മെല്‍ബണില്‍ അലുമ്നി ചാപ്റ്ററുമായി ക്രൈസ്റ്റ് യൂണിവേഴ്സിറ്റി
Saturday, March 22, 2025 1:38 AM IST
ബംഗളൂരു: ഓസ്ട്രേലിയയിലെ മെല്‍ബണില്‍ അലുമ്നി ഫൗണ്ടേഷന് ചാപ്റ്റര്‍ ആരംഭിക്കാന്‍ ക്രൈസ്റ്റ് യൂണിവേഴ്സിറ്റി. ഏപ്രില്‍ 12നാണ് ചാപ്റ്ററിന്റെ ഉദ്ഘാടനം.
ആഗോളതലത്തില്‍ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയുടെ പ്രവര്‍ത്തനവും പ്രാധാന്യവും കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അലുമ്നി ശൃംഖല കൂടുതല്‍ വിദേശരാജ്യങ്ങളിലേക്കു വ്യാപിപ്പിക്കുന്നത്.
ഉദ്ഘാടന ചടങ്ങില്‍ ക്രൈസ്റ്റ് യൂണിവേഴ്സിറ്റി അക്കാഡമിക് രജിസ്ട്രാര്‍ ഡോ. ജോണി ജോസഫ് മുഖ്യപ്രഭാഷണം നടത്തും. സിഡ്നി, അഡ്ലയ്ഡ്, കാന്‍ബെറ, ബ്രിസ്ബേന്‍, പെര്‍ത്ത് എന്നിവയുള്‍പ്പെടെ ഓസ്ട്രേലിയയില്‍ ഉടനീളമുള്ള ക്രൈസ്റ്റിന്റെ പൂര്‍വവിദ്യാര്‍ഥികള്‍ തമ്മിലുള്ള ഐക്യവും ബന്ധവും ഊട്ടിയുറപ്പിക്കാന്‍ മെല്‍ബണ്‍ ചാപ്റ്റര്‍ വഴിതെളിക്കും.
ഇന്ത്യയിലും അന്തര്‍ദേശീയ തലത്തിലും ചാപ്റ്ററുകള്‍ ആരംഭിച്ച് ആഗോളതലത്തില്‍ അലുമ്നി ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി 2024 നവംബര്‍ ഒന്‍പതിന് ന്യൂയോര്‍ക്കില്‍ നോര്‍ത്ത് അമേരിക്ക അലുമ്നി ഫൗണ്ടേഷന് ചാപ്റ്ററും ഇക്കഴിഞ്ഞ ഫെബ്രുവരി 16ന് ദുബായില്‍ മിഡില്‍ ഈസ്റ്റ് അലുമ്നി ഫൗണ്ടേഷന് ചാപ്റ്ററും ആരംഭിച്ചിരുന്നു.
ഓസ്ട്രേലിയയിലെ പൂര്വവിദ്യാര്ഥികള്ക്കിടയില് തുടര്‍ പഠനത്തിനും തൊഴില്‍ വികസനത്തിനും കൂടുതല്‍ പരസ്പര സഹകരണങ്ങള്‍ക്കുമുള്ള വേദി സൃഷ്ടിക്കുകയാണ് ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയുടെ ലക്ഷ്യം. കൂടുതല്‍ വിവരങ്ങള്‍ക്ക്: alumni.australia@ christuniversity.in