വിലയിടിക്കാൻ ശ്രമിച്ച് ടയർലോബികൾ
വിപണിവിശേഷം / കെ.ബി. ഉദയഭാനു
Monday, May 29, 2023 12:12 AM IST
കൊച്ചി: ടയർ ലോബി വിപണിയെ അമ്മാനമാടാൻ ശ്രമം നടത്തിയെങ്കിലും സ്റ്റോക്കിസ്റ്റുകളും കർഷകരും രംഗത്തുനിന്നും അകന്നത് വ്യവസായികളുടെ കണക്കുകൂട്ടൽ തെറ്റിച്ചു. നാളികേര കർഷകർ വൻ പ്രതിസന്ധിയിൽ, സർക്കാർ അനങ്ങാപ്പാറ നയത്തിൽ. വേനൽമഴയുടെ വരവ് ലേല കേന്ദ്രങ്ങളിലേയ്ക്കുള്ള ഏലക്ക വരവ് ഉയർത്തുമെന്ന നിഗമനത്തിൽ വാങ്ങലുകാർ പുതിയ തന്ത്രം മെനയുന്നു. കുരുമുളക് മികവ് നിലനിർത്തി. സ്വർണം പവന് 600 രൂപ ഇടിഞ്ഞു.
സംസ്ഥാനത്തെ വിപണികളിൽ റബർ ക്ഷാമം രൂക്ഷമായതിനിടയിലും വില ഇടിച്ച് കാർഷിക മേഖലയിൽ ഭീതി പരത്താൻ ടയർ ലോബി ശ്രമം നടത്തി. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ കനത്ത വേനലിന്റെ പിടിയിലകപ്പെട്ടത് ഒട്ടുമിക്ക റബർത്തോട്ടങ്ങളിലും വരൾച്ച രൂക്ഷമാക്കി. തെക്കു - പടിഞ്ഞാറൻ കാലവർഷം സജീവമാകാതെ തത്കാലം ടാപ്പിംഗ് പുനരാരംഭിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാനാകില്ലെന്ന് കാർഷിക മേഖല.
വരണ്ട കാലാവസ്ഥയും ഉയർന്ന പകൽ താപനിലയും ഉത്പാദകരെയും വ്യവസായികളെയും പിരിമുറുക്കത്തിലാക്കുന്നു. മുന്നിലുള്ള മൂന്നു - നാല് ആഴ്ച്ചകളിൽ പുതിയ ഷീറ്റ് വിൽപനയ്ക്കിറക്കാനുള്ള സാധ്യതകൾക്ക് മങ്ങലേറ്റു. വേനൽ മഴ ദുർബലമായതും, ചുഴലിക്കാറ്റിനുശേഷം കടലിൽ കാറ്റിന്റെ ദിശയിലുണ്ടായ വ്യതിയാനം മൂലം കേരളത്തിലേയ്ക്കുള്ള കാലവർഷത്തിന്റെ വരവ് മന്ദഗതിയിലാക്കാം. അതേസമയം ആൻഡമാൻ നിക്കോബാർ ദ്വീപ് സമൂഹങ്ങളിലേയ്ക്ക് മഴ മേഘങ്ങൾ എത്തിത്തുടങ്ങിയ വിവരം പ്രതീക്ഷ പകരുന്നു.
ടയർ കന്പനികൾ നാലാം ഗ്രേഡ് ഷീറ്റ് വില 16,100ൽ നിന്നും 15,800 ലേയ്ക്ക് ഇടിച്ച് ക്വട്ടേഷൻ ഇറക്കിയെങ്കിലും താഴ്ന്ന വിലയ്ക്കും വിൽപ്പനക്കാരില്ല. അഞ്ചാം ഗ്രേഡ് 14,900-15,600ൽ വ്യാപാരം നടന്നു. ചെറുകിട വ്യവസായികൾ ഒട്ടുപാൽ വില 9500ൽ നിന്ന് 9000 ലേയ്ക്ക് താഴ്ത്തി. അതേസമയം ലാറ്റക്സ് വില 11,200ൽ നിന്ന് 11,500 വരെ ഉയർന്ന് ഇടപാടുകൾ നടന്നു.
