ഓഗ്മെന്റഡ് റിയാലിറ്റി ഹെഡ്സെറ്റായ വിഷൻ പ്രോ പുറത്തിറക്കി ആപ്പിളിന്റെ വിപ്ലവം
Wednesday, June 7, 2023 12:49 AM IST
കലിഫോർണിയ: സാങ്കേതികവിദ്യയിൽ വിപ്ലവം തീർത്ത് ടെക് ഭീമൻ ആപ്പിൾ. ആപ്പിളിന്റെ വേൾഡ് വൈഡ് ഡെവലപ്പേഴ്സ് കോണ്‍ഫറൻസിലാണു വിപ്ലവകരമായ പ്രഖ്യാപനങ്ങളുണ്ടായത്.
ഓഗ്മെന്റഡ് റിയാലിറ്റി ഹെഡ്സെറ്റായ വിഷൻ പ്രോയാണു പുതിയ പ്രഖ്യാപനങ്ങളിലെ പ്രധാന ആകർഷണം. യഥാർഥ ലോകവും വെർച്വൽ ലോകവും തമ്മിലുള്ള അതിർവരന്പുകൾ മായിക്കുന്ന ഒരു നവീന കംപ്യൂട്ടറാണ് വിഷൻ പ്രോയെന്ന് ആപ്പിൾ മേധാവി ടിം കുക്ക് അവകാശപ്പെട്ടു.
ഒരു പതിറ്റാണ്ടിനിടെ ആപ്പിൾ പുറത്തിറക്കുന്ന ഏറ്റവും നൂതന ഉപകരണമാണു വിഷൻ പ്രോ. അടുത്ത വർഷം തുടക്കത്തിൽ വിഷൻ പ്രോ വിപണിയിലെത്തുമെന്നാണു കരുതപ്പെടുന്നത്. മൂന്നു ലക്ഷം രൂപയ്ക്കുമേലാണ് ഉപകരണത്തിന്റെ വില. അമേരിക്കയിലായിരിക്കും വിഷൻ പ്രോ ആദ്യമെത്തുക. 15 ഇഞ്ച് മാക്ബുക്ക് എയർ, ജേണൽ ആപ്പ്, ഐഒഎസ് 17, മാക് ഒഎസ് സോനോമ, ടിവി ഒഎസ് 17, വാച്ച് ഓഎസ് 10 എന്നിവയും ഡെവലപ്പേഴ്സ് കോണ്‍ഫറൻസിൽ ആപ്പിൾ പുറത്തിറക്കി.
ഓഗ്മെന്റഡ് റിയാലിറ്റി
കണ്മുന്നിൽ വലിപ്പമുള്ള സ്ക്രീൻ. ശരിക്കുമുള്ള സ്ക്രീനല്ല, വിഷൻ പ്രോയിലൂടെ സൃഷ്ടിച്ച ഓഗ്മെന്റഡ് റിയാലിറ്റിയാണ്. സ്ക്രീനിന്റെ വലിപ്പം ഉപയോഗിക്കുന്നവരുടെ ഇഷ്ടത്തിനനുസരിച്ചു ക്രമീകരിക്കാം. പരമാവധി 100 അടി വരെ വലിപ്പം ലഭിക്കും. എവിടെയിരിക്കുന്നോ ആ സ്ഥലത്തിനു മുകളിലായിരിക്കും ഓഗ്മെന്റഡ് റിയാലിറ്റി സ്ക്രീൻ.
