കർണാടക ബിജെപിയിൽ കലാപം: മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവഡി ബിജെപി വിട്ടു
Thursday, April 13, 2023 12:59 AM IST
ബംഗളൂരു: സ്ഥാനാർഥിനിർണയത്തെച്ചൊല്ലി കർണാടക ബിജെപിയിൽ വൻ കലാപം. സീറ്റ് നിഷേധിക്കപ്പെട്ട മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവഡി ബിജെപി വിട്ടു. എംഎൽസി സ്ഥാനവും രാജിവച്ചു. ഇദ്ദേഹം കോൺഗ്രസിൽ ചേരും. അംഗാര, ആനന്ദ് സിംഗ് എന്നീ മന്ത്രിമാരുൾപ്പെടെ ഒന്പതു സിറ്റിംഗ് എംഎൽഎമാർക്കാണു ബിജെപി സീറ്റ് നിഷേധിച്ചത്. സീറ്റ് ലഭിക്കാത്തവരുടെ അനുയായികൾ ഇന്നലെ പ്രതിഷേധവുമായി തെരുവിലിറങ്ങി.
അത്താണി മണ്ഡലത്തിൽനിന്നു മൂന്നു തവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ലക്ഷ്മൺ സാവഡി (63) നിലവിൽ എംഎൽസിയാണ്. സിറ്റിംഗ് എംഎൽഎ മഹേഷ് കുമത്തള്ളിക്കാണ് അത്താണി മണ്ഡലം നല്കിയത്. 2020ൽ കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ നേതാവാണ് മഹേഷ്. വിമതനീക്കത്തിനു നേതൃത്വം നല്കിയ രമേഷ് ജാർക്കിഹോളിയുടെ അടുപ്പക്കാരനാണു മഹേഷ്. 2018ൽ ലക്ഷ്മൺ സാവഡിയെ അത്താണിയിൽ ഇദ്ദേഹം പരാജയപ്പെടുത്തിയിരുന്നു.
ഇന്നു ശക്തമായ തീരുമാനമെടുക്കുമെന്നാണു സാവഡി അറിയിച്ചിട്ടുള്ളത്. ഇദ്ദേഹം കോൺഗ്രസ് നേതൃത്വവുമായി ചർച്ച നടത്തിക്കഴിഞ്ഞു. തിടുക്കത്തിൽ തീരുമാനമെടുക്കരുതെന്നു മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയും സാവഡിയെ ഉപദേശിച്ചു.
വടക്കൻ കർണാടകയിലെ പ്രമുഖ ലിംഗായത്ത് നേതാവായ സാവഡിയുടെ ജനപിന്തുണ മുതൽക്കൂട്ടാകുമെന്നു കോൺഗ്രസ് കണക്കുകൂട്ടുന്നു. ഉറ്റ അനുയായി ആയ സാവഡിക്ക് അത്താണി സീറ്റ് നല്കണമെന്നു യെദിയൂരപ്പ വാദിച്ചെങ്കിലും വിലപ്പോയില്ല.
സീറ്റ് നിഷേധിക്കപ്പെട്ട മന്ത്രി എസ്. അംഗാര രാഷ്ട്രീയത്തിൽനിന്നു വിരമിക്കുകയാണെന്നു പ്രഖ്യാപിച്ചു. ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ മണ്ഡലത്തിൽനിന്ന് ആറു തവണ എംഎൽഎയായിട്ടുണ്ട് അംഗാര (58). സത്യസന്ധതയ്ക്കു യാതൊരു വിലയുമില്ലെന്ന് അംഗാര പറഞ്ഞു.
ഭാഗീരഥി മുരുല്യയാണ് സുള്ള്യയിലെ ബിജെപി സ്ഥാനാർഥി. സീറ്റ് നഷ്ടമായ ഉഡുപ്പി എംഎൽഎ രഘുപതി ഭട്ട് മാധ്യമപ്രവർത്തകരോടു സംസാരിക്കവേ പൊട്ടിക്കരഞ്ഞു. സീറ്റ് നിഷേധിച്ചതിലല്ല, തന്നോടുള്ള പാർട്ടിയുടെ സമീപനത്തിലാണു ദുഃഖമെന്നു ഭട്ട് പറഞ്ഞു.
