കൊറിയൻ പ്രസിഡന്റ് യൂൺ അറസ്റ്റിൽ
Thursday, January 16, 2025 1:07 AM IST
സീയൂൾ: ദക്ഷിണകൊറിയയിൽ അറസ്റ്റിലാവുന്ന ആദ്യ പ്രസിഡന്റെന്ന കുപ്രസിദ്ധി യൂൺ സുക് യോളിനുമേൽ പതിച്ചു. പട്ടാളനിയമം നടപ്പാക്കാൻ ശ്രമിച്ചതിനു ക്രിമിനൽ കേസ് നേരിടുന്ന അദ്ദേഹത്തെ ഇന്നലെ വൻ പോലീസ് സന്നാഹവുമായി എത്തിയ അഴിമതിവിരുദ്ധ ഓഫീസ് (സിഐഒ) ഉദ്യോഗസ്ഥൻ സീയൂളിലെ വസതിയിൽനിന്നു നാടകീയമായി കസ്റ്റഡിയിലെടുത്തു കൊണ്ടുപോയി.
വസതിയിൽനിന്ന് അഞ്ചു കിലോമീറ്റർ അകലെ സീയൂൾ ഡിറ്റൻഷൻ സെന്റർ തടവറയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നതെന്നു സൂചനയുണ്ട്. ചോദ്യംചെയ്യലിനോട് യൂൺ പ്രതികരിക്കുന്നില്ലെന്നാണു സിഐഒ ഉദ്യോഗസ്ഥർ അറിയിച്ചത്.
ഡിസംബർ മൂന്നിനു പട്ടാളനിയമം പ്രഖ്യാപിക്കാൻ ശ്രമിച്ച യൂണിനെ പാർലമെന്റ് ഇംപീച്ച് ചെയ്തിരുന്നു. സാങ്കേതികമായി ഇപ്പോഴും പ്രസിഡന്റ് പദവിയിൽ തുടരുന്ന അദ്ദേഹം പദവി ഒഴിയണമോ എന്നു തീരുമാനിക്കേണ്ടതു ഭരണഘടനാ കോടതിയാണ്. ഇംപീച്ച്മെന്റിനൊപ്പം സിഐഒ എടുത്ത രാജ്യദ്രോഹക്കേസിലാണ് ഇപ്പോഴത്തെ അറസ്റ്റ്.
മതിലു ചാടി പോലീസ്
ചോദ്യംചെയ്യലിനു ഹാജരാകാനുള്ള നിർദേശം യൂൺ തുടർച്ചയായി നിരസിച്ചിരുന്നു. സിഐഒ ഉദ്യോഗസ്ഥർ മൂന്നാം തീയതി അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചെങ്കിലും പ്രസിഡന്റിന്റെ സുരക്ഷാച്ചുമതലയുള്ള ഉദ്യോഗസ്ഥർ തടഞ്ഞു.
ഇന്നലെ പുലർച്ചെ മൂവായിരത്തിലധികം പോലീസുകാരുമായാണ് സിഐഒ ഉദ്യോഗസ്ഥൻ സെൻട്രൽ സീയൂളിലെ യൂണിന്റെ വസതിയിലെത്തിയത്. പ്രസിഡൻഷൽ ഗാർഡുകൾ തീർത്ത പ്രതിബന്ധങ്ങൾ നേരിടാനായി ഏണികളും കട്ടറുകളും സംഘം കരുതിയിരുന്നു. റോഡിൽ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ മറികടന്ന പോലീസ് മതിലിൽ കയറി മുള്ളുവേലി മുറിച്ചാണ് അകത്തു കടന്നത്.
രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ സഹകരിച്ചു
തനിക്കെതിരേയുള്ള വാറന്റിനു നിയമസാധുത ഇല്ലെന്നും എന്നാൽ അന്വേഷണസംഘവുമായി സഹകരിക്കുമെന്നും അറസ്റ്റിനു തൊട്ടു മുന്പ് പുറത്തിറക്കിയ വീഡിയോയിൽ യൂൺ അറിയിച്ചു. സിഐഒയുടെ അന്വേഷണം നിയമവിരുദ്ധമാണെങ്കിലും രക്തച്ചൊരിച്ചിൽ ഒഴിവാക്കാനാണു സഹകരിക്കുന്നതെന്നും കൂട്ടിച്ചേർത്തു.
യൂണിന്റെ അനുയായികൾ അറസ്റ്റിനെതിരേ പ്രതിഷേധിച്ചു. യൂണിനെ എതിർക്കുന്നവർ ആഹ്ലാദപ്രകടനങ്ങൾ നടത്തി.
കസ്റ്റഡി 48 മണിക്കൂർ
യൂണിനെ 48 മണിക്കൂർ കസ്റ്റഡിയിൽ വയ്ക്കാനാണു കോടതി അനുമതി നല്കിയിരിക്കുന്നത്. ഇതവസാനിക്കുന്പോൾ അദ്ദേഹത്തെ വിട്ടയയ്ക്കേണ്ടിവരും. ഇതിനിടെ, ഇംപീച്ച്മെന്റ് സാധുത പരിഗണിക്കുന്ന ഭരണഘടനാ കോടതിയിൽ വിചാരണ ആരംഭിച്ചിട്ടുണ്ട്.