തമിഴ്നാട്ടിലെ തോട്ടങ്ങളിൽ നാളികേര വിളവെടുപ്പ് ഊർജിതമായതോടെ അവർ ഉയർന്ന അളവിൽ പച്ചത്തേങ്ങ വിൽപനയ്ക്കിറക്കി. തോട്ടങ്ങൾ മൊത്തമായി ചരക്കിറക്കുന്നതിനാൽ കൊപ്ര വിപണി സമ്മർദത്തിലാണ്. കാങ്കയത്ത് വാരാരംഭത്തിൽ 8,000 രൂപയിൽ വിപണനം നടന്ന കൊപ്ര ഇതിനകം 7,700 ലേയ്ക്ക് ഇടിഞ്ഞു, ഈ നിരക്കിലും ചരക്ക് സംഭരിക്കാൻ വൻകിട-ചെറുകിട കൊപ്രയാട്ട് വ്യവസായികൾ താത്പര്യം കാണിച്ചില്ല. ഉത്പാദന മേഖലകളിൽനിന്നുള്ള പച്ചത്തേങ്ങ പ്രവാഹം കണ്ട് മില്ലുകാർ വെളിച്ചെണ്ണ വില 10,950 രൂപ വരെ താഴ്ത്തി തിരക്കിട്ട് വിറ്റുമാറാൻ ശ്രമിച്ചു. ഇതിന്റെ ചുവടുപിടിച്ച് കൊച്ചിയിൽ എണ്ണ വില 200 രൂപ കുറഞ്ഞ് 12,600 രൂപയായി. കൊപ്ര 8,350ൽ നിന്ന് 8,050 രൂപയായി.
ആഭ്യന്തര വിദേശ മാർക്കറ്റിൽ ഏലം താരമായി തുടരുമ്പോഴും ലേല കേന്ദ്രങ്ങളിൽ ഉത്പന്നത്തെ ഇടപാടുകാർ ചവിട്ടിത്താഴ്ത്തുന്നു. വാരാന്ത്യം ശാന്തൻപാറയിൽ ശരാശരി ഇനങ്ങൾ കിലോ 973 ലേയ്ക്ക് ഇടിഞ്ഞു. ഇതിനിടയിൽ ഉത്പാദന മേഖലയുടെ പലഭാഗങ്ങളിലും ചെറിയ അളവിൽ മഴ അനുഭവപ്പെട്ടത് വരും ദിനങ്ങളിൽ സ്റ്റോക്കിസ്റ്റുകളെ വിപണിയിലേയ്ക്ക് തിരിയാൻ പ്രേരിപ്പിക്കുമെന്ന നിഗമനത്തിലാണ് വ്യവസായികൾ.
തുടർമഴ ലഭ്യമായാൽ ഏലച്ചെടികൾ പൂത്ത് തുടങ്ങുമെന്നതിനാൽ ജൂലൈ രണ്ടാം പകുതിയിൽ ചുരുക്കം ചില തോട്ടങ്ങളെങ്കിലും വിളവെടുപ്പിനു സജ്ജമാകുമെന്ന നിലപാടിലാണ് ഒരുവിഭാഗം വാങ്ങലുകാർ. എല്ലാ അടവുകളും പയറ്റി ഉത്പന്നത്തിന്റെ മുന്നേറ്റ സാധ്യത ഇല്ലാതാക്കാനാണ് വ്യവസായികൾ ശ്രമിക്കുന്നത്. അതേസമയം സീസൺ ഓഗസ്റ്റിലേയ്ക്ക് നീളുമെന്ന വിലയിരുത്തലുകളും ഉത്പാദന കേന്ദ്രങ്ങളിൽനിന്നും പുറത്തുവരുന്നുണ്ട്. വാരാന്ത്യം നടന്ന ലേലത്തിൽ മികച്ചയിനങ്ങൾ കിലോ 1,499 രൂപയിലാണ്.
അന്തർസംസ്ഥാന വ്യാപാരികൾ കുരുമുളകിൽ കാണിച്ച ഉത്സാഹത്തിനിടയിൽ കാർഷിക മേഖല ചരക്കുനീക്കത്തിൽ പ്രകടിപ്പിച്ച തണുപ്പൻ മനോഭാവം വിപണിക്ക് താങ്ങുപകർന്നു. കയറ്റുമതിക്കാർ മലബാർ മുളക് വില ടണ്ണിന് 6,350 ഡോളർ രേഖപ്പെടുത്തി. മറ്റ് ഉത്പാദന രാജ്യങ്ങൾ ഇന്ത്യൻ വിലയിലും ആകർഷകമായ ഓഫറുകളുമായി അന്താരാഷ്ട്ര മാർക്കറ്റിലുണ്ട്. വിയറ്റ്നാം ടണ്ണിന് 3,750 ഡോളറിനും, ഇന്തോനേഷ്യ 3,900 ഡോളറിനും, ശ്രീലങ്ക 5,200 ഡോളറിനും, ബ്രസീൽ 3,600 ഡോളറിനും കുരുമുളക് വില്പന നടത്തുന്നതിനാൽ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ഇന്ത്യൻ ചരക്ക് പൂർണമായി പിന്തള്ളിയ അവസ്ഥയിലാണ്. കൊച്ചിയിൽ ഗാർബിൾഡ് കുരുമുളകിന് 512 രൂപ.
കേരളത്തിൽ സ്വർണവില പവന് 600 രൂപ ഇടിഞ്ഞു. ആഭരണ വിപണികളിൽ പവൻ 45,040 ൽ നിന്നു 44,440 ലേയ്ക്ക് വാരാന്ത്യം തളർന്നു. ഒരു ഗ്രാമിന് വില 5555 രൂപ.