ബ്രിട്ടീഷുകാർക്ക് ഒറ്റുകൊടുത്തവർ ചരിത്രം മാറ്റിയെഴുതുകയാണെന്ന് പിണറായി വിജയൻ
Tuesday, November 5, 2024 1:41 AM IST
ന്യൂഡൽഹി: ബ്രിട്ടീഷുകാർക്ക് മാപ്പെഴുതിക്കൊടുത്ത് സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്ത സംഘപരിവാർ ശക്തികൾ ചരിത്രം മാറ്റിയെഴുതാൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
മാർക്സിസ്റ്റ് സൈദ്ധാന്തികൻ പി. ഗോവിന്ദപ്പിള്ളയുടെ പേരിലുള്ള അവാർഡ് കേരള ഹൗസിൽ ഇന്നലെ നടന്ന ചടങ്ങിൽ പ്രമുഖ ചരിത്രകാരി പ്രഫ. റൊമീല ഥാപ്പറിനു സമ്മാനിച്ച് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഇന്ത്യൻ ഭരണഘടനയെയും ദേശീയ പതാകയെയും അംഗീകരിക്കാൻ പോലും തയാറാകാത്തവരാണ് സംഘപരിവാറുകാർ. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ അട്ടിമറിക്കാൻ കൂട്ടുനിന്ന സംഘപരിവാറുകാർ, ആധുനിക ഇന്ത്യക്ക് സംഭാവനകളൊന്നും നൽകിയിട്ടില്ലെന്നും പിണറായി പറഞ്ഞു.
തെറ്റിനെ ചോദ്യം ചെയ്യുന്നവർ വേട്ടയാടപ്പെടുന്ന കാലമാണിതെന്ന് പുരസ്കാരം സ്വീകരിച്ചു നടത്തിയ പ്രസംഗത്തിൽ റൊമീല ഥാപ്പർ ചൂണ്ടിക്കാട്ടി. ഭീമ കൊറേഗാവ് കേസിൽ 16 പേരെയാണു ജയിലിലടച്ചത്. മൗലികാവകാശങ്ങളും നീതിയും നിഷേധിക്കപ്പെട്ടവരിൽ ഒരാൾ മരിച്ചുവെന്ന് ഫാ. സ്റ്റാൻ സ്വാമിയെ അനുസ്മരിച്ച് റൊമീല പറഞ്ഞു.
മാവോയിസ്റ്റ് ബന്ധമാരോപിച്ചു വേട്ടയാടപ്പെട്ടവരിൽ പലരും ജുഡീഷറി കനിഞ്ഞപ്പോൾ ജയിലിൽനിന്നിറങ്ങി. കൊളോണിയൽക്കാലത്തെ ചരിത്ര അവതരണരീതി ഹിന്ദുത്വഭരണകാലത്ത് പുനരവതരിപ്പിക്കപ്പെടുകയാണെന്നും റൊമില കുറ്റപ്പെടുത്തി.