ദളിത് സംവരണം: കമ്മീഷന്റെ കാലാവധി ഒരു വർഷം കൂടി നീട്ടി
സനു സിറിയക്
Monday, November 4, 2024 2:55 AM IST
ന്യൂഡൽഹി: ദളിത് ക്രൈസ്തവർക്കും മുസ്ലിംകൾക്കും പട്ടികജാതി (എസ്സി) പദവി നൽകുന്നതിന്റെ സാധ്യത പരിശോധിക്കാൻ കേന്ദ്രസർക്കാർ നിയോഗിച്ച ജസ്റ്റീസ് കെ.ജി. ബാലകൃഷ്ണൻ കമ്മീഷന്റെ കാലാവധി നീട്ടി. ഈ വർഷം ഒക്ടോബർ പത്തിനകം സമർപ്പിക്കേണ്ട റിപ്പോർട്ട് കമ്മീഷൻ പൂർത്തിയാക്കിയില്ലെന്നും അതിനാൽ ഒരു വർഷം കൂടി കാലാവധി നീട്ടിയതായും സാമൂഹികനീതി ശക്തീകരണ മന്ത്രാലയം കഴിഞ്ഞദിവസം പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ പറഞ്ഞു.
പട്ടികജാതിക്കാരായി ജനിച്ചവർ ക്രൈസ്തവ, ഇസ്ലാം വിശ്വാസം സ്വീകരിച്ചതിന്റെ പേരിൽ എസ്സി പദവി നൽകുന്നതിന്റെ എല്ലാ വശങ്ങളും പരിഗണിക്കുന്നതിനായി 2022 ഒക്ടോബറിലാണ് സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റീസ് കെ.ജി. ബാലകൃഷ്ണൻ അധ്യക്ഷനായ കമ്മീഷൻ കേന്ദ്ര സർക്കാർ രൂപീകരിച്ചത്. 1950ലെ ഭരണഘടനാ ഉത്തരവ് പ്രകാരം ഹിന്ദു, സിക്ക്, ബുദ്ധ മതങ്ങളിൽപ്പെട്ട ആളുകൾക്കാണ് പട്ടികജാതി വിഭാഗത്തിൽപ്പെടാൻ അർഹതയുള്ളത്.
മതം മാറി ക്രൈസ്തവ, ഇസ്ലാം വിശ്വാസം സ്വീകരിച്ചതിന്റെ പേരിൽ സംവരണാനുകൂല്യങ്ങൾ നിഷേധിക്കരുതെന്ന് 2007 ൽ ജസ്റ്റീസ് രംഗനാഥ് മിശ്ര കമ്മീഷൻ ശിപാർശ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട നിരവധി ഹർജികൾ 20 വർഷമായി സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുകയാണ്.
റിപ്പോർട്ടിന്റെ വിവര ശേഖരണത്തിനാവശ്യമായ ഫീൽഡ് സന്ദർശിക്കാൻ കമ്മീഷൻ ആവശ്യമായ ജീവനക്കാരെ ലഭിക്കാതിരുന്നതിനാൽ ഈ വർഷം ഓഗസ്റ്റ് വരെ പ്രവർത്തനം മന്ദഗതിയിലായിരുന്നു. കേരളം, ഗുജറാത്ത്, ബിഹാർ, കർണാടക, മധ്യപ്രദേശ് എന്നിവിടങ്ങളിൽ പൊതു ഹിയറിംഗിനായി ഇതിനകം എത്തിയിട്ടുണ്ട്. ആന്ധ്രാപ്രദേശ്, തെലുങ്കാന, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങൾ ഉടൻ സന്ദർശിക്കാനും കമ്മീഷൻ പദ്ധതിയിടുന്നുണ്ട്.
മതപരിവർത്തനമടക്കമുള്ള വിഷയങ്ങളിൽ കമ്മീഷൻ പൊതുജനാഭിപ്രായം തേടുന്നുണ്ട്. അതേസമയം ക്രൈസ്തവരുടെയും ഇസ്ലാം മതത്തിൽപ്പെട്ടവരുടെയും വിദേശഉത്ഭവം ചൂണ്ടിക്കാട്ടി ദളിത് ക്രൈസ്തവരെയും മുസ്ലിംകളെയും പട്ടികജാതി പദവിയിൽനിന്ന് ഒഴിവാക്കുന്നതിൽ തെറ്റില്ലെന്ന് മോദിസർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോടതി തീരുമാനമെടുക്കണമെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്.