പുതുവൈപ്പിനിലെ ടെര്‍മിനലില്‍ ആദ്യ എല്‍പിജി കപ്പല്‍
Sunday, October 1, 2023 12:27 AM IST
കൊച്ചി: പുതുവൈപ്പിനിൽ സംസ്ഥാനത്തെ ആദ്യ പാചകവാതക ഇറക്കുമതി ടെര്‍മിനലില്‍ എല്‍പിജിയുമായെത്തിയ സൗദി അറേബ്യന്‍ കപ്പല്‍ ‘ചെഷെയര്‍’ മൂന്നിന് മടങ്ങും. കപ്പലില്‍നിന്നും ടെര്‍മിനലിലെ കൂറ്റന്‍ ടാങ്കറുകളിലേക്ക് ഇന്ധനം നിറയ്ക്കുന്ന ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്. പരീക്ഷണാര്‍ഥം എന്ന നിലയിലാണ് ആദ്യഘട്ടത്തിലെ ഇന്ധന ഇറക്കുമതി.
ടാങ്കറുകളുടെ സംവഹനശേഷി, മറ്റ് സാങ്കേതിക കാര്യങ്ങള്‍, സുരക്ഷാ സംവിധാനത്തിന്റെ മേന്മ എന്നിവയുടെ പരിശോധനയും ഒപ്പം നടക്കും. ഇതിന്റെ ഭാഗമായി നിശ്ചിത അളവില്‍ ഇന്ധനം ഇറക്കുന്നതിനാലാണ് ചൊവ്വാഴ്ച വരെ സമയം എടുക്കുന്നത്.
വെള്ളിയാഴ്ച വൈകുന്നേരം മൂന്നരയോടെയായിരുന്നു എല്‍പിജിയുടെ ഘടകങ്ങളായ ബ്യൂട്ടെയ്ന്‍, പ്രൊപ്പയ്ന്‍ വാതകങ്ങളുമായി ടെര്‍മിനലിലേക്കുള്ള ആദ്യ കപ്പല്‍ പുതുവൈപ്പിനിലെത്തിയത്.
ആദ്യമായി ഒരു കപ്പല്‍ ടെര്‍മിനലില്‍ എത്തിയതിനാല്‍ ഒട്ടേറെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടിയിരുന്നു. ഇതിനാല്‍ ഏറെ വൈകിയാണ് ഇന്ധനനീക്കം ആരംഭിക്കാനായത്. പുതുവൈപ്പിൻ ടെര്‍മിനല്‍ സജ്ജമായതോടെ കേരളത്തില്‍ എല്‍പിജി ലഭ്യത എളുപ്പമാകും. മാത്രമല്ല കൊച്ചി-സേലം എല്‍പിജി പൈപ്പ്ലൈന് പദ്ധതിക്കും ഇതോടെ വേഗംകൂടും.
നിലവില്‍ മംഗളൂരുവിലെ ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ ഇറക്കുമതി ടെര്മിനലില്നിന്നാണു കേരളത്തിലെ വിവിധ എല്‍പിജി ബോട്ടിലിംഗ് പ്ലാന്റുകളിലേക്കു റോഡ് മാര്‍ഗം വാതകം എത്തുന്നത്.
പുതുവൈപ്പിനില്‍ ടെര്‍മിനല്‍ വരുന്നതോടെ മംഗളൂരുവില്‍നിന്നും വാതകവുമായി എത്തുന്ന വമ്പന്‍ ബുള്ളറ്റ് ടാങ്കര്‍ ലോറികളെ ആശ്രയിക്കേണ്ട സ്ഥിതി ഒഴിവാകും. എല്‍പിജി നീക്കത്തിനായി പ്രതിവര്‍ഷം 500 കോടിയിലേറെ രൂപ ചെലവഴിക്കുന്നതും കമ്പനികള്‍ക്ക് ലാഭിക്കാം.
പ്ലാന്റിന്റെ കമ്മീഷനിംഗ് ഉടന്‍ ഉണ്ടായേക്കുമെന്നാണ് സൂചന. ടാങ്കറുകളില്‍ നിറയ്ക്കുന്ന ഇന്ധനം പ്ലാന്റില്‍ എല്പിജിയാക്കി മാറ്റിയ ശേഷം അമ്പലമുകളിലേയും ഉദയംപേരൂരിലെയും ഗ്യാസ് ബോട്ട്ലിംഗ് പ്ലാന്റിലേക്ക് ഭൂര്‍ഗഭ പൈപ്പ് ശൃംഖലകള്‍ വഴി എത്തിക്കും. ഇവിടെനിന്നും സിലിണ്ടറുകളില്‍ പാചകവാതകം നിറച്ച് മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും വിതരണം ചെയ്യും.