District News
തിരുവനന്തപുരം: സംഘപരിവാർ നട്ടുവളർത്തിയ വിദ്വേഷത്തിന്റെ വിഷമാണ് ഇന്ന് സുപ്രീംകോടതിയിൽ ചീഫ് ജസ്റ്റീസിന് നേരെ ചീറ്റിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചീഫ് ജസ്റ്റീസ് ബി.ആര്. ഗവായ്ക്കു നേരെ കോടതി മുറിയിൽ നടന്ന അക്രമശ്രമത്തെ ശക്തമായി അപലപിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
സനാതന ധർമത്തിനെതിരെ പ്രവർത്തിക്കുന്നുവെന്നാരോപിച്ചാണ് ഒരു അഭിഭാഷക വേഷധാരി ഷൂ എറിയാനാഞ്ഞത് എന്നാണ് റിപ്പോർട്ട്. നിലതെറ്റിയ വ്യക്തിയുടെ വികാരപ്രകടനമായി ഈ അതിക്രമത്തെ ചുരുക്കി കാണാൻ കഴിയില്ല.
സംഘപരിവാറിന്റെ വിഷലിപ്തമായ വർഗീയ പ്രചാരണമാണ് അപകടകരമായ ഈ മാനസിക നിലയിലേക്ക് വ്യക്തികളെ കൊണ്ടെത്തിക്കുന്നത്. വെറുപ്പും അപര വിദ്വേഷവും ജനിപ്പിക്കുന്ന പ്രത്യയശാസ്ത്രത്തിന്റെ ഉൽപ്പന്നങ്ങളാണ് പരമോന്നത കോടതിക്കകത്ത് പോലും ഉണ്ടാകുന്ന ഇത്തരം കടന്നാക്രമണങ്ങൾ.
ആർഎസ്എസും അതിന്റെ പരിവാരവും നൂറു വർഷംകൊണ്ടു സൃഷ്ടിച്ചുവച്ച അസഹിഷ്ണുതയാണ് ഇതിന്റെ ഇന്ധനം. മഹാത്മാ ഗാന്ധിക്കു നേരെ നിറയൊഴിക്കാൻ മടിച്ചിട്ടില്ലാത്ത വർഗീയ ഭ്രാന്തിന് ഒട്ടും കുറവു വന്നിട്ടില്ല എന്ന് ഓർമിപ്പിക്കുന്ന സംഭവമാണ് സുപ്രീംകോടതിയിൽ ഇന്നുണ്ടായത്.
ഒറ്റപ്പെട്ട അക്രമ സംഭവമോ സമനില തെറ്റിയ വ്യക്തിയുടെ വിക്രിയയോ ആയി ഇതിനെ നിസാരവൽക്കരിക്കാനാവില്ല. സംഘപരിവാർ മുന്നോട്ടുവയ്ക്കുന്ന അക്രമോത്സുകമായ രാഷ്ട്രീയത്തെ തന്നെയാണ് പരിശോധിക്കേണ്ടതും തുറന്നുകാട്ടേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
District News
തിരുവനന്തപുരം: ആറ്റിങ്ങലിൽ കാറിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. തോട്ടയ്ക്കാട് പാലത്തിനു സമീപം രാവിലെ ആറോടെയായിരുന്നു സംഭവം. തോട്ടയ്ക്കാട് സ്വദേശി മീന (40) ആണ് മരിച്ചത്. ഒൻപതാംക്ലാസുകാരനായ മകൻ അഭിമന്യുവിന് അപകടത്തിൽ പരിക്കേറ്റു.
മകനെ ട്യൂഷൻ ക്ലാസിൽ കൊണ്ടുവിടാൻ പോകുകയായിരുന്നു മീന. ദേശീയപാതയിൽ യു ടേൺ എടുക്കുമ്പോൾ ലോറി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മീന സ്ഥലത്തുതന്നെ മരിച്ചു.
District News
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിമിന്നലോടുകൂടിയ മഴയ്ക്കും 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനം.
അതേസമയം, കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അഞ്ചു ദിവസത്തേക്കുള്ള മഴ സാധ്യതാ പ്രവചനം അനുസരിച്ച് ഇന്നും ചൊവ്വാഴ്ചയും ഒരു ജില്ലകളിലും പ്രത്യേക മുന്നറിയിപ്പില്ല.
ബുധനാഴ്ച കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
അതേസമയം, കേരള - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും, കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് കേരള - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
ചൊവ്വാഴ്ച മധ്യപടിഞ്ഞാറൻ അറബിക്കടൽ, വടക്കു പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 80 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 90 കിലോമീറ്റർ വരെയും വേഗത്തിൽ അതിശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
District News
തിരുവനന്തപുരം: ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ വിനോദസഞ്ചാരിയെ വാട്ടർ സ്പോർട്സ് ജീവനക്കാർ മർദിച്ചെന്നാണ് പരാതി. ഗ്രീക്ക് പൗരൻ റോബർട്ടിനാണ് സാരമായി പരിക്കേറ്റത്.
