‘ടൈക്കോൺ കേരള 2024’ നാളെ തുടങ്ങും
Tuesday, December 3, 2024 12:07 AM IST
കൊച്ചി: സംസ്ഥാനത്തെ ഏറ്റവും വലിയ സംരംഭക സമ്മേളനമായ ‘ടൈക്കോൺ കേരള 2024’ നാളെ തുടങ്ങും. രണ്ടു ദിവസങ്ങളിലായി കൊച്ചി ബോൾഗാട്ടിയിലെ ഹോട്ടൽ ഗ്രാൻഡ് ഹയാത്തിലാണു സമ്മേളനം. സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്ന ടൈ കേരളയുടെ 13-ാമത് സമ്മേളനമാണിത്. ‘മിഷൻ 2030: ട്രാൻസ്ഫോർമിംഗ് കേരള’ എന്ന വിഷയത്തിലാണു സമ്മേളനം.
സുസ്ഥിര വളർച്ച, ആധുനികവത്കരണം, സാങ്കേതിക നവീകരണം എന്നിവ മുൻനിർത്തി കേരളത്തിന്റെ ഭാവിയിലേക്കുള്ള രൂപരേഖ നിർമിക്കാനുള്ള പരിശ്രമമാണു സമ്മേളനമെന്നു ടൈ കേരള പ്രസിഡന്റ് ജേക്കബ് ജോയ് പറഞ്ഞു. ഇതിനായി വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധരെയും വ്യവസായ പ്രമുഖരെയും നിക്ഷേപകരെയും ഒരുമിച്ച് കൊണ്ടുവരും.
ചരിത്രകാരനും സഞ്ചാരസാഹിത്യകാരനുമായ വില്യം ഡാൽറിംപിൾ നാളെ രാവിലെ 10.30-ന് സമ്മേളനം ഉദ്ഘാടനം ചെയ്യും.
ടൈ രാജസ്ഥാൻ പ്രസിഡന്റ് ഡോ. ഷീനു ജാവർ, ടൈ അഹമ്മദാബാദ് മുൻ പ്രസിഡന്റ് ജതിൻ വൈ. ത്രിവേദി, ടൈ ഗ്ലോബൽ എക്സിക്യൂട്ടീവ് ഡയറക്ടർ വിജയ് മേനോൻ എന്നിവർ പ്രസംഗിക്കും. സംസ്ഥാനത്തെ സംരംഭകത്വവും നവീകരണവും എന്ന വിഷയത്തിൽ കേരളത്തിലെ വ്യവസായ മന്ത്രി പി.രാജീവ് പ്രത്യേക പ്രഭാഷണം നടത്തും.
ആറ് വിഭാഗങ്ങളിലായി മികച്ച സംരംഭകരെയും, വ്യവസായ ഇക്കോസിസ്റ്റം നിർമിച്ച പ്രമുഖരെയും ആദരിക്കുന്ന ടൈക്കോൺ കേരള അവാർഡ് ചടങ്ങോടെ സമ്മേളനം സമാപിക്കും. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 7025888862 എന്ന നന്പറിൽ വിളിക്കുക.