മയക്കുമരുന്നുകൾ രാജ്യത്തിനകത്തേക്കും പുറത്തേക്കും കടത്തിവിടില്ല: അമിത് ഷാ
Saturday, March 22, 2025 1:38 AM IST
ന്യൂഡൽഹി: മയക്കുമരുന്നുകൾ രാജ്യത്തിനകത്തേക്കും പുറത്തേക്കും കടത്തിവിടില്ലെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 14,000 കോടി രൂപ വിലവരുന്ന രാസലഹരി മരുന്നുകൾ നശിപ്പിച്ചെന്നും മയക്കുമരുന്നിലൂടെ സന്പാദിക്കുന്ന പണം ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയാണെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. രാജ്യസഭയിൽ ആഭ്യന്തരമന്ത്രാലയത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് മറുപടി നൽകവെയായിരുന്നു അമിത് ഷായുടെ പ്രസ്താവന.
മോദിസർക്കാരിന്റെ കാലത്ത് 1.25 ലക്ഷം കോടിയുടെ മയക്കുമരുന്നുകൾ പിടികൂടിയെന്നു വ്യക്തമാക്കിയ അമിത് ഷാ ലഹരിക്കെതിരേയുള്ള പോരാട്ടത്തിൽ ആരെയും വെറുതെ വിടില്ലെന്നും സഭയിൽ പറഞ്ഞു.
പ്രസംഗത്തിൽ ഡിഎംകെയെ കടന്നാക്രമിച്ച അദ്ദേഹം തമിഴ്നാട് സർക്കാർ ഭാഷയുടെ പേരിൽ വിഷം പടർത്തുകയാണെന്ന് ആരോപിച്ചു. സർക്കാരിന്റെ അഴിമതി മറയ്ക്കാനാണു ഹിന്ദി അടിച്ചേൽപ്പിക്കുന്നുവെന്ന വിവാദമുണ്ടാക്കുന്നത്.
രാജ്യത്ത് ഇപ്പോൾത്തന്നെ ഭാഷയുടെ പേരിൽ വിഭാഗീയതയുണ്ട്. ഇനിയുമിത് സംഭവിക്കാൻ പാടില്ല. കേന്ദ്രം ഒരു ഭാഷയ്ക്കുമെതിരല്ല. ഭാഷയുടെ പേരിൽ രാഷ്ട്രീയം കളിക്കുന്നവർക്ക് അവരുടെ അജൻഡയുണ്ടെന്നും മന്ത്രി തുറന്നടിച്ചു.
ത്രിഭാഷാ ഫോർമുലയുടെ വ്യവസ്ഥകൾ വിവാദമായി നിലനിൽക്കെ ഡിസംബർ മുതൽ മുഖ്യമന്ത്രിമാർക്കും മന്ത്രിമാർക്കും എംപിമാർക്കും പൗരന്മാർക്കും അവരുടെതന്നെ മാതൃഭാഷയിലായിരിക്കും ആഭ്യന്തര മന്ത്രാലയത്തിൽനിന്നുള്ള കത്തുകൾ അയയ്ക്കുകയെന്ന് അമിത് ഷാ പ്രഖ്യാപിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ തീവ്രവാദത്തെയും മാവോയിസത്തെയും ഇല്ലാതാക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഛത്തീസ്ഗഡിൽ ബിജെപി സർക്കാർ അധികാരമേറ്റതിനുശേഷം ഒരു വർഷത്തിനിടെ 380 നക്സലുകൾ കൊല്ലപ്പെട്ടിട്ടുണ്ട്. 2026 മാർച്ച് 31നുള്ളിൽ രാജ്യത്തുനിന്ന് മാവോയിസത്തെ തുടച്ചുനീക്കുമെന്നും ആഭ്യന്തരമന്ത്രി പ്രഖ്യാപിച്ചു.