ഭീകരവിരുദ്ധ പോരാട്ടത്തിൽ നിർണായക പങ്ക് വഹിച്ചത് ബിസ്കറ്റ്!
Monday, November 4, 2024 2:55 AM IST
ശ്രീനഗർ: പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലഷ്കർ ഇ തോയിബയുടെ കമാൻഡറായ ഉസ്മാനെതിരേ സൈന്യം നടത്തിയ ഓപ്പറേഷനിൽ ബിസ്കറ്റുകൾ വലിയ പങ്കാണ് വഹിച്ചതെന്നു മുതിർന്ന സൈനിക ഉദ്യോഗസ്ഥർ.
ഭീകരരും ഇന്ത്യൻ സൈന്യവും തമ്മിൽ ശനിയാഴ്ച നടന്ന വെടിവയ്പിലാണ് ഉസ്മാൻ കൊല്ലപ്പെട്ടത്. ഇത്തരമൊരു സംഭവം ശ്രീനഗറിൽ രണ്ട് വർഷത്തെ ഇടവേളയ്ക്കു ശേഷമാണു നടക്കുന്നത്. സിആർപിഎഫും ലോക്കൽ പോലീസും ചേർന്നാണ് ഭീകരരെ നേരിട്ടത്.
ഇടക്കാലത്ത് പാക്കിസ്ഥാനിലേക്ക് കടന്ന ഉസ്മാൻ 2016-17 കാലയളവിലാണ് കാഷ്മീർ താഴ്വരയിൽ തിരിച്ചെത്തിയത്. സ്ഥലത്തെ ജനവാസ മേഖലയിൽ ഉസ്മാന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ സേനയ്ക്ക് തടസമായത് മേഖലയിലെ തെരുവുനായ്ക്കളുടെ സാന്നിധ്യമാണ്.
നായ്ക്കളെ വശത്താക്കാൻ ധാരാളം ബിസ്ക്കറ്റുകൾ കൈയിൽ കരുതിയാണ് സംഘാംഗങ്ങൾ പുറപ്പെട്ടത്.
മണിക്കൂറുകൾ നീണ്ട പോരാട്ടത്തിനൊടുവിൽ ഉസ്മാനെ സൈന്യം വധിച്ചു.