അമേരിക്കയിൽ പുതുവത്സര ആഘോഷത്തിനിടെ ഭീകരാക്രമണം
Thursday, January 2, 2025 12:00 AM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ ന്യൂ ഓർലിയൻസ് നഗരത്തിൽ പുതുവത്സരാഘോഷത്തിനിടെയുണ്ടായ ഭീകരാക്രമണത്തിൽ പത്തു പേർ കൊല്ലപ്പെടുകയും 35 പേർക്കു പരിക്കേൽക്കുകയും ചെയ്തു. അക്രമി ജനക്കൂട്ടത്തിലേക്ക് അതിവേഗത്തിൽ പിക്കപ് വാൻ ഒാടിച്ചുകയറ്റുകയും തുടർന്ന് പുറത്തിറങ്ങി വെടിയുതിർക്കുകയുമായിരുന്നു.
നഗരത്തിലെ ടൂറിസ്റ്റ് കേന്ദ്രമായ ബർബൻ സ്ട്രീറ്റിൽ ബുധനാഴ്ച പുലർച്ചെ മൂന്നേകാലിനായിരുന്നു സംഭവം. അക്രമി ജനക്കൂട്ടത്തിലേക്കു മനഃപൂർവം കാറോടിച്ചുകയറ്റുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.
പരമാവധിപ്പേരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു ഉദ്ദേശ്യം. അക്രമിയുടെ വെടിയേറ്റ് രണ്ടു പോലീസുകാർക്കു പരിക്കേറ്റു. പോലീസുകാർ തിരിച്ചും വെടിവച്ചു. അക്രമി മരിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
അക്രമിയെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. അക്രമിക്ക് വിദേശ തീവ്രവാദസംഘടനകളുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കുന്നതായി റിപ്പോർട്ടുണ്ട്.
ഫെഡറൽ ഏജൻസിയായ എഫ്ബിഐക്ക് അന്വേഷണച്ചുമതല കൈമാറിയതായി പോലീസ് പറഞ്ഞു. ഭീകരാക്രമണം ആയി പരിഗണിച്ചാണ് അന്വേഷണം നടത്തുന്നതെന്ന് എഫ്ബിഐ അറിയിച്ചു. ന്യൂ ഓർലിയൻസ് മേയർ ലാറ്റോയ കാൻട്രെലും ഭീകരാക്രമണം ആണു നടന്നതെന്ന് അറിയിച്ചു.
സംഭവസ്ഥലത്തുനിന്നു സ്ഫോടകവസ്തു കണ്ടെത്തിയതായി എഫ്ബിഐ അറിയിച്ചു. സംഭവസമയത്ത് മേഖലയിൽ മുന്നൂറോളം പോലീസുകാരുണ്ടായിരുന്നു.