ആപ്പിളിന്റെ ആദ്യ ത്രീഡി ക്യാമറ കൂടിയാണ് വിഷൻ പ്രോ. മറ്റു വെർച്വൽ റിയാലിറ്റി ഹെഡ്സെറ്റുകളെ അനുസ്മരിപ്പിക്കുന്ന രൂപമാണു വിഷൻ പ്രോയ്ക്കുമുള്ളത്. ഒപ്ടിക് ഐഡി എന്ന പേരിൽ ആപ്പിൾ പുതിയതായി അവതരിപ്പിച്ച റെറ്റിന സ്കാനിലൂടെ വിഷൻ പ്രോ അണ്‍ലോക്ക് ചെയ്യാം. ഐറിസ് സ്കാനിലൂടെയാണു വിഷൻ പ്രോ ഉപയോക്താവിനെ തിരിച്ചറിയുന്നത്. കൈവിരൽ ചലിപ്പിച്ച് വേണ്ടതു തെരഞ്ഞെടുക്കാം, ശബ്ദമുപയോഗിച്ച് നിയന്ത്രിക്കാം. സ്ക്രീനിൽ കാണുന്ന ഒരു വസ്തുവിൽ, അല്ലെങ്കിൽ ആപ്പിൽ നോട്ടം ഉറപ്പിച്ചശേഷം വിരൽകൊണ്ടു സ്പർശിച്ച് അതു ചലിപ്പിക്കാം. ഉപയോക്താവിന്റെ കണ്ണുകളുടെ ചലനത്തെക്കുറിച്ചുള്ള വിവരങ്ങൾ മറ്റാരുമായും പങ്കുവയ്ക്കില്ലെന്നും കന്പനി പറയുന്നു.
കെ റെസല്യൂഷൻ
ഐഫോണിന്റെ ഒരു പിക്സലിന്റെ സ്ഥാനത്ത് 64 പിക്സലുകളാണു വിഷൻ പ്രോയിലുള്ളത്. മൈക്രോ ഓലെഡ് പാനലുള്ളതിനാൽ ഇരുകണ്ണുകൾക്കും 4കെ റെസല്യൂഷൻ നൽകും. ടിവി പ്രോഗ്രാമുകളും 3ഡി സിനിമകളും ഐഒഎസ്, ഐപാഡ്ഒഎസ്, മാക്ഒഎസ് ആപ് എന്നിവയൊക്കെ വിഷൻ പ്രോയിലൂടെ ആസ്വദിക്കാം. മാക് കംപ്യൂട്ടർ പ്രവർത്തിപ്പിച്ചശേഷം വിഷൻ പ്രോ ധരിച്ചാൽ 13-ഇഞ്ച് സ്ക്രീനിന്റെ ഡിസ്പ്ലേ വർധിപ്പിക്കാമെന്നാണ് ആപ്പിളിന്റെ അവകാശവാദം. അതേസമയം, ഐപാഡുകളുടെയോ ഐഫോണുകളുടെയോ സ്ക്രീനിനെക്കുറിച്ച് ഇത് പറഞ്ഞിട്ടില്ല.
വിഷൻ ഒഎസ് സോഫ്റ്റ്വേർ ഉപയോഗിച്ചാണ് ആപ്പിൾ ഹെഡ്സെറ്റ് പ്രവർത്തിപ്പിക്കുന്നത്. ഇത് ലോകത്തെ ആദ്യ സ്പേഷ്യൽ ഓപ്പറേറ്റിംഗ് സിസ്റ്റമാണെന്നാണ് ആപ്പിൾ അവകാശപ്പെടുന്നത്. ഇരട്ട ബിൽറ്റ്-ഇൻ സ്പീക്കറുകളാണു വിഷൻ പ്രോയിലുള്ളത്. ദൃശ്യാനുഭവത്തിനായി ഹെഡ്സെറ്റിന്റെ ഉൾഭാഗം ഇരുട്ടാക്കി. അൾട്രാ ഹൈ റെസല്യൂഷൻ ഡിസ്പ്ലേയാണ് ഡിവൈസിൽ ഉപയോഗിച്ചിരിക്കുന്നത്. ഇരു സ്ക്രീനുകളിലുമായി 23 ദശലക്ഷം പിക്സലുകളുണ്ട്.
