ഗാസ വെടിനിർത്തൽ കരാർ ഇസ്രയേലും ഹമാസും അംഗീകരിച്ചു
Thursday, January 16, 2025 2:45 AM IST
ദോഹ: ഗാസയിൽ 15 മാസത്തിനുശേഷം വെടിയൊച്ച നിലയ്ക്കുന്നു. ഖത്തറിന്റെ മധ്യസ്ഥതയിൽ നടന്ന വെടിനിർത്തൽ ധാരണ ഇസ്രയേലും ഹമാസും അംഗീകരിച്ചു.
കരാർ ഞായറാഴ്ച പ്രാബല്യത്തിൽ വരും. ആദ്യഘട്ടത്തിൽ 33 ബന്ദികളെഹമാസ് മോചിപ്പിക്കും. ഇതിനു പകരമായി നൂറിലേറെ പലസ്തീൻ തടവുകാരെ ഇസ്രയേലും മോചിപ്പിക്കും. രണ്ടാംഘട്ടത്തിൽ, അവശേഷിക്കുന്ന ബന്ദികളെ ഹമാസ് മോചിപ്പിക്കും.
ആദ്യഘട്ടത്തിലെ ധാരണകൾ നടപ്പാക്കി 16 ദിവസത്തിനുശേഷമായിരിക്കും രണ്ടാംഘട്ടത്തിലെ ധാരണകൾ തീരുമാനിക്കുകയെന്നാണു റിപ്പോർട്ട്. മൂന്നാംഘട്ടത്തിൽ ഗാസയുടെ പുനരുദ്ധാരണത്തിന് അന്താരാഷ്ട്ര സമൂഹത്തിന്റെ മേൽനോട്ടത്തിൽ മൂന്നു മുതൽ അഞ്ചു വർഷം വരെയുള്ള പദ്ധതി തയാറാക്കും.
കരാർപ്രകാരം ഗാസയിൽനിന്ന് ഇസ്രേലി സേന പൂർണമായും പിന്മാറും. ബന്ദിമോചനം സംബന്ധിച്ച് ധാരണയിലെത്തിയതായും ഹമാസിന്റെ കൈവശമുള്ള ബന്ദികളെ ഉടൻ മോചിപ്പിക്കുമെന്നും നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. വെടിനിർത്തൽ കരാർ സ്ഥിരീകരിക്കുന്ന ആദ്യ നേതാവാണ് ട്രംപ്.
അതേസമയം, വെടിനിർത്തൽ കരാറിനെ അനുകൂലിച്ചും എതിർത്തും ഇസ്രയേലിന്റെ വിവിധ ഭാഗങ്ങളിൽ പ്രകടനം നടന്നു. വെടിനിർത്തൽ വാർത്ത അറിഞ്ഞതോടെ പലസ്തീനികൾ ആഹ്ലാദാരവവുമായി ഗാസ മുനന്പിലെ നിരത്തുകളിൽ നിറഞ്ഞു.
വെടിനിർത്തലിൽ ധാരണയായതോടെ പലസ്തീനികൾക്ക് വടക്കൻഗാസയിലെ വീടുകളിലേക്കു പോകാനാകും. ഗാസയിലേക്ക് ദുരിതാശ്വാസവുമെത്തിക്കാനാകും. ഗാസയിലേക്കുള്ള ദുരിതാശ്വാസവസ്തുക്കളുമായി നൂറുകണക്കിന് ട്രക്കുകളാണ് ഊഴം കാത്ത് അതിർത്തികളിലുള്ളത്.