32 മാസത്തിനിടെ പ്രധാനമന്ത്രി നടത്തിയത് 38 വിദേശയാത്രകൾ
Saturday, March 22, 2025 1:38 AM IST
ന്യൂഡൽഹി: 2022 മേയ് മുതൽ 2024 ഡിസംബർ വരെയുള്ള 32 മാസത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത് 38 വിദേശയാത്രകൾ.
ഇക്കാലയളവിൽ പ്രധാനമന്ത്രിയുടെ വിദേശ സന്ദർശനത്തിനായുള്ള ഒരുക്കങ്ങൾക്കായി ഏകദേശം 258 കോടിയിലധികം രൂപയാണ് ഇന്ത്യൻ എംബസികൾക്കു ചെലവായിട്ടുള്ളതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം രാജ്യസഭയിൽ അറിയിച്ചു.
പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ചുള്ള താമസസൗകര്യങ്ങളുടെ ക്രമീകരണം, വേദിയുടെ ചാർജ്, സുരക്ഷാ-വാഹന ക്രമീകരണങ്ങൾ, മറ്റ് അനുബന്ധ ചെലവുകൾ എന്നിവയുടെ ആകെത്തുകയാണ് കേന്ദ്രം സമർപ്പിച്ച കണക്കുകളിലുള്ളത്. രാജ്യസഭാ പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖാർഗെയുടെ ചോദ്യത്തിനാണ് കേന്ദ്രം വിവരങ്ങൾ ലഭ്യമാക്കിയത്.
വിദേശ സന്ദർശനത്തോടനുബന്ധിച്ചുള്ള ക്രമീകരണങ്ങളിൽ ഏറ്റവും കൂടുതല്‍ ചെലവായത് പ്രധാനമന്ത്രി ജൂണ്‍ 2023ൽ നടത്തിയ അമേരിക്കൻ സന്ദർശനമാണ്; ഒരുക്കങ്ങൾക്കുവേണ്ടി 22 കോടിയിലധികം രൂപയാണ് ചെലവായത്.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ മോദി നടത്തിയ അമേരിക്കൻ സന്ദർശനത്തിനുവേണ്ടി 15 കോടിയിലധികം രൂപ ചെലവായിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. 2023ൽ 11 വിദേശയാത്രകൾ നടത്തിയ മോദി കഴിഞ്ഞ വർഷം മാത്രം 16 രാജ്യങ്ങൾ സന്ദർശിച്ചു.
ഏറ്റവും കൂടുതൽ വിദേശയാത്രകൾ നടത്തിയ പ്രധാനമന്ത്രിയാണു നരേന്ദ്ര മോദി. പ്രധാനമന്ത്രിയായ 2014നുശേഷം 73 രാജ്യങ്ങളിലായി 87 വിദേശയാത്രകളാണ് മോദി ഇതുവരെ നടത്തിയത്.