ദേശീയഗാനത്തിനിടെ നിതീഷിന്റെ ‘കലാപരിപാടി’; നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം
Saturday, March 22, 2025 1:38 AM IST
പാറ്റ്ന: പൊതുപരിപാടിക്കിടെ ദേശീയഗാനത്തെ അവഹേളിച്ചെന്നാരോപിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരേ പ്രതിഷേധം. പാറ്റ്നയില്‍ നടക്കുന്ന സെപക് താക്രോ (കിക്ക് വോളിബോള്‍) ലോകകപ്പ് മത്സരത്തിന്റെ ഉദ്ഘാടനച്ചടങ്ങിനിടെയായിരുന്നു സംഭവം.
ദേശീയഗാനം ആലപിക്കുന്നതിനായുള്ള അറിയിപ്പ് ഉണ്ടായതിനു പിന്നാലെ നിതീഷ് കുമാർ വേദിയിൽനിന്ന് ഇറങ്ങി ആളുകളോടു സംസാരിക്കുകയും ചിരിക്കുകയും ചെയ്തു. ദേശീയഗാനം തുടങ്ങിയപ്പോൾ അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് ആളുകളെ കൈവീശി കാണിച്ചെന്നും പറയുന്നു.
സംഭവത്തിൽ പ്രധാന പ്രതിപക്ഷ കക്ഷിയായ ആർജെഡി പ്രതിഷേധിച്ചു. നിയമസഭയിൽ പ്ലക്കാർഡുകളും ത്രിവർണ പതാകയുമായി എത്തിയാണ് എംഎൽഎമാർ പ്രതിഷേധിച്ചത്.
അടിയന്തരപ്രമേയം ഉടൻ ചർച്ചയ്ക്കെടുക്കണമെന്നു പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് ആവശ്യപ്പെട്ടെങ്കിലും സ്പീക്കർ അനുവദിച്ചില്ല. ശൂന്യവേളയിൽ വിഷയം ചർച്ച ചെയ്യാമെന്ന് സ്പീക്കർ നന്ദ് കിഷോർ യാദവ് പറഞ്ഞു. ഇതോടെ പ്രതിപക്ഷ എംഎൽഎമാർ മുദ്രാവാക്യം വിളിച്ച് സഭയുടെ നടുത്തളത്തിലിറങ്ങി. മുഖ്യമന്ത്രി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം തുടർന്നതോടെ സ്പീക്കർ ഉച്ചയ്ക്ക് രണ്ടു വരെ നടപടികൾ നിർത്തിവച്ചു.
നിയമസഭാ കൗൺസിലിൽ, പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ റാബ്റി ദേവിയാണ് പ്രതിഷേധങ്ങൾക്കു നേതൃത്വം നൽകിയത്. നിതീഷ് കുമാറിന് ഭ്രാന്ത് പിടിച്ചിരിക്കുന്നു. അദ്ദേഹം തന്റെ സ്ഥാനം ഉപേക്ഷിച്ച്, മകന് ഭരണം കൈമാറുന്നതാണു നല്ലതെന്ന് അവർ പറഞ്ഞു.