മെഡിക്കൽട്രസ്റ്റിലും സമീപങ്ങളിലും മൊബൈൽ കവറേജ് ലഭിക്കുന്നില്ല
1493651
Wednesday, January 8, 2025 10:45 PM IST
മുണ്ടക്കയം ഈസ്റ്റ്: കോട്ടയം, ഇടുക്കി ജില്ലയിലെ മലയോര മേഖലയിലെ സാധാരണക്കാരുടെ ആശ്രയമായ മുണ്ടക്കയം മെഡിക്കൽട്രസ്റ്റ് ആശുപത്രിയിലും സമീപ മേഖലയിലും മൊബൈൽ ഫോണുകൾക്ക് റേഞ്ച് ഇല്ലാത്തത് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ദുരിതമാകുന്നു. പൊതുമേഖല സേവന ദാതാക്കളായ ബിഎസ്എൻഎൽ അടക്കമുള്ള പ്രമുഖ മൊബൈൽ കമ്പനികൾക്കൊന്നും ഈ പ്രദേശത്ത് റേഞ്ചില്ലാത്തത് രോഗികൾക്കും നാട്ടുകാർക്കും വലിയ ദുരിതമാണ് സൃഷ്ടിക്കുന്നത്.
പീരുമേട്, കുട്ടിക്കാനം, മുണ്ടക്കയം അടക്കമുള്ള മലയോര മേഖലകളിൽ അപകടങ്ങളും അത്യാഹിതങ്ങളും ഉണ്ടാകുമ്പോൾ ആദ്യം രോഗികളെ എത്തിക്കുന്നത് മുണ്ടക്കയം മെഡിക്കൽട്രസ്റ്റ് ആശുപത്രിലായാണ്. എന്നാൽ, അപകടത്തിൽപ്പെട്ടവരുടെ വിവരങ്ങൾ ബന്ധുക്കളെയോ വീട്ടുകാരെയോ അറിയിക്കുവാൻ മൊബൈൽ ഫോണുകൾ പരിധിക്കു പുറത്താകുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം പുല്ലുപാറയിൽ നാലുപേരുടെ മരണത്തിനിടയാക്കിയ കെഎസ്ആർടിസി ബസ് അപകടത്തിൽ 37 പേരെയാണ് ആശുപത്രിയിൽ എത്തിച്ചത്. ഇതിൽ നാലു പേർ മരണപ്പെട്ടു. എന്നാൽ, ഇവരുടെ ബന്ധുക്കളെയും ഉറ്റവരെയും വിവരം അറിയിക്കാൻ മൊബൈൽ ഫോണുകൾക്ക് കവറേജ് ലഭിക്കാത്തത് വലിയ പ്രതിസന്ധി സൃഷ്ടിച്ചു.
മന്ത്രിമാർ അടക്കമുള്ളവർ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ നേതൃത്വം നൽകിയെങ്കിലും ആംബുലൻസ് അടക്കമുള്ള ക്രമീകരണം ഒരുക്കുന്നതിനും ഇത് പ്രതിസന്ധി സൃഷ്ടിച്ചു. ശബരിമല സീസൺ ആരംഭിച്ചതോടെ റോഡിൽ വാഹനാപകടങ്ങളും വർധിക്കുന്നുണ്ട്. ഇത്തരത്തിൽ ആശുപത്രിയിൽ എത്തിക്കുന്നവർക്ക് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ബന്ധപ്പെട്ടവരെ വിവരം അറിയിക്കാൻ ശ്രമിക്കുമ്പോൾ മൊബൈൽ ഫോണുകൾ പരിധിക്കു പുറത്താക്കുന്നത് രോഗികൾക്കും കൂടെവന്നവർക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
ഡീൻ കുര്യാക്കോസ് എംപി അടക്കമുള്ള ജനപ്രതിനിധികളുടെ ശ്രദ്ധയിൽ വിഷയം പെടുത്തിയിട്ടുണ്ടെന്നും ഉടൻ പ്രശ്നത്തിന് പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ആശുപത്രി അധികൃതർ അറിയിച്ചു. പ്രദേശത്ത് ഓട്ടോറിക്ഷ ഓടിക്കുന്ന വാഹന ഡ്രൈവർമാർക്കും, കാന്റീൻ ജീവനക്കാർക്കും നഴ്സിംഗ് വിദ്യാർഥികൾക്കുമെല്ലാം മൊബൈൽ ഫോണിന് റേഞ്ച് ലഭിക്കാത്തത് വലിയ ദുരിതമാണ് സമ്മാനിക്കുന്നത്. ആശുപത്രിയിൽ എത്തുന്ന രോഗികളുടെ കൂട്ടിരിപ്പുകാർ പലപ്പോഴും സമീപത്തെ റോഡിലും റബർത്തോട്ടത്തിലും മാറിനിന്ന് വീട്ടുകാരെയും ബന്ധുക്കാരെയും വിളിച്ചു വിവരങ്ങൾ പറയേണ്ട ഗതികേടാണുള്ളത്.