രാവിലെ ഒൻപതിനാണ് സംഭവം. കഴിഞ്ഞ ദിവസം വിദേശിയുടെ മൊബൈൽ ഫോൺ ബീച്ചിൽ നഷ്ടപ്പെട്ടിരുന്നു. ഇത് അന്വേഷിച്ച് വിദേശി ബീച്ചിൽ എത്തുകയും പിന്നീട് കടലിൽ കുളിക്കാൻ ഇറങ്ങുകയും ചെയ്തു.
എന്നാൽ ഇത് വാട്ടർ സ്പോർട്സ് നടത്തിപ്പുകാരായ തൊഴിലാളികൾ തടഞ്ഞു. പിന്നീട് വാക്കേറ്റം ഉണ്ടാകുകയും വിദേശിയെ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. കടലിലും മണലിലുമിട്ട് വിദേശിയെ മർദിച്ച് വലിച്ചിഴച്ചു. പാപനാശം പോലീസ് എയ്ഡ് പോസ്റ്റിന്റെ മുന്നിലിട്ടും മർദിച്ചു. നാട്ടുകാർ ഇടപെട്ടതോടെ സംഘം പിന്മാറുകയായിരുന്നു.
ടൂറിസം പോലീസെത്തി വിദേശിയെ വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ കണ്ണിന് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. പോലീസിൽ പരാതി നൽകുമെന്ന് റോബർട്ട് പ്രതികരിച്ചു.
District News
തിരുവനന്തപുരം: ശബരിമലയിൽ ദുരൂഹത നിറഞ്ഞ കാര്യങ്ങളാണ് പുറത്തുവരുന്നതെന്നും വിജയ് മല്യ നൽകിയ 30 കിലോ സ്വർണത്തിൽ എത്ര ബാക്കിയുണ്ടെന്ന് സർക്കാരും ദേവസ്വവും മറുപടി പറയണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്.
സ്വർണം ഇവിടുന്ന് തന്നെ അടിച്ചു മാറ്റി. പിന്നീട് ചെന്നൈയിൽ എത്തിച്ചു എന്ന് കരുതേണ്ടി വരും. 2019 ല്‍ സ്വര്‍ണം നഷ്ടപ്പെട്ടു എന്ന് തെളിഞ്ഞതാണ്. ദേവസ്വത്തിന്റെ കൈയില്‍ അതിന്റെ രേഖയുണ്ട്.
എന്നാല്‍ പുറത്തുപറയാതെ മൂടിവയ്ക്കുകയാണ് ചെയ്തത്. മൂടിവച്ചതിന്റെ അർഥം ഷെയര്‍ കിട്ടിയിട്ടുണ്ട് എന്നാണ്. ഇടനിലക്കാരനായാണ് ഉണ്ണികൃഷ്ണന് പോറ്റിയെ വച്ചിരിക്കുന്നത് എന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ആദ്യം കൊണ്ട് പോയ സ്പോൺസർ കള്ളത്തരം കാണിച്ചു എന്ന് ദേവസ്വത്തിന് അറിയാം. വീണ്ടും അയാളെ തന്നെ വിളിച്ചു വരുത്തി. അയാൾ കളവ് നടത്തിയിട്ടുണ്ട് എന്ന് മനസിലായെങ്കില്‍ പിന്നെന്തിന് വീണ്ടും വിളിച്ചു എന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.
ദേവസ്വം മന്ത്രിയും ബോർഡ് പ്രസിഡന്റും അടിയന്തിരമായി രാജി വയ്ക്കണം. വിഷയം സിബിഐ അന്വേഷിക്കണം. വിഷയത്തില്‍ മുഖ്യമന്ത്രി മിണ്ടുന്നില്ല. അന്വേഷണമില്ലെങ്കില്‍ യുഡിഎഫ് ശക്തമായ പ്രക്ഷോഭത്തിലേക്ക് പോകും എന്നും വി.ഡി. സതീശന് പറഞ്ഞു.
District News
തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളില് സ്വര്‍ണം പൂശിയതുമായി ബന്ധപ്പെട്ട വാർത്തകൾ തള്ളി ഉണ്ണികൃഷ്ണൻ പോറ്റി.
