പ്രവർത്തനരഹിതമായ നന്പറുകളിൽ യുപിഐ സേവനങ്ങൾ ലഭിക്കില്ല
Saturday, March 22, 2025 1:38 AM IST
ന്യൂഡൽഹി: റീചാർജ് ചെയ്യാത്തതിനാൽ സജീവമല്ലാത്ത മൊബൈൽ നന്പറുമായി ബന്ധിപ്പിച്ച യുപിഐ ഐഡികൾ ഏപ്രിൽ ഒന്നുമുതൽ ഉപയോഗിക്കാനാകില്ലെന്ന് നാഷണൽ പേമെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ). തട്ടിപ്പും അനധികൃത ഇടപാടുകളും തടയുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നടപടിയുമായി എൻപിസിഐ രംഗത്തുവന്നിരിക്കുന്നത്.
റീചാർജ് ചെയ്തു നന്പർ സജ്ജീവമാക്കിയാൽ സേവനം തുടരും. ഉപയോക്താക്കൾ അവരുടെ നന്പറുകൾ മാറ്റിയാലും സജീവമായി ഉപയോഗിക്കാതിരുന്നാലും യുപിഐ അക്കൗണ്ടുകൾ പലപ്പോഴും സജീവമായി തുടരാറുണ്ട്.
ഇത് ദുരുപയോഗത്തിനു കാരണമാകുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണു നടപടി. നന്പർ റദ്ദാക്കി മറ്റൊരാൾക്കു നന്പർ നൽകിയാലും യുപിഐ ഐഡി നിലനിൽക്കും. ഇതു തട്ടിപ്പുകാർക്ക് സാന്പത്തിക ഇടപാട് നടത്താൻ ഉപകരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
അതിനാലാണ് ഗൂഗിൾ പേ, ഫോണ് പേ, പേടിഎം പോലുള്ള പേമെന്റ് ആപ്പുകളോടും ബാങ്കുകളോടും യുപിഐ സിസ്റ്റത്തിൽനിന്നു സജീവമല്ലാത്ത നന്പറുകൾ നീക്കം ചെയ്യാൻ എൻപിസിഐ നിർദേശിച്ചത്. സേവനങ്ങൾ അവസാനിപ്പിക്കുന്നതിനു മുന്നോടിയായി ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകും. ഇതിനു പ്രതികരണമില്ലെങ്കിൽ മാത്രമേ പ്രസ്തുത ഫോണ്നന്പർ യുപിഐ ലിസ്റ്റിൽനിന്ന് നീക്കം ചെയ്യുകയുള്ളൂ.
ബാധിക്കുന്നതാരെ?
പഴയ മൊബൈൽ നന്പർ ഒഴിവാക്കി പുതിയ നന്പറിലേക്കു മാറിയവരെ പുതിയ തീരുമാനം ബാധിച്ചേക്കാം. സജീവമല്ലാതിരിക്കുന്ന പഴയ നന്പറിലാണ് യുപിഐ അക്കൗണ്ടുകൾ ബന്ധിപ്പിച്ചിട്ടുള്ളതെങ്കിൽ ഏപ്രിൽ ഒന്നുമുതൽ അവ ലഭ്യമാകില്ല.