സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ അൾത്താരയ്ക്കു നേരേ ആക്രമണം
Sunday, February 9, 2025 3:22 AM IST
റോം: വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ പ്രധാന അൾത്താരയിൽ അതിക്രമിച്ചു കയറിയ ഒരാൾ നിരവധി നാശനഷ്ടങ്ങളുണ്ടാക്കി. റൊമേനിയൻ പൗരനാണ് പ്രതിയെന്ന് സംശയിക്കുന്നു. മാനസികാസ്വാസ്ഥ്യമുള്ള വ്യക്തിയാണെന്നും പോലീസ് ഇയാളെ അറസ്റ്റ് ചെയ്തെന്നും വത്തിക്കാൻ വക്താവ് അറിയിച്ചു.
ആയിരക്കണക്കിന് ഡോളർ മൂല്യമുള്ള, പത്തൊന്പതാം നൂറ്റാണ്ടിൽ നിർമിച്ച മെഴുകുതിരിക്കാലുകൾക്ക് കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. മാർപാപ്പ കാർമികത്വം വഹിക്കുന്ന പ്രധാന ചടങ്ങുകൾക്കെല്ലാം വേദിയാകുന്ന അൾത്താരയിലേക്ക് ഒരാൾ കയറുന്നതും അൾത്താരയിലെ വിരിപ്പ് വലിച്ചു താഴെയിടുന്നതുമായുള്ള വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
തക്കസമയത്ത് സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ട് ഇയാളെ തടയുകയായിരുന്നു. പ്രസിദ്ധ ഇറ്റാലിയൻ ശില്പി ബെർനിനി നിർമിച്ച കരിങ്കല്ല് കൊണ്ടുള്ള മേലാപ്പിന് കീഴെയാണ് അൾത്താര സ്ഥിതി ചെയ്യുന്നത്. ഈ അൾത്താരയ്ക്കു നേരേ സമാനമായ മറ്റൊരു ആക്രമണം 2019ൽ ഉണ്ടായിരുന്നു.