വാര്‍ത്തകള്‍ക്ക് യാഥാര്‍ഥ്യവുമായി ബന്ധമില്ല. എല്ലാ ആരോപണങ്ങള്‍ മാത്രമാണ്. വിജിലന്‍സ് വിളിച്ചാല്‍ ചോദ്യം ചെയ്യലിന് ഹാജരാകും, പറയാനുള്ളത് കോടതിയില്‍ പറയുമെന്നും ഉണ്ണികൃഷ്ണന് പോറ്റി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.
അറ്റകുറ്റപ്പണികള്‍ക്കായി തനിക്ക് ലഭിച്ചത് ചെമ്പ് പാളികളാണ്. മഹസര്‍ ഉള്‍പ്പെടെയുള്ള രേഖകളില്‍ ഇത് വ്യക്തമാണ്. അതിന് മുന്‍പ് സ്വര്‍ണം പൂശിയതിനെ കുറിച്ച് അറിയില്ല. അതിന് മുന്‍പ് സ്വര്‍ണം പൂശിയത് കാലഹരണപ്പെട്ടത് കൊണ്ടായിരിക്കാം ദേവസ്വം അങ്ങനെയൊരു തീരുമാനം എടുത്തത്.
പാളികളില്‍ സ്വര്‍ണം ഉണ്ടായിരുന്നോ എന്നും അറിയില്ല. ദ്വാരപാലകശില്പങ്ങളുടെ പാളികള്‍ താന്‍ എടുത്തുകൊണ്ട് പോയതല്ല, ദേവസ്വം തന്നതാണെന്നും ഉണ്ണികൃഷ്ണന് പോറ്റി പ്രതികരിച്ചു.
ദ്വാരപാലക ശില്പത്തിന്റെ സ്വര്‍ണപ്പാളി അറ്റകുറ്റപണിക്ക് കൊണ്ടുപോയപ്പോള്‍ കാലതാമസം ഉണ്ടായെന്ന ആരോപണവും ഉണ്ണികൃഷ്ണന് പോറ്റി നിഷേധിച്ചു. ആരോപണങ്ങളില്‍ പറയുന്ന വിധത്തില്‍ 39 ദിവസങ്ങള്‍ ഒന്നും കാലതാമസം ഉണ്ടായിട്ടില്ല. ഒരാഴ്ചയോളം മാത്രമാണ് താമസം ഉണ്ടായത്.
പാളികളില്‍ അറ്റകുറ്റ പണി നിര്‍ദേശിച്ചിരുന്നു. അതാണ് കാലതാമസം വന്നത്. ഇത്തരം സാധനങ്ങള്‍ കൈമാറുമ്പോഴുള്ള നടപടിക്രമളുമായി ബന്ധപ്പെട്ട ബൈലോയെ കുറിച്ച് അറിയില്ല. കവാടങ്ങള്‍ പ്രദര്‍ശന വസ്തുവാക്കിയിട്ടില്ലെന്നും ഉണ്ണികൃഷ്ണന് പോറ്റി പറഞ്ഞു.
District News
തിരുവനന്തപുരം: ശബരിമല സ്വർപ്പാളി വിവാദത്തിൽ പുതിയ വെളിപ്പെടുത്തലുകളുമായി ഉണ്ണികൃഷ്ണൻ പോറ്റി. ക്ഷേത്രത്തിന്റെ ശ്രീകോവിലിന് പുതിയ വാതിൽ നിർമ്മിക്കണമെന്ന ആവശ്യവുമായി ദേവസ്വം ബോർഡ് തന്നെ സമീപിക്കുകയായിരുന്നുവെന്ന് ഉണ്ണികൃഷ്ണൻ പറഞ്ഞു.
നിലവിലെ വാതിൽ അടയ്ക്കാൻ ബുദ്ധിമുട്ടുണ്ടെന്നും അതിനാൽ പുതിയ വാതിൽ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോർഡ് സമീപിക്കുകയുമായിരുന്നു. അഞ്ച് സുഹൃത്തുക്കൾ ചേർന്ന് അത് ഏറ്റെടുത്തെന്നും ഉണ്ണികൃഷ്ണൻ വെളിപ്പെടുത്തി.
പുതിയ വാതിൽ നിർമ്മിക്കാനുള്ള എല്ലാ ചെലവും ഏറ്റെടുത്തത് ബംഗളൂരു സ്വദേശിയായ ഗോവർധൻ ആണെന്നും മറ്റാരും ഇതിനായി പണമോ സ്വർണമോ നൽകിയിട്ടില്ലെന്നും ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞു.
നടൻ ജയറാമിന്റെ വീട്ടിൽ സ്വർണപ്പാളി എത്തിച്ചത് സംബന്ധിച്ചും ഉണ്ണികൃഷ്ണൻ പ്രതികരിച്ചു. ജയറാമിന്റെ വീട്ടിൽ കയറിയത് വിശ്രമത്തിന് വേണ്ടിയാണെന്നായിരുന്നു ഉണ്ണികൃഷ്ണന്റെ വിശദീകരണം.
