ബാലസോർ ട്രെയിൻ ദുരന്തം ജീവനക്കാരുടെ അനാസ്ഥമൂലമെന്ന് ഒഡീഷ ഹൈക്കോടതി
Tuesday, November 5, 2024 2:48 AM IST
ന്യൂഡൽഹി: 293 പേരുടെ മരണത്തിനിടയാക്കിയ ഒഡീഷയിലെ ബാലസോർ ട്രെയിൻ ദുരന്തത്തിൽ ഉദ്യോഗസ്ഥരുടെ അനാസ്ഥ എടുത്തുപറഞ്ഞ് ഒഡീഷ ഹൈക്കോടതി.
കേസിലെ മൂന്നു പ്രതികൾക്കു ജാമ്യം അനുവദിച്ചുള്ള ഉത്തരവിലാണ് സിഗ്നലിംഗ് സംവിധാനത്തിന്റെ പരിപാലനത്തിലും അറ്റകുറ്റപ്പണിയിലും ഉദ്യോഗസ്ഥർ അനാസ്ഥ കാണിച്ചതായി കോടതി വിലയിരുത്തിയത്.
മൂന്നു പ്രതികളിൽ രണ്ടു പേരെ മറ്റു ഡിവിഷനുകളിൽനിന്നാണ് അപകടം നടന്ന ബാലസോറിലെ ബഹനാഗബസാർ റെയിൽവേ സ്റ്റേഷന്റെ സിംഗ്നലിംഗ് ജോലികൾക്കായി എത്തിച്ചത്. വളരെ ഗൗരവതരമായ ദൗത്യത്തെ റെയിൽവേ നിസാരമായാണ് കണ്ടതെന്നും ജസ്റ്റീസ് ആദിത്യ കുമാർ മഹാപത്ര നിരീക്ഷിച്ചു.
2023 ഒക്ടോബർ രണ്ടിനാണ് ബാലസോറിൽ ഷാലിമാർ-ചെന്നൈ കോറമാണ്ഡൽ എക്സ്പ്രസ്, ബംഗളുരു-ഹൗറ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് എന്നിവ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ചരക്കുതീവണ്ടിയിലേക്ക് ഇടിച്ചുകയറിയത്.
സിഗ്നലിംഗിലെ പിഴവിനെത്തുടർന്ന് കോറമാണ്ഡൽ എക്സ്പ്രസ് മെയിൻ ലൈനിൽനിന്ന് തിരിഞ്ഞ് ചരക്കുതീവണ്ടിയിൽ ഇടിക്കുകയായിരുന്നു. ഇതേത്തുടർന്ന് പാളംതെറ്റിയ ഏതാനും കോച്ചുകൾ ഇടിച്ചതിനെത്തുടർന്ന് ബംഗളൂരു-ഹൗറ എക്സ്പ്രസ് പാളംതെറ്റുകയായിരുന്നു.