വഖഫ് ബോർഡ് നടപടി: ജെപിസി അധ്യക്ഷൻ കർണാടകയിലെത്തും
Wednesday, November 6, 2024 2:33 AM IST
ബംഗളൂരു: വഖഫ് ബോർഡ് നടപടിയിൽ ഹുബ്ബള്ളിയിലും വിജയപുരത്തും ഉടലെടുത്ത പ്രശ്നങ്ങളിൽ കർഷകരുമായി സംവദിക്കാൻ ജെപിസി അധ്യക്ഷൻ ജഗദംബിക പാൽ വ്യാഴാഴ്ച എത്തുമെന്ന് ബിജെപി എംപി തേജസ്വി സൂര്യ.
വിജയപുര ജില്ലയിലെ കർഷകരുടെ ഭൂമിതർക്കങ്ങൾ വഖഫ് ബോർഡുമായി ചർച്ച ചെയ്യണമെന്ന് വഖഫ് ഭേദഗതി ബിൽ സംയുക്ത പാർലമെന്ററി സമിതി അധ്യക്ഷനായ ജഗംദംബിക പാലിനോട് കമ്മിറ്റി അംഗവും ബംഗളൂരു സൗത്ത് എംപിയുമായ തേജസ്വി സൂര്യ ആവശ്യപ്പെട്ടിരുന്നു.
ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കണമെന്നും വഖഫ് ബോർഡിന്റെ നടപടി കർഷകരെ പ്രതികൂലമായി ബാധിച്ചതായും സൂര്യ സമിതിയെ അറിയിച്ചിരുന്നു. എന്നാൽ, വിജയപുര ജില്ലയിലെ കർഷകരുടെ ആശങ്ക പരിഹരിക്കുമെന്നും ഒഴിപ്പിക്കില്ലെന്നും കർഷകർക്കു നൽകിയ നോട്ടീസ് പിൻവലിക്കുമെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.