വഖഫ് ഭേദഗതി: ജെപിസി അധ്യക്ഷനെതിരേ സ്പീക്കർക്ക് കത്തെഴുതി പ്രതിപക്ഷ എംപിമാർ
Tuesday, November 5, 2024 2:48 AM IST
ന്യൂഡൽഹി: വഖഫ് നിയമഭേദഗതി ചർച്ച ചെയ്യുന്നതിനുള്ള സംയുക്ത പാർലമെന്ററി സമിതിയുടെ (ജെപിസി) നിലപാടുകൾക്കെതിരേ വീണ്ടും പ്രതിപക്ഷ പ്രതിഷേധം.
ജെപിസി അധ്യക്ഷനായ ബിജെപി എംപി ജഗ്ദംബിക പാൽ കമ്മിറ്റി ഏകപക്ഷീയമായ തീരുമാനങ്ങളാണ് എടുക്കുന്നതെന്ന് ആരോപിച്ചു പ്രതിപക്ഷ എംപിമാർ ലോക്സഭാ സ്പീക്കർ ഓം ബിർലയ്ക്ക് കത്തെഴുതി.
ജെപിസി ചർച്ചകളുടെ സമയം ക്രമീകരിക്കുന്നതും സാക്ഷികളെ തെരഞ്ഞെടുക്കുന്നതും പോലുള്ള നിർണായക വിഷയങ്ങളിൽ ജഗ്ദംബിക പാൽ മറ്റ് അംഗങ്ങളോട് കൂടിയാലോചിക്കാതെയാണു തീരുമാനമെടുക്കുന്നതെന്ന് കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കമ്മിറ്റിയിൽ കൂടിയാലോചനകൾ ഉറപ്പു വരുത്തിയില്ലെങ്കിൽ ജെപിസിയിൽനിന്ന് വിട്ടുനിൽക്കുമെന്നും പ്രതിപക്ഷ എംപിമാർ മുന്നറിയിപ്പ് നൽകി.
മറ്റു കമ്മിറ്റി അംഗങ്ങളോട് ആലോചിക്കാതെ ജഗ്ദംബിക പാൽ തുടർച്ചയായി മൂന്നു ദിവസത്തെ ചർച്ചകൾ സംഘടിപ്പിച്ചുവെന്ന് പ്രതിപക്ഷം പരാതിപ്പെടുന്നു. വഖഫ് പോലെ പ്രാധാന്യമുള്ള വിഷയം ചർച്ച ചെയ്യുന്നതിനുള്ള മുന്നൊരുക്കങ്ങൾ ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ ലഭിക്കില്ലെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്.
പ്രതിപക്ഷ-ഭരണപക്ഷ എംപിമാരെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു മിനി പാർലമെന്റായി രൂപം കൊടുത്തിട്ടുള്ള ജെപിസിയെ സർക്കാരിന്റെ അജണ്ട മാത്രം നടപ്പിലാക്കുന്ന “വെന്റിലേറ്റിംഗ് അറ’’കളാക്കി മാറ്റരുതെന്ന് കത്തിൽ പറയുന്നു.
വഖഫ് നിയമ ഭേദഗതിയെപ്പറ്റി സമഗ്രമായ ചർച്ചകൾ നടത്താതെ കമ്മിറ്റിയുടെ ഭൂരിപക്ഷം ഉപയോഗിച്ചു നേതൃത്വം തീരുമാനമെടുക്കുന്നുവെന്നും പ്രതിപക്ഷം ആരോപിച്ചു.
പ്രശ്നത്തിൽ ഇടപെടണമെന്നും കൂടിയാലോചനകൾ ആവശ്യമാണെന്ന് ജഗ്ദംബിക പാലിനോടു നിർദേശിക്കണമെന്നും പ്രതിപക്ഷം സ്പീക്കറോട് ആവശ്യപ്പെട്ടിട്ടുണ്ട്.