Kerala
തിരുവനന്തപുരം: ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ ഗൈഡ് വയർ നെഞ്ചിൽ കുരുങ്ങിയ സംഭവത്തിൽ പരാതിക്കാരിയായ കാട്ടാക്കട കിള്ളി സ്വദേശിയായ സുമയ്യ ഇന്ന് മെഡിക്കൽ ബോർഡിന് മുന്‍പാകെ ഹാജരാകും. ശരീരത്തിൽ വയര്‍ കുടുങ്ങി കിടക്കുന്നതുകൊണ്ട് യുവതിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്നും വയർ പുറത്തെടുക്കാതിരിക്കുന്നതാണ് ഉചിതമെന്നുമാണ് മെഡിക്കല്‍ ബോര്‍ഡിന്റെ വിലയിരുത്തല്‍. ഇക്കാര്യങ്ങള്‍ സുമയ്യയെ ബോധ്യപ്പെടുത്താനാണ് മെഡിക്കല്‍ ബോര്‍ഡ് ഇന്ന് ചേരുന്നത്.
ധമനികളോട് ഒട്ടിച്ചേർന്നതിനാൽ ഗൈഡ് വയർ മാറ്റാൻ ശ്രമിക്കുന്നത് സങ്കീർണമാകും എന്നാണ് നിഗമനം. ശ്വാസം മുട്ടൽ അടക്കം കടുത്ത ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നുണ്ട് എന്നാണ് സുമയ്യ മെഡിക്കൽ ബോർഡിനെ അറിയിച്ചത്. സുമയ്യയുടെ ആരോഗ്യാവസ്ഥ മെഡിക്കല്‍ ബോര്‍ഡ് ഒരിക്കല്‍ കൂടി പരിശോധിക്കുകയും തുടര്‍ചികില്‍സയെ സംബന്ധിക്കുന്ന കാര്യങ്ങള്‍ തീരുമാനിക്കുകയും ചെയ്യും.
2023 മാർച്ച് 22ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഡോ.രാജീവ് കുമാറിന്റെ യൂണിറ്റിൽ നടത്തിയ ശസ്ത്രക്രിയക്കിടെയാണ് സുമയ്യയുടെ നെഞ്ചിൽ വയറ് കുടുങ്ങിയത്.
District News
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിലെ സ്പോൺസർ ഉണ്ണകൃഷ്ണൻ പോറ്റി പ്രമുഖരുമൊത്തുള്ള ചിത്രങ്ങൾ പുറത്ത്.
മുഖ്യമന്ത്രി പിണറായി വിജയന്, ഡിജിപി റവാഡ ചന്ദ്രശേഖര്‍, എഡിജിപി എസ്. ശ്രീജിത്ത്, ദേവസ്വം മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്, കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാഗാന്ധി തുടങ്ങിയവര്‍ക്കൊപ്പമുള്ള ചിത്രങ്ങളാണ് പുറത്തു വന്നത്. ഉന്നതര്‍ക്കൊപ്പമുള്ള ചിത്രങ്ങളെടുക്കാന്‍ ഉണ്ണികൃഷ്ണന് പോറ്റി പ്രത്യേക സന്ദര്‍ഭങ്ങളുണ്ടാക്കുകയായിരുന്നുവെന്നാണ് നിഗമനം.
മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രന് സംഭാവന നല്കുന്ന ചിത്രവും പോലീസ് ആസ്ഥാനത്തു വച്ച് എഡിജിപി എസ്. ശ്രീജിത്തിനെ പൊന്നാട അണിയിക്കുന്ന ചിത്രവും പുറത്തു വന്നവയില്‍ ഉള്‍പ്പെടുന്നു.
കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാഗാന്ധിക്കും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി എന്നിവര്‍ക്കൊപ്പവുമുള്ള ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. ഉണ്ണികൃഷ്ണന് പോറ്റിയുടെ പാര്‍ട്ണറായ രമേഷ് റാവുവും ചിത്രങ്ങളിലുണ്ട്.
അതേസമയം, ഉണ്ണികൃഷ്ണന് പോറ്റിയുടെ കോടികളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പോലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. ബ്ലേഡ് പലിശയ്ക്ക് പണം നല്കി പലയിടത്തും ഭൂമി ഏറ്റെടുത്തുവെന്നാണ് വിവരം. ഉന്നതരുമായി ബന്ധമുണ്ടെന്ന് സ്ഥാപിച്ചാണ് ഉണ്ണികൃഷ്ണന് പോറ്റി സാമ്പത്തിക ഇടപാടുകൾ നടത്തിയതെന്നാണ് വിവരം.
