യുഎസിൽ നാലംഗ ഇന്ത്യൻ കുടുംബം മരിച്ച നിലയിൽ
Saturday, October 7, 2023 12:53 AM IST
ട്രെന്റൺ: അമേരിക്കയിൽ നാലംഗ ഇന്ത്യൻ കുടുംബം മരിച്ചനിലയിൽ. സോഫ്റ്റ്വേർ എൻജിനിയർ തേജ് പ്രതാപ് സിംഗ് (43), ഭാര്യ സൊനാൽ പരിഹാർ (42), മകൻ ആയുഷ് (10), മകൾ ആരി (ആറ്) എന്നിവരുടെ മൃതദേഹങ്ങൾ ന്യൂജഴ്സി സംസ്ഥാനത്തെ പ്ലെയിൻസ്ബറോ പട്ടണത്തിലെ ഭവനത്തിൽ ബുധനാഴ്ച കണ്ടെത്തുകയായിരുന്നു.
തേജ് പ്രതാപും സൊനാലും ഐടി മേഖലയിലാണു ജോലി ചെയ്തിരുന്നതെന്നു റിപ്പോർട്ടുകളിൽ പറയുന്നു.
ഒരു ബന്ധുവിന്റെ ആവശ്യപ്രകാരം പോലീസ് വീട്ടിലെത്തി അന്വേഷണം നടത്തിയപ്പോഴാണു മൃതദേഹങ്ങൾ കണ്ടെത്തിയത്. കുടുംബത്തെ കൊലപ്പെടുത്തിയ ശേഷമുള്ള അത്മഹത്യാ സാധ്യതയാണ് പോലീസ് അന്വേഷിക്കുന്നതെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. നരഹത്യക്കു കേസ് എടുത്തതായി പോലീസ് പിന്നീട് അറിയിച്ചു.
സന്തോഷത്തോടെ കഴിഞ്ഞിരുന്ന കുടുംബമാണിതെന്ന് അയൽക്കാർ പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ അടക്കം അന്വേഷണത്തിനു സഹായകരമായ വിവരങ്ങളുണ്ടെങ്കിൽ കൈമാറണമെന്നു പോലീസ് പ്രദേശവാസികളോട് അഭ്യർഥിച്ചു.
ഉത്തർപ്രദേശ് സ്വദേശിയായ തേജ് പ്രതാപ് സിംഗ് 2009ലാണ് ഭാര്യയ്ക്കൊപ്പം അമേരിക്കയിലേക്കു കുടിയേറിയത്.