കേരള താത്പര്യത്തിന് പ്രതിപക്ഷം തുരങ്കം വയ്ക്കരുത്: ധനമന്ത്രി
Tuesday, November 5, 2024 1:41 AM IST
ന്യൂഡൽഹി: കേരളത്തിലിരുന്നു സംസ്ഥാനത്തിന്റെ പൊതുതാത്പര്യങ്ങൾക്ക് കോണ്ഗ്രസ്, ബിജെപി നേതാക്കൾ തുരങ്കം വയ്ക്കുന്നത് അവസാനിപ്പിക്കണമെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ.
കെ റെയിൽ നടപ്പാക്കില്ലെന്നു വിളിച്ചുപറയുന്ന കെ. സുരേന്ദ്രൻ ആദ്യം അതു പ്രധാനമന്ത്രിയെയും റെയിൽവെ മന്ത്രിയെയും ബോധ്യപ്പെടുത്തുകയല്ലേ വേണ്ടതെന്ന് ബാലഗോപാൽ ചോദിച്ചു.
സിൽവർ ലൈൻ, ശബരി പാത തുടങ്ങിയവയെക്കുറിച്ച് കേന്ദ്ര റെയിൽമന്ത്രി അശ്വനി വൈഷ്ണവ് കേരളത്തിൽ വന്നു പറഞ്ഞത് നടപ്പാക്കുമോയെന്നു മനസിലാക്കിയശേഷമേ കേരളസർക്കാർ ഇനി ആലോചിക്കുകയുള്ളൂ. കെ റെയിൽ പദ്ധതി പരിശോധിക്കുമെന്നാണ് റെയിൽവെ മന്ത്രി പറഞ്ഞത്. തുടർതീരുമാനം വന്നശേഷമേ സംസ്ഥാന സർക്കാരിന് ആ വിഷയം പരിഗണിക്കേണ്ടതുള്ളൂ.
കേരളത്തിന് അതിവേഗ പാത വേണമെന്നതിൽ തർക്കമില്ല. ശബരി പാതയുടെ കുറെയേറെ സ്ഥലമെടുപ്പ് വളരെ മുന്പേ പൂർത്തിയാക്കിയതാണ്.
ചെങ്ങന്നൂർനിന്നാണോ, അങ്കമാലിയിൽനിന്നു കാഞ്ഞിരപ്പള്ളി വഴിയാണോ എന്നൊക്കെ ആദ്യം തീരുമാനമാകട്ടെ- കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെ കണ്ടു ചർച്ച നടത്തിയശേഷം ഡൽഹിയിൽ പത്രസമ്മേളനത്തിൽ മന്ത്രി ബാലഗോപാൽ വ്യക്തമാക്കി.