മൂന്നു വര്‍ഷത്തിനിടെ 30 കോടിയിലേറെ രൂപയുടെ ഭൂമിക്കച്ചവടം നടത്തിയതായാണ് റിപ്പോര്‍ട്ട്. സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലും ഭൂമി രജിസ്റ്റര്‍ ചെയ്തതിന്റെ രേഖകളും പുറത്തുവന്നിട്ടുണ്ട്.
തലസ്ഥാനത്തു തന്നെ കോടികളുടെ ഇടപാടുകളാണ് നടത്തിയത്. 2020 നും 2025നുമിടയിലാണ് കോടികളുടെ ഇടപാടുകൾ നടന്നതെന്നാണ് വിലയിരുത്തല്‍. ബംഗുളൂരുവിലും ഭൂമി ഇടപാടുകള്‍ നടന്നതായി റിപ്പോർട്ടുണ്ട്.
District News
തിരുവനന്തപുരം: സംസ്ഥാനത്ത് സമഗ്ര വോട്ടര്‍ പട്ടിക പരിഷ്ക്കരണം നടപ്പാക്കാനുള്ള നീക്കത്തിന് എതിരേ പ്രമേയം പാസാക്കി നിയമസഭ. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്. പ്രതിപക്ഷത്തിന്റെ പിന്തുണയോടെയാണ് പ്രമേയം കൊണ്ടുവന്നത്.
വോട്ടര്‍ പട്ടിക പ്രത്യേക തീവ്ര പുനഃപരിശോധനയ്ക്ക് വിധേയമാക്കുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം ദേശീയ പൗരത്വ രജിസ്റ്ററിന്റെ വളഞ്ഞ വഴിയിലൂടെയുള്ള നടപ്പാക്കലാണെന്ന ആശങ്ക വ്യാപകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ബിഹാറില്‍ നടന്ന എസ്ഐആർ പ്രക്രിയ ഇത്തരം ആശങ്കകളെ ശരിവെക്കുന്നതുമാണ്. പുറന്തള്ളലിന്റെ രാഷ്ട്രീയമാണ് ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്കരണത്തില്‍ കാണുന്നത്. അതേ രീതിയാണ് ദേശീയ അടിസ്ഥാനത്തില്‍ ലക്ഷ്യമിടുന്നത് എന്ന സംശയവും രാജ്യവ്യാപകമായി നിലവിലുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ബിഹാര്‍ എസ്ഐആർ പ്രക്രിയയുടെ ഭരണഘടനാ സാധുത സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കെത്തന്നെ തെരഞ്ഞെടുപ്പ് പടിവാതില്ക്കല് നില്ക്കുന്ന കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ കൂടി തിടുക്കപ്പെട്ട് ഇതേ പ്രക്രിയ കൊണ്ടുവരുന്നതിനെ നിഷ്കളങ്കമായി കാണാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പ്രമേയത്തിൽ പറഞ്ഞു.
ദീര്‍ഘകാല തയാറെടുപ്പും കൂടിയാലോചനയും ആവശ്യമായ എസ്ഐആർ പോലുള്ള പ്രക്രിയ ഇത്തരത്തില്‍ തിടുക്കത്തില്‍ നടത്തുന്നത് ജനവിധി അട്ടിമറിക്കാനാണെന്ന ഭയം തെരഞ്ഞെടുപ്പ് കമ്മീഷനെ സംശയത്തിന്റെ നിഴലിലാക്കിയിരിക്കുന്നു. കേരളത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തുതന്നെ നടക്കാനിരിക്കയാണ്. അത് കഴിഞ്ഞാലുടന്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഈ സാഹചര്യത്തില്‍ തിടുക്കപ്പെട്ട് എസ്ഐആർ നടത്തുന്നത് ദുരുദ്ദേശ്യപരമാണ്.
പൗരത്വത്തെ മതാധിഷ്ഠിതമാക്കുന്ന പൗരത്വ ഭേദഗതി നിയമത്തെ പൊടിതട്ടിയെടുക്കാനുള്ള ശ്രമം നടത്തുന്നവര്‍ എസ്ഐആറിനെ ഏതുവിധമാവും ഉപയോഗിക്കുക എന്നതും ജനാധിപത്യം നേരിടുന്ന വെല്ലുവിളിയാണ്. മൗലികാവകാശത്തെ ഹനിക്കുന്ന ഇത്തരം നടപടികളില്‍ നിന്നും പിന്തിരിഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷന് സുതാര്യമായി വോട്ടര്‍പ്പട്ടിക പുതുക്കല്‍ നടത്തണം എന്ന് ഈ നിയമസഭ ഏകകണ്ഠമായി ആവശ്യപ്പെടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
District News
തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്കരണം സുതാര്യമാക്കണമെന്നാവശ്യ പ്പെട്ട് ഇന്ന് സംസ്ഥാന നിയമസഭ പ്രമേയം പാസാക്കും. മുഖ്യമന്ത്രിയാണ് പ്രമേയം അവതരിപ്പിക്കുക. പ്രതിപക്ഷം പിന്തുണയ്ക്കും.
മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ചു കൂട്ടിയ സർവകക്ഷി യോഗത്തിൽ തീവ്ര വോട്ടർ പട്ടിക പരിഷ്ക്കരണം നടപ്പാക്കുന്നതിലെ ആശങ്കകൾ സിപിഎമ്മും കോൺ ഗ്രസും ഉൾപ്പെടെയുള്ള കക്ഷികൾ പങ്കുവച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രമേ യം ഒന്നിച്ചു പാസാക്കാനുള്ള തീരുമാനം.
വോട്ടർ പട്ടിക പരിഷ്കരണം തദ്ദേശ തെരഞ്ഞെടുപ്പ് കഴിയും വരെ നീട്ടിവയ്ക്കണമെ ന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറും ആവശ്യപ്പെട്ടിട്ടുണ്ട്.
District News
തിരുവനന്തപുരം: പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും പരാതിക ളും മുഖ്യമന്ത്രിയോട് പറയുന്നതിനായി 'മുഖ്യമന്ത്രി എന്നോടൊപ്പം' (സിഎം വിത്ത് മീ) എന്ന പേരിൽ സംസ്ഥാന സർക്കാർ ആരംഭിക്കുന്ന സിറ്റിസൺ കണക്ട് സെന്ററി ന്റെ ഉദ്ഘാടനം ഇന്നു നടക്കും.
വെള്ളയമ്പലത്തെ സർക്കാർ ഏറ്റെടുത്ത പഴയ എയർ ഇന്ത്യ ഓഫീസിൽ പ്രവർത്ത നം ആരംഭിക്കുന്ന സിറ്റിസൺ കണക്ട് സെൻ്റർ ഇന്നു വൈകുന്നേരം അഞ്ചിന് മുഖ്യ മന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 1800-425-6789 എന്ന ടോൾഫ്രീ നമ്പരി ലൂടെയാണ് ജനങ്ങൾക്ക് മുഖ്യമന്ത്രിയോട് അഭിപ്രായങ്ങളും നിർദേശങ്ങളും പരാതി കളും പങ്കുവയ്ക്കാൻ കഴിയുക.
Kerala
തിരുവനന്തപുരം: കനത്ത മഴയെത്തുടര്‍ന്ന് തിരുവനന്തപുരത്ത് പലയിടങ്ങളിലും വെള്ളക്കെട്ട്. തമ്പാനൂര്‍, ചാക്ക, ചാല, ശ്രീകണ്ഠേശ്വരം, കിംസ് ആശുപത്രി പരിസരം തുടങ്ങിയ മേഖലകളിൽ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടു.
തമ്പാനൂര്‍ ബസ് സ്റ്റാൻഡ് പരിസരത്തും റെയില്‍വെ സ്റ്റേഷനിലും വെള്ളം പൊങ്ങി. റെയില്‍വെ ട്രാക്കുകളില്‍ വെള്ളം പൊങ്ങിയത് റെയില്‍ ഗതാഗതത്തിന് നേരിയ തടസം സൃഷ്ടിച്ചു. റെയില്‍വെ ജീവനക്കാര്‍ വെള്ളക്കെട്ട് മാറ്റുകയായിരുന്നു.
പല സ്ഥലങ്ങളിലും ഓടകള്‍ ശുചീകരിക്കാത്തതാണ് വെള്ളക്കെട്ട് രൂപം കൊള്ളാന്‍ കാരണമെന്നാണ് പ്രദേശവാസികളും വ്യാപാരികളും ഓട്ടോറിക്ഷ ഡ്രൈവര്‍മാരും ആരോപിക്കുന്നത്. ഓപ്പറേഷന് അനന്ത പുനരാംരംഭിക്കാന്‍ വേണ്ട നടപടി കോര്പ്പറേഷന് അധികൃതര്‍ സ്വീകരിക്കണമെന്ന് ജനങ്ങള്‍ ആവശ്യപ്പെട്ടു.
