ഡ്രഡ്ജർ അഴിമതിക്കേസ്: കേന്ദ്രത്തെ കക്ഷി ചേർക്കാൻ നിർദേശം
Tuesday, November 5, 2024 2:48 AM IST
ന്യൂഡൽഹി: മുൻ ഡിജിപി ജേക്കബ് തോമസിനെതിരായ ഡ്രഡ്ജർ അഴിമതിക്കേസിൽ കേന്ദ്രസർക്കാരിനെ കക്ഷിചേർക്കാൻ സുപ്രീംകോടതി നിർദേശം.
ജേക്കബ് തോമസിന്റെ രാഷ്ട്രീയാഭിമുഖ്യം കാരണമാണു കേന്ദ്രസർക്കാർ അന്വേഷണത്തോട് സഹകരിക്കാത്തതെന്നു ചൂണ്ടിക്കാട്ടി പരാതിക്കാരൻ സത്യൻ നരവൂർ സുപ്രീംകോടതിയിൽ സമർപ്പിച്ച അപേക്ഷയെത്തുടർന്നാണു നടപടി. ജസ്റ്റീസുമാരായ അഭയ് എസ്. ഒക്കെ, എ.ജി. മസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
ഡച്ച് കന്പനിയായ ഐഎച്ച്സി ബീവെറിനെക്കുറിച്ചുള്ള വിവരങ്ങൾ തേടി കേന്ദ്രത്തെ സംസ്ഥാനം സമീപിച്ചിരുന്നു. കന്പനിയുടെ വിവരങ്ങൾ തേടി കേന്ദ്രം സിബിഐ മുഖേന നെതർലാൻഡ് സർക്കാരിന് കത്ത് കൈമാറിയെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു.
ഇക്കാര്യം ഉന്നയിച്ച് പല തവണയായി കേസ് മാറ്റിവയ്ക്കുന്നതിനാൽ കേന്ദ്രത്തെ കക്ഷിയാക്കണമെന്ന് പരാതിക്കാരന്റെ അഭിഭാഷകൻ ബോധിപ്പിച്ചു. പിന്നാലെ കേന്ദ്രസർക്കാരിന് നോട്ടീസ് അയയ്ക്കാൻ നിർദേശം നല്കി.