നിരക്കുകൾ മാറ്റാതെ റിസർവ് ബാങ്ക്
Friday, June 9, 2023 12:02 AM IST
മുംബൈ: പലിശനിരക്കിൽ തുടർച്ചയായ രണ്ടാം തവണയും മാറ്റംവരുത്താതെ റിസർവ് ബാങ്ക്. റീപ്പോ നിരക്ക് 6.50 ശതമാനമായി തുടരുമെന്നു ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. തുടർച്ചയായ രണ്ടാം തവണയാണു നിരക്കുകളിൽ മാറ്റം പ്രഖ്യാപിക്കാതെ പണനയയോഗം അവസാനിച്ചത്.
ഏപ്രിലിൽ നടന്ന യോഗത്തിൽ റിസർവ് ബാങ്ക് നിരക്ക് വർധിപ്പിച്ചിരുന്നില്ല. അതേസമയം, പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വർഷം മേയ് മുതൽ 250 ബേസിസ് പോയിന്റ് (0.25%) വർധിപ്പിക്കുകയും ചെയ്തു.
ലോകരാജ്യങ്ങളിൽ പണപ്പെരുപ്പം പിടിമുറുക്കുന്പോൾ ഇന്ത്യയുടെ സാന്പത്തികസ്ഥിതി മെച്ചപ്പെട്ടതായി ശക്തികാന്ത ദാസ് അവകാശപ്പെട്ടു. 2022-23 വർഷത്തിൽ കോവിഡിനു മുന്പത്തെ നിലയിലേക്കു രാജ്യത്തെ ജിഡിപിയെത്തി. ഉപഭോക്തൃ പണപ്പെരുപ്പം ഇപ്പൊഴും നാലു ശതമാനത്തിനു മുകളിലാണ്. 2023-24 വർഷവും ഈ പരിധിയിൽ തുടരുമെന്നാണു റിസർവ് ബാങ്കിന്റെ കണക്കുകൂട്ടലെന്നും ഗവർണർ വ്യക്തമാക്കി.
വാണിജ്യബാങ്കുകൾ നൽകുന്ന ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശനിരക്ക് മാറ്റമില്ലാതെ തുടരും. കാർഷിക, വിദ്യാഭ്യാസ വായ്പകളുടെ പലിശനിരക്കും കൂടില്ല. ഫിക്സഡ് റിവേഴ്സ് റീപ്പോ നിരക്ക് (3.35%), കരുതൽ ധന അനുപാതം (4.50%), സ്റ്റാൻഡിംഗ് ഡെപ്പോസിറ്റ് ഫിസിലിറ്റി റേറ്റ് (6.25%), മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി റേറ്റ് (6.75%), സ്റ്റാറ്റ്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ (18%) എന്നിവയിലും മാറ്റമില്ല.
2023-24 സാന്പത്തിക വർഷത്തിലെ ജിഡിപി വളർച്ചാ പ്രതീക്ഷ 6.5 ശതമാനമായി ആർബിഐ നിലനിർത്തി. റീട്ടെയ്ൽ നാണയപ്പെരുപ്പ അനുമാനം കുറച്ചിട്ടുണ്ട്. പണപ്പെരുപ്പം കുറഞ്ഞതു വിലയിരുത്തിയാണു മുഖ്യ പലിശനിരക്കുകളിൽ മാറ്റംവരുത്താതിരുന്നത്.
രാജ്യത്തു പണപ്പെരുപ്പം 18 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണെന്നും ശക്തികാന്ത ദാസ് അറിയിച്ചു.