സീറ്റ് ലഭിക്കാത്ത ബിജെപി നേതാവ് ആർ. ശങ്കർ എംഎൽസി സ്ഥാനം രാജിവച്ചു. എച്ച്.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്-ജെഡിഎസ് സർക്കാരിനു പിന്തുണ പിൻവലിച്ച 17 എംഎൽഎമാരിലൊരാളാണു ശങ്കർ. ഇതേത്തുടർന്ന് അയോഗ്യനാക്കപ്പെട്ട ശങ്കറിന് എംഎൽസി സ്ഥാനം നല്കുകയായിരുന്നു. റാണെബെന്നൂർ സീറ്റായിരുന്നു ശങ്കർ മോഹിച്ചത്. എന്നാൽ, അരുൺകുമാർ പൂജാറിനാണു ബിജെപി സീറ്റ് നല്കിയത്.
ഹുബ്ലി-ധർവാഡ് സെൻട്രൽ സീറ്റ് നിഷേധിക്കപ്പെട്ട മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ, ബിജെപി നേതൃത്വത്തിൽനിന്നു അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ സ്വതന്ത്രനായി മത്സരിക്കാനുള്ള ശ്രമത്തിലാണ്. ഷെട്ടാർ ഇന്നലെ ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡയുമായി കൂടിക്കാഴ്ച നടത്തി. തനിക്കു സീറ്റ് നിഷേധിച്ചതിലുള്ള അതൃപ്തി ഷെട്ടാർ പരസ്യമായി പ്രകടിപ്പിച്ചു.
കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിക്കൊപ്പമാണു ഷെട്ടാർ നഡ്ഡയെ കണ്ടത്. ഷെട്ടാറിന്റെ മണ്ഡലമായ ഹുബ്ലി-ധർവാഡ് സെൻട്രലിൽ ഇതുവരെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. ഷെട്ടാറിന് ഉറപ്പായും സീറ്റ് നല്കുമെന്നു മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ ഇന്നലെ പറഞ്ഞു. മുതിർന്ന നേതാവ് കെ.എസ്. ഈശ്വരപ്പയുടെ മണ്ഡലമായ ശിവമൊഗയിലും സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല.
സീറ്റ് നിഷേധിച്ചതിനു പിന്നിൽ ജാർക്കിഹോളി: ലക്ഷ്മൺ സാവഡി
തനിക്ക് സീറ്റ് നിഷേധിച്ചതിനു പിന്നിൽ രമേഷ് ജാർക്കിഹോളിയാണെന്നു സാവഡി കുറ്റപ്പെടുത്തി. "മഹേഷ് കുമത്തള്ളിക്കും ശ്രീമന്ത് പാട്ടീലിനും സീറ്റ് നല്കിയില്ലെങ്കിൽ താൻ മത്സരിക്കില്ലെന്ന ജാർക്കിഹോളിയുടെ ഭീഷണിക്കു മുന്നിൽ ബിജെപി നേതൃത്വം വഴങ്ങുകയായിരുന്നു. ഞാനും സി.സി. പാട്ടീലും ചേർന്നാണ് ബസവരാജ് ബൊമ്മെയെ ബിജെപിയിലെത്തിച്ചത്.
മുഖ്യമന്ത്രി ബസവ് രാജ് ബൊമ്മെ കോൺഗ്രസിൽ ചേരാൻ ആലോചിച്ചിരുന്നുവെന്നും ലക്ഷ്മൺ സാവഡി പറഞ്ഞു. അതേസമയം, സാവഡിയുടെ ആരോപണം നിഷേധിച്ച ബൊമ്മെ, സീറ്റ് നൽകി എല്ലാവരെയും തൃപ്തിപ്പെടുത്താനാകില്ലെന്നു വ്യക്തമാക്കി.