മഹാരാഷ്ട്രയിൽ സ്ഥാനാർഥികളുടെ അന്തിമചിത്രമായി
Tuesday, November 5, 2024 2:48 AM IST
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ പത്രിക സമർപ്പിക്കാനുള്ള അവസാനനിമിഷം ഇന്നലെ അവസാനിച്ചു. ബിജെപി മുൻ എംപി ഗോപാൽ ഷെട്ടി, കോൺഗ്രസിൽനിന്നുള്ള മധുരിമ രാജെ ചത്രപതി എന്നിവരുൾപ്പെടെ പ്രമുഖർ മത്സരരംഗത്തുനിന്ന് അവസാന നിമിഷം പിന്മാറിയെങ്കിലും വിവിധ മുന്നണികളിലായി ഏതാനും വിമതർ മത്സരരംഗത്ത് തുടരുകയാണ്.
ബോറിവാലിയിൽനിന്ന് സ്വതന്ത്രനായി മത്സരിക്കാനുള്ള തീരുമാനമാണ് ബിജെപി നേതൃത്വത്തിന്റെ അനുനയ ശ്രമത്തെത്തുടർന്ന് ഗോപാൽ ഷെട്ടി ഉപേക്ഷിച്ചത്. ഔദ്യോഗിക സ്ഥാനാർഥി സഞ്ജയ് ഉപാധ്യായയെ പിന്തുണയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു.
പൂനെയിലെ കസബ പേട്ടിൽ പത്രിക നൽകിയ കോൺഗ്രസ് നേതാവ് മുക്താർ ഷെയ്ക്കാണ് പിന്മാറിയ മറ്റൊരു പ്രമുഖൻ. ഔദ്യോഗിക സ്ഥാനാർഥി രവീന്ദ്ര ധൻഖേക്കറിനെ പിന്തുണയ്ക്കമെന്ന് അദ്ദേഹവും വ്യക്തമാക്കി.
സ്ഥാനാർഥികളുടെ അന്തിമചിത്രം വ്യക്തമായതോടെ പ്രചാരണവും അതിശക്തമായി. രാഹുൽ ഗാന്ധി, മല്ലികാജുൻ ഖാർഗെ ഉൾപ്പെടെ ദേശീയ നേതാക്കളെ പ്രചാരണരംഗത്ത് സജീവമാക്കുന്നതിനുള്ള നീക്കങ്ങളിലാണ് കോൺഗ്രസ്. പ്രധാനമന്ത്രി നരേന്ദ്ര മോദി പതിനൊന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇരുപതും റാലികളിൽ പങ്കെടുക്കുമെന്ന് എൻഡിഎ നേതാക്കളും അറിയിച്ചു.
288 അംഗ മഹാരാഷ്ട്ര നിയമസഭയിലേക്ക് 20നാണ് വോട്ടെടുപ്പ്. 23 നു വോട്ടെണ്ണും.