ലോക്സഭാ മണ്ഡല പുനർവിഭജനം; 25 വർഷത്തേക്ക് നടപ്പാക്കരുത്
Sunday, March 23, 2025 2:42 AM IST
ചെന്നൈ: ജനസംഖ്യാടിസ്ഥാനത്തിൽ ലോക്സഭാ മണ്ഡലങ്ങൾ പുനർവിഭജിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിൽ രാഷ്ട്രീയവും നിയമപരവുമായ തുടർനടപടികൾക്കു നീക്കവുമായി തമിഴ്നാടും കേരളവും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വിളിച്ചുചേർത്ത പ്രതിഷേധയോഗത്തിൽ കേന്ദ്രത്തിനെതിരേ രൂക്ഷപ്രതികരണമാണ് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയത്.
ജനസംഖ്യയുടെ അടിസ്ഥാനത്തിൽ മണ്ഡലങ്ങൾ പുനഃക്രമീകരിക്കാനുള്ള തീരുമാനം ജനസംഖ്യാ നിയന്ത്രണം വിജയകരമായി പിന്തുടരുന്ന സംസ്ഥാനങ്ങൾക്കു കടുത്ത ഭീഷണിയാണ്. ഈ സംസ്ഥാനങ്ങള്‍ക്കു മുകളില്‍ ഡെമോക്ലീസിന്റെ വാൾപോലെയാണു പ്രഖ്യാപനമെന്നു പിണറായി വിജയൻ ചൂണ്ടിക്കാട്ടി.
25 വർഷത്തേക്കുകൂടി പുനർവിഭജനം മരവിപ്പിക്കണമെന്ന പ്രമേയം ജോയിന്റ് ആക്ഷന്‍ കമ്മിറ്റി ഓഫ് ഫെയര്‍ ഡി ലിമിറ്റേഷന്‍ (ജെഎസി) എന്ന പേരിൽ രൂപീകരിച്ച സമിതി പാസാക്കി. കേന്ദ്രതീരുമാനത്തിനെതിരേ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് സംയുക്ത നിവേദനം സമര്‍പ്പിക്കും. രാഷ്ട്രീയവും നിയമപരവുമായ മാർഗങ്ങളിലൂടെ തീരുമാനത്തെ പ്രതിരോധിക്കും. ഇതിനായി വിദഗ്ധസമിതി രൂപീകരിക്കാനും നേതാക്കൾ തീരുമാനിച്ചു.
1971ലെ സെന്‍സസിന്റെ അടിസ്ഥാനത്തില്‍ മണ്ഡല പുനര്‍വിഭജനം മരവിപ്പിച്ച തീരുമാനം 25 വര്‍ഷത്തേക്കുകൂടി ദീര്‍ഘിപ്പിക്കണമെന്ന് ജെഎസി പാസാക്കിയ സംയുക്ത പ്രമേയത്തില്‍ പറയുന്നതായി ഡിഎംകെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് കനിമൊഴി വിശദീകരിച്ചു.
ജനസംഖ്യ മാത്രമാണു മണ്ഡല പുനർനിർണയത്തിൽ പരിഗണിക്കുന്നതെങ്കിൽ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം വലിയ തോതിൽ കുറയുമെന്ന് യോഗത്തിൽ സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഫെഡറലിസം എന്നത് കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന പ്രത്യേക അവകാശമല്ല. സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മണിപ്പുര്‍ പ്രശ്നം എടുത്തുപറഞ്ഞായിരുന്നു തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ പ്രസംഗം. മതിയായ രാഷ്ട്രീയശക്തിയില്ലാത്തതിനാൽ മണിപ്പുരിൽ കേന്ദ്രം നിഷ്ക്രിയ സമീപനം തുടർന്നു. ഇതാണ് രണ്ടുവർഷമായി കലാപം തുടരാൻ കാരണം. മണ്ഡല പുനര്‍വിഭജനത്തിന് എതിരല്ലെന്നും നീതിപൂർവം അതു നടപ്പാക്കണമെന്ന് ആവശ്യപ്പെടുക മാത്രമാണ് ചെയ്യുന്നതെന്നും സ്റ്റാലിൻ പറഞ്ഞു.
പുനര്‍നിര്‍ണയ പ്രശ്നത്തില്‍ സ്റ്റാലിനെ അനുകൂലിക്കുകയാണെങ്കിലും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് ചെന്നൈ യോഗത്തില്‍ പങ്കെടുത്തില്ല.
കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, മുന്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്, ഒഡീഷ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭക്തചരണ്‍ ദാസ്, ബിജു ജനതാദള്‍ നേതാവ് സഞ്ജയ് കുമാര്‍ ദാസ് ബര്‍മ തുടങ്ങിയവ നേതാക്കളുടെ സാന്നിധ്യം യോഗത്തിലുണ്ടായിരുന്നു.