ഭീമമായ ജിഎസ്ടി ഒഴിവാക്കാൻ ബേക്കറി ഉടമകളുടെ നിവേദനം
Wednesday, December 4, 2024 12:46 AM IST
ന്യൂഡല്‍ഹി: പരമ്പരാഗത ബേക്കറി ഇനങ്ങളായ ഇലയട, ചക്കയട, പഴംപൊരി, സുഖിയന്‍, കൊഴുക്കട്ട തുടങ്ങിയ പലഹാരങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ 18 ശതമാനം ജിഎസ്ടി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബെന്നി ബഹനാന് എംപിയുടെ നേതൃത്വത്തില്‍ ബേക്കറി ഉടമകളുടെ സംഘടനയായ ബേക്ക് വണ്‍ ഭാരവാഹികള്‍ കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമനു നിവേദനം നല്കി.
കേരളത്തിലെ പരമ്പരാഗത ഭക്ഷ്യ ഇനങ്ങള്‍ ബേക്കറികളിലൂടെ വില്പന നടത്തുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ചുമത്തിയിട്ടുള്ള 18 ശതമാനം ജിഎസ്ടി മറ്റു സംസ്ഥാനങ്ങളിലെ പരമ്പരാഗത ഭക്ഷ്യസാധനങ്ങള്‍ക്കു ചുമത്തിയിട്ടുള്ള പോലെ അഞ്ചു ശതമാനമാക്കി കുറയ്ക്കണമെന്നു സംഘം ആവശ്യപ്പെട്ടു.
ബേക്ക് വണ്‍ സംസ്ഥാന പ്രസിഡന്റ് റോയല്‍ നൗഷാദ്, ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍, ട്രഷറര്‍ ബിജു നവ്യ, വൈസ് പ്രസിഡന്റ് റഷീദ് ക്വാളിറ്റി, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് സിജോ ജോസ് തുടങ്ങിയവരാണു സംഘത്തിലുണ്ടായിരുന്നത്.