11:24 PM IST
കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡിന്റെ സിഎസ്ആര്‍ വിഭാഗമായ മുത്തൂറ്റ് എം. ജോര്‍ജ് ഫൗണ്ടേഷന് ഉന്നതവിദ്യാഭ്യാസത്തിന് കേരളത്തില്‍നിന്നുള്ള 30 വിദ്യാര്‍ഥികള്‍ക്ക് 48 ലക്ഷം രൂപയുടെ സ്കോളര്‍ഷിപ്പുകള്‍ നല്കി.
കൊച്ചിയിലെ മുത്തൂറ്റ് ഗ്രൂപ്പ് ഹെഡ് ഓഫീസില്‍ നടന്ന ചടങ്ങില്‍ എംബിബിഎസ്, എന്‍ജിനിയറിംഗ്, ബിഎസ്സി നഴ്സിംഗ് തുടങ്ങിയ കോഴ്സുകള്‍ പഠിക്കുന്നതിനാണ് സ്കോളര്‍ഷിപ്പ് നല്‍കിയത്. ഇതോടെ ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിനായി 2017 മുതല്‍ കമ്പനി മൊത്തം 3,71,85,000 രൂപ ചെലവഴിച്ചതായി അധികൃതര്‍ പറഞ്ഞു.
ചടങ്ങില്‍ ടി.ജെ. വിനോദ് എംഎല്‍എ മുഖ്യാതിഥിയായിരുന്നു. മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ് അധ്യക്ഷത വഹിച്ചു.
മുത്തൂറ്റ് ഫിനാന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.ആര്. ബിജിമോന്‍, മുത്തൂറ്റ് ഗ്രൂപ്പ് കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍സ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ബാബു ജോണ്‍ മലയില്‍, വരിക്കോലിയിലെ മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. ചിക്കു ഏബ്രഹാം തുടങ്ങിയവര്‍ പങ്കെടുത്തു.
2024-25 സാമ്പത്തിക വര്‍ഷത്തെ മുത്തൂറ്റ് എം. ജോര്‍ജ് പ്രഫഷണല്‍ സ്കോളര്‍ഷിപ്പ് പദ്ധതിയുടെ പ്രഖ്യാപനവും ചടങ്ങില്‍ നിര്‍വഹിച്ചു. സ്കോളര്‍ഷിപ്പിന് അര്‍ഹതയുള്ളവര്‍ക്ക് https://mgmscholarship.muthootgroup.comല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484-4804079.