നഗരത്തില്‍ കഴിഞ്ഞ മണിക്കൂറില്‍ മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും പലയിടങ്ങളിലും വെള്ളക്കെട്ട് ഒഴിഞ്ഞിട്ടില്ല. തിരുവനന്തപുരം ജില്ലയുടെ മലയോരമേഖലകളില്‍ കനത്തമഴ തുടരുകയാണ്. കനത്തമഴയെ തുടര്‍ന്ന് വാമനപുരം നദിയില്‍ നീരൊഴുക്ക് വര്‍ധിച്ചു. മലയോരമേഖലകളില്‍ ഉള്‍വനത്തില്‍ മഴ ശക്തമായി പെയ്യുകയാണ്.
പ്രതികൂല കാലാവസ്ഥ കാരണം പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം വെള്ളിയാഴ്ച മുതല്‍ അടച്ചിടാന്‍ തിരുവനന്തപുരം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ നിര്‍ദേശം നല്കി. ഇനിയൊരു നിര്‍ദേശമുണ്ടാകുന്നതുവരെ ഇക്കോ ടൂറിസം കേന്ദ്രം അടച്ചിടാനാണ് ഉത്തരവ്.
കനത്തമഴയെത്തുടര്‍ന്ന് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. 15 സെന്റീ മീറ്റര്‍ വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. ഡാമിന്റെ സമീപപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
Kerala
തിരുവനന്തപുരം: മണ്ണന്തലയിൽ ഗുണ്ടാ നേതാവിന്റെ വീടിനു നേരെ ആക്രമണം. ഗുണ്ടാലിസ്റ്റിൽപ്പെട്ട രാജേഷിന്റെ വീടിന് നേരെയാണ് തിങ്കളാഴ്ച രാത്രി ആറംഗ സംഘം ആക്രമണം നടത്തിയത്.
വടിവാള്‍ അടക്കമുള്ള ആയുധങ്ങളുമായെത്തിയ സംഘം വീടിന് നേരെ നാടന്‍ പടക്കമെറിഞ്ഞു. തുടർന്ന് വീട്ടുമുറ്റത്തും റോഡിലും ഉണ്ടായിരുന്ന മൂന്ന് ഓട്ടോറിക്ഷകളും രണ്ട് കാറുകളും ഒരു ബൈക്കും അടിച്ചുതകർത്തു.
സംഭവത്തിൽ പ്രതികളെ പിടികൂടാനായിട്ടില്ല. ആക്രമണം നടത്തിയവരിൽ ചിലർ ഗുണ്ടാലിസ്റ്റിൽപെട്ടവരാണെന്നാണ് വിവരം. വീടിന് മുന്നിൽ വെച്ച് ബൈക്കുകൾ റേസ് ചെയ്തത് രാജേഷ് ചോദ്യം ചെയ്തപ്പോഴുണ്ടായ പ്രകോപനമാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം.
Editorial
ഫോറൻസിക് റിപ്പോർട്ടുകൾ വൈകുന്നതിനാൽ സംസ്ഥാനത്ത് പോക്സോ കേസുകൾ കെട്ടിക്കിടക്കേണ്ടിവരുന്നത് ഇരകൾക്കുള്ള തുടർപീഡനമാണ്.
ലൈംഗികാതിക്രമങ്ങളിൽ ഏറ്റവും ക്രൂരമാണ് കുട്ടിക്കൾക്കെതിരേയുള്ളത്. എത്രയും വേഗം കേസുകൾ പൂർത്തിയാക്കി കുട്ടികൾക്കും കുടുംബാംഗങ്ങൾക്കും നീതി ലഭ്യമാക്കുകയും കുറ്റവാളികൾ ശിക്ഷിക്കപ്പെടുകയും ചെയ്യേണ്ടതുണ്ട്.
കള്ളക്കേസിൽ കുടുക്കപ്പെട്ട നിരപരാധികളുടെ മോചനവും തുല്യപ്രാധാന്യമുള്ളതാണ്. എന്നാൽ, ഫോറൻസിക് റിപ്പോർട്ടുകൾ വൈകുന്നതിനാൽ സംസ്ഥാനത്ത് പോക്സോ കേസുകൾ കെട്ടിക്കിടക്കുന്നെന്ന വാർത്ത അസ്വസ്ഥജനകമാണ്. ഈ കെടുകാര്യസ്ഥത, പോക്സോ കേസുകളിലെ മാത്രമല്ല, അവയുടെ ദുരുപയോഗത്തിന്റെ ഇരകൾക്കും നീതി വൈകിക്കുന്ന തുടർപീഡനമാണ്.
