ആഗോളവിപണിയിൽ എണ്ണവിലയിൽ വൻ ഇടിവ്
എസ്. റൊമേഷ്
Friday, December 8, 2023 1:38 AM IST
കോഴിക്കോട്: ആഗോളവിപണിയിൽ എണ്ണവില കുത്തനെ ഇടിഞ്ഞു. എന്നാൽ നിലവിലെ സാഹചര്യം തുടർന്നാൽ ഉടൻതന്നെ കേന്ദ്രസർക്കാർ എണ്ണവിലയിൽ കുറവ് പ്രഖ്യാപിക്കുമെന്നാണു കരുതുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിലാണ് കുറവുണ്ടായേക്കുമെന്നു പ്രതീക്ഷിക്കപ്പെടുന്നത്.
എന്നാൽ ആഗോളവിപണിയിൽ എണ്ണവിലയിൽ വൻ ഇടിവുണ്ടായെങ്കിലും രൂപയുടെ മൂല്യത്തിൽ അടുത്തിടെയുണ്ടായ ഇടിവ് വിലയിൽ വൻ കുറവു വരുത്തുന്നതിന് തടസമായേക്കും. തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ ജനുവരിയോടെ പെട്രോളിന് 100 രൂപയിൽ താഴെയായി ഒരു പ്രഖ്യാപനം ഉണ്ടായേക്കുമെന്ന പ്രതീക്ഷയാണുള്ളത്.
അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ പാചകവാതകത്തിന് കേന്ദ്രം വില കുറച്ചിരുന്നു. ആറു മാസത്തെ ഏറ്റവും താഴ്ന്ന വിലയാണിപ്പോൾ ക്രൂഡ് ഓയിലിന്. ബ്രെന്റ് ക്രൂഡ് ഓയിലിന് 74.82 ഡോളറാണ് ഒരു ബാരൽ എണ്ണയുടെ അന്താരാഷ്ട്ര വിപണിയിലെ ഇപ്പോഴത്തെ വില. 2022 മാർച്ചിൽ ഒരു ബാരൽ എണ്ണയ്ക്ക് 117ഡോളറും 2022 ജൂണിൽ 122.71 ഡോളറായിരുന്നു അന്താരാഷ്ട്ര വിപണിയിലെ വില.
ഒപെക് രാജ്യങ്ങൾ പ്രതിദിന ഉത്പാദനത്തിൽനിന്ന് 22 ലക്ഷം ബാരൽ വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപനം വന്നിട്ടും എണ്ണവില ഇടിയുന്നത് തുടരുകയാണ്. ഇതിനിടെ ഇസ്രയേൽ-പലസ്തീൻ യുദ്ധം ഉണ്ടായപ്പോൾ എണ്ണവില അല്പം ഉയർന്നെങ്കിലും പിന്നീട് അത് കുത്തനെ താഴുകയായിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉത്പാദകർ യുഎസ്എ ആണ്. രണ്ടാം സ്ഥാനത്ത് റഷ്യയും മൂന്നാം സ്ഥാനത്ത് സൗദിയും നാലാം സ്ഥാനത്ത് ഇറാക്കുമാണുള്ളത്. ഒപെക് എണ്ണ ഉത്പാദനം വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചപ്പോൾ പക്ഷേ യുഎസ് തങ്ങളുടെ ഉത്പാദനം വർധിപ്പിക്കുകയാണ് ചെയ്തത്. ഒപെക് രാജ്യങ്ങൾ ഉത്പാദനം കുറയ്ക്കാൻ ശ്രമിക്കുമ്പോഴാണ് യുഎസ് കൂടുതൽ എണ്ണ വിപണിയിൽ എത്തിക്കുന്നത്.
യുദ്ധവും ഉപരോധവുമൊക്കെ മൂലം സാന്പത്തികമായി നട്ടംതിരിയുന്ന റഷ്യയും പരമാവധി എണ്ണ ഉത്പാദിപ്പിച്ച് വിറ്റഴിക്കാൻ ശ്രമിക്കുന്നുണ്ട്.
ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ എണ്ണ ഉപയോക്താക്കൾ ചൈനയാണ് ചൈനയുടെ സാന്പത്തികനിലയെക്കുറിച്ചുള്ള ആശങ്ക രാജ്യത്തെ എണ്ണ ഉപയോഗത്തിൽ വൻ തോതിൽ കുറവുണ്ടാക്കിയേക്കുമെന്ന് അഭ്യൂഹമുണ്ട്. ഇതും എണ്ണ വിലയിടിവിനു കാരണമായി.
2022 മേയിലാണ് കേരളത്തിൽ പെട്രോളിന് ഏറ്റവുമധികം വില ഈടാക്കിയത്. അന്ന് തിരുവനന്തപുരത്ത് പെട്രോളിന് 117 രൂപയായിരുന്നു വില. എണ്ണവില ബാരലിന് 117 ഡോളറിന് മുകളിലെത്തിയപ്പോഴാണ് 117 രൂപ പെട്രോളിന് ഈടാക്കിയിരുന്നത്. ഇപ്പോൾ 74 ഡോളറിലെത്തിയ സ്ഥിതിക്ക് രൂപയുടെ മൂല്യം ഇടിഞ്ഞെങ്കിലും പെട്രോളിന് 100 രൂപയിൽ താഴെ വിൽക്കാൻ സാധിക്കും.