പ്രകാശം കടക്കില്ല
കട്ടിയുള്ള ഒരു ബാൻഡ് ഉപയോഗിച്ചാണ് വിഷൻ പ്രോ സ്ക്രീൻ മുഖത്ത് ഉറപ്പിച്ചുനിർത്തുന്നത്. ഈ സ്ട്രാപ്പുകളുടെ വലിപ്പം ക്രമീകരിക്കാം. ലാമിനേറ്റഡ് ഗ്ലാസും ആപ്പിൾ വാച്ചിനു സമാനമായ ഡിജിറ്റൽ ക്രൗണുമുണ്ട്. ഈ ഡിജിറ്റൽ ക്രൗണുപയോഗിച്ച് ഉപയോക്താവിനെ വെർച്വൽ റിയാലിറ്റിയുടെ പുറംലോകത്തേക്കു നിമിഷങ്ങൾക്കുള്ളിൽ കൊണ്ടുവരാം. പുറമേനിന്നുള്ള പ്രകാശം പ്രവേശിക്കാതിരിക്കാനായി വിഷൻ പ്രോ ലീക് പ്രൂഫാക്കിയിട്ടുണ്ട്.
ആപ്പിളിന്റെ മറ്റ് പ്രഖ്യാപനങ്ങൾ
മാക് പ്രോ
എം 2 ചിപ്സെറ്റിലാണ് ആപ്പിൾ പുതിയ മാക് പ്രോ പുറത്തിറക്കുന്നത്. സ്റ്റെയ്ൻലെസ് സ്റ്റീൽ ഫ്രെയിമിലാണു രൂപകല്പന. 7,29,900 രൂപയിലാണു വില ആരംഭിക്കുന്നത്. അപ്ഡേറ്റ് ചെയ്ത മാക്ക് സ്റ്റുഡിയോയും ആപ്പിൾ പ്രഖ്യാപിച്ചിട്ടുണ്ട്.
15 ഇഞ്ച് മാക്ബുക്ക് എയർ
11.5 എംഎം കനമുള്ള ഈ ലാപ്ടോപ്പ് ലോകത്തിലെ ഏറ്റവും കനംകുറഞ്ഞ ലാപ്ടോപ്പാണെന്നാണ് ആപ്പിൾ അവകാശപ്പെടുന്നത്. 1.5 കിലോഗ്രാമാണ് ഭാരം. നാലു കളർ ഓപ്ഷനുകളിലെത്തുന്ന മാക്ബുക്ക് എയറിൽ 15.3 ലിക്വിഡ് റെറ്റിന ഡിസ്പ്ലേയാണുള്ളത്. 1.3 ലക്ഷം രൂപയാണു വില.
ജനറേറ്റീവ് എഐ
ആപ്പിളിന്റെ കീബോർഡ് ആപ്പിൽ ജനറേറ്റീവ് എഐ ഉൾപ്പെടുത്തി. തിരുത്തലുകൾ നിർദേശിക്കാൻ ആപ്പിൾ ഇപ്പോൾ ജനറേറ്റീവ് എഐ ഉപയോഗിക്കുന്നു.
ജേണൽ ആപ്പ്
പ്രത്യേക സന്ദർഭങ്ങൾ ഓർമയിൽ സൂക്ഷിക്കാനാണു ജേണൽ ആപ്പ്. സന്ദർശിച്ച സ്ഥലങ്ങൾ, കേട്ട സംഗീതം, എടുത്ത ഫോട്ടോകൾ എന്നിവ ആപ്പിൽ ഉൾപ്പെടുത്താം.
ഐഒഎസ് 17
നിലവിൽ ഡെവലപ്പർമാർക്ക് മാത്രമാണ് ഐഒഎസ് 17 ലഭ്യമാകുന്നത്. ഒക്ടോബറോടുകൂടി ഉപയോക്താക്കൾക്കു ഡൗണ്‍ലോഡ് ചെയ്യാനാകുമെന്നാണു കരുതുന്നു.