അലാഹാബാദ് ഹൈക്കോടതി ജഡ്ജിയുടെ വിവാദ ഉത്തരവിനെതിരേ പ്രതിഷേധം
Saturday, March 22, 2025 1:38 AM IST
ന്യൂഡൽഹി: സ്ത്രീയുടെ മാറിടത്തിൽ പിടിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കുന്നതും ബലാത്സംഗമല്ലെന്നും വസ്ത്രം അഴിക്കണമെന്ന ഉദ്ദേശ്യത്തോടെയുള്ള കുറ്റകൃത്യത്തിന്റെ പരിധിയിലേ ഇതു വരികയുള്ളൂവെന്നുമുള്ള അലാഹാബാദ് ഹൈക്കോടതി ജഡ്ജിയുടെ വിവാദ ഉത്തരവിനെതിരേ വൻ പ്രതിഷേധം.
ജസ്റ്റീസ് രാം മനോഹർ നാരായണ്‍ മിശ്ര പുറപ്പെടുവിച്ച ഉത്തരവിനെ കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രി അന്നപൂർണ ദേവി അപലപിച്ചു. ഉത്തരവ് സുപ്രീംകോടതി പുനഃപരിശോധിക്കണം. ഇത്തരം ഉത്തരവുകൾ സമൂഹത്തിൽ തെറ്റായ സന്ദേശമാണു നൽകുന്നതെന്നും കേന്ദ്രമന്ത്രി ആരോപിച്ചു.
ബലാത്സംഗക്കുറ്റത്തിന് സമൻസ് അയച്ച കീഴ്ക്കോടതി തീരുമാനത്തെ ചോദ്യം ചെയ്തു പ്രതികൾ സമർപ്പിച്ച ഹർജിക്ക് അനുകൂലമായി വിധി പ്രസ്താവിച്ചുകൊണ്ടായിരുന്നു ജസ്റ്റീസ് മിശ്ര വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്.
ഒരു കുറ്റകൃത്യത്തിനുള്ള തയാറെടുപ്പും ഒരു കുറ്റകൃത്യം ചെയ്യാനുള്ള യഥാർഥ ശ്രമവും തമ്മിൽ വ്യത്യാസമുണ്ടെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. അക്രമത്തിനിരയായ ഒരാൾ 18 വയസിൽ താഴെയുള്ള പെണ്‍കുട്ടിയാണ്.
അതിനാൽ പോക്സോ നിയമപ്രകാരമുള്ള കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ, ഇതൊന്നും പരിഗണിക്കാതെ നടത്തിയ ഉത്തരവിനെതിരേ സുപ്രീംകോടതി അഭിഭാഷകരടക്കം നിരവധിപേർ രംഗത്തു വന്നു.
ഇത്തരമൊരു വിധിന്യായത്തിനു പിന്നിലെ യുക്തി മനസിലാകുന്നില്ലെന്നും വിഷയത്തിൽ സുപ്രീംകോടതിയുടെ അടിയന്തര ഇടപെടൽ ആവശ്യമാണെന്നും ആം ആദ്മി പാർട്ടി രാജ്യസഭാംഗം സ്വാതി മലിവാൾ ആവശ്യപ്പെട്ടു. വിഷയത്തിൽ സുപ്രീംകോടതി സ്വമേധയാ നടപടി സ്വീകരിക്കണമെന്ന് സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിംഗ് വ്യക്തമാക്കി.