ക്രൂഡ് വില 80 ഡോളറിൽ താഴെ; പെട്രോൾ-ഡീസൽ വില കുറയുമോ?
Saturday, August 10, 2024 11:44 PM IST
എസ്. റൊമേഷ്
കൊച്ചി: അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് വില ഇടിയുന്നു. ഇന്നലെ ബെന്റ് ക്രൂഡിന് 79.66 ഡോളറും ഡബ്ല്യുടിഐ ക്രൂഡിന് 76.66 ഡോളറുമാണ് അന്താരാഷ്ട്ര വിപണിയിലെ വില. അന്താരാഷ്ട്ര എണ്ണവില 70-80 ഡോളറിനുള്ളിലാണെങ്കിൽ ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില കുറയ്ക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി കേന്ദ്രമന്ത്രിസഭ അധികാരമേറ്റശേഷം പ്രഖ്യാപിച്ചിരുന്നു.
ലോകത്തെ ഏറ്റവും വലിയ എണ്ണ ഉപഭോക്തൃ രാജ്യമായ ചൈനയിൽനിന്ന് ഡിമാൻഡ് കുറയുമെന്ന ആശങ്കയാണ് വിപണിയിൽ വില കുറഞ്ഞുനിൽക്കാൻ കാരണം. മാന്ദ്യം ഉണ്ടായേക്കുമെന്ന സൂചനയാണ് ചൈനീസ് വിപണയിൽനിന്നുള്ളത്. ഇതാണു പ്രധാനമായും അനിശ്ചിതത്വത്തിനു കാരണം.
കഴിഞ്ഞ ഓഗസ്റ്റ് നാലിനും അഞ്ചിനും ക്രൂഡ് വില ഇതിലും താഴ്ന്നിരുന്നു. ബെന്റ് ക്രൂഡിന് ഓഗസ്റ്റ് അഞ്ചിന് 76.4 ഡോളർ വരെയായി താഴ്ന്നിരുന്നു. യുഎസ് ഓഗസ്റ്റ് രണ്ടിന് തൊഴിൽ ഡാറ്റ പോസ്റ്റ് ചെയ്തിരുന്നു. പ്രതീക്ഷിച്ച വളർച്ച യുഎസ് സന്പദ്വ്യവസ്ഥയിൽ ഉണ്ടാകില്ലെന്നാണു സൂചന. ഇതും വിപണിയിൽ ഇടിവിനു കാരണമായി.
യുഎസ് ഫെഡറൽ നിരക്കുകൾ കുറച്ചേക്കുമെന്നതും ജപ്പാൻ യെന്നിനെതിരേ യുഎസ് ഡോളർ ദുർബലമായതും എണ്ണവിലയിടിവിനു കാരണമായി. പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന അനിശ്ചിതത്വം അവസാനിച്ചാൽ എണ്ണവില വീണ്ടും ഇടിഞ്ഞേക്കുമെന്നാണ് സൂചനകൾ.
24ൽ കഴിഞ്ഞ ഏപ്രിലിൽ മാത്രമേ ക്രൂഡ് വില 90 ഡോളറിനു മുകളിൽ എത്തിയിരുന്നുള്ളൂ. ക്രൂഡ് വില എൺപതിൽ താഴെ നിലനിന്നാൽ എണ്ണക്കന്പനികൾക്ക് ആയിരക്കണക്കിനു കോടി രൂപയുടെ ലാഭമുണ്ടാകും.
വില കുറച്ചാൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നികുതി വരുമാനത്തിലും കുറവുണ്ടാകുമെന്നതിനാൽ ആഗോള വിപണിയിൽ എണ്ണവില ഇടിഞ്ഞാലും അനങ്ങാപ്പാറ നയമാണ് കേന്ദ്രസർക്കാർ സ്വീകരിക്കാറുള്ളത്. തങ്ങളുടെ വരുമാനം കുറയുമെന്നതിനാൽ സംസ്ഥാന സർക്കാരുകളും വില കുറയ്ക്കുന്നതിനോടു താത്പര്യം പ്രകടിപ്പിക്കാറില്ല.
എന്നാൽ, എണ്ണവില കുറഞ്ഞാൽ രാജ്യത്തെ പണപ്പെരുപ്പം കുറയുമെന്നതിനു പുറമെ സന്പദ്വ്യവസ്ഥയ്ക്കും അതു നേട്ടമാകും. പാചകവാതക സിലിണ്ടറിനു തെരഞ്ഞെടുപ്പിന് തൊട്ടുമുന്പ് കാര്യമായി വില കുറച്ചെങ്കിലും പിന്നീട് തെരഞ്ഞെടുപ്പിനുശേഷവും വില കൂട്ടിയിരുന്നില്ല. എന്നാൽ എണ്ണവിലയിൽ നിസാര കുറവേ കേന്ദ്രം വരുത്തിയിരുന്നുള്ളൂ.