ആഭ്യന്തരവകുപ്പില്‍നിന്നുള്ള കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ജൂലൈ 31 വരെ തീര്‍പ്പാക്കാനുള്ള പോക്സോ കേസുകളുടെ എണ്ണം 6,522 ആണ്. കൂടുതലും ഭരണസിരാകേന്ദ്രം ഉൾപ്പെടുന്ന തിരുവനന്തപുരം ജില്ലയിലാണ്. 1,370 കേസുകൾ. 704 കേസുകളുമായി എറണാകുളവും 642 കേസുകളുമായി കോഴിക്കോടും തൊട്ടുപിന്നാലെയുണ്ട്.
ഫോറന്‍സിക് ലാബുകളിലെ ഉദ്യോഗസ്ഥരുടെ കുറവു മൂലമാണ് പലപ്പോഴും ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നതില്‍ കാലതാമസം നേരിടുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറികളില്‍ 28 ഫോറന്‍സിക് ഓഫീസര്‍ തസ്തികകള്‍ ആഭ്യന്തരവകുപ്പ് അടുത്തിടെ അനുവദിച്ചിരുന്നു. അനുവദിച്ച തസ്തികകളിൽ എത്രയും വേഗം നിയമനം നടത്തിയാൽ കേസുകളുടെ കാലതാമസം ഒരു പരിധിവരെ ഒഴിവാക്കാം.
പോക്സോ കേസുകളിലെ ഇരകൾ സമൂഹത്തിലെ ഏറ്റവും ദുർബലരായതിനാൽ നിയമത്തിന്റെ നൂലാമാലകളിൽ കുടുക്കിയിടുന്നത് ലൈംഗികാതിക്രമത്തിന്റെ മാനസിക മുറിവുകളെ ഉണങ്ങാതെ നിലനിർത്തുന്നതിനു തുല്യമാണ്. മാത്രമല്ല, വ്യക്തിവൈരാഗ്യവും പകയും തീർക്കാൻ കെട്ടിച്ചമച്ച കള്ളക്കേസുകളും സമീപകാലത്ത് വർധിച്ചിട്ടിട്ടുണ്ട്. സമൂഹത്തിൽ അങ്ങേയറ്റം വെറുക്കപ്പെട്ടവരായി ചിത്രീകരിക്കപ്പെടുന്ന നിരപരാധികളും എത്രയും വേഗം മോചിപ്പിക്കപ്പെടേണ്ടതാണ്. ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തതിനാൽ ഈ ശ്രമം പരാജയപ്പെടുന്നത് സംസ്ഥാനത്തിന് അപമാനകരമാണ്.
മുടി, രക്തം, സ്രവങ്ങൾ, വിരലടയാളം എന്നിവയും കൈയക്ഷര വിശകലനവും ഫോറൻസിക് തെളിവുകളുടെ ഭാഗമാകാം. മെഡിക്കൽ പരിശോധന, മൊഴികൾ, സാഹചര്യ തെളിവുകൾ തുടങ്ങിയവയെ കൂടുതൽ ആധികാരികമാക്കുകയോ അധിക തെളിവുകൾ നൽകുകയോ ചെയ്യുന്നവയാണ് ഫോറൻസിക് പരിശോധനാഫലങ്ങൾ. വിചാരണവേളയിൽ കുറ്റവാളികളെയും നിരപരാധികളെയും വേർതിരിച്ചറിയാനും ഈ ശാസ്ത്രീയ തെളിവുകൾ സഹായിക്കും.
ബലാത്സംഗ-പോക്സോ കേസുകൾ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനായി 14 എക്സ്ക്ലൂസീവ് പോക്സോ കോടതികള്‍ ഉള്‍പ്പെടെ 56 അതിവേഗ പ്രത്യേക കോടതികളാണു സംസ്ഥാനത്തുള്ളത്. ഇവ കൂടാതെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതികളെയും മറ്റു ജില്ലകളിലെ ഫസ്റ്റ് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതികളെയും കുട്ടികളുടെ കോടതിയായി വിജ്ഞാപനം ചെയ്തിട്ടുണ്ട്. അതായത്, ആവശ്യത്തിനു നിയമസംവിധാനങ്ങളുണ്ടെങ്കിലും അനുബന്ധ രേഖകൾ യഥാസമയം നൽകാനാകുന്നില്ല. എത്ര സജ്ജമായ യന്ത്രത്തെയും ഊരിപ്പോയ ഒരാണി നിശ്ചലമാക്കുന്നതുപോലെ.
കുട്ടികളുടെ സംരക്ഷകരായിരിക്കേണ്ട കുടുംബാംഗങ്ങളും അധ്യാപകരുമൊക്കെ പോക്സോ കേസുകളിൽ കൂടുതലായി ഉൾപ്പെടുന്ന ഭയാനക സ്ഥിതി നിലവിലുണ്ട്. ഇരകളാകുന്ന ആൺകുട്ടികളുടെ എണ്ണവും വർധിച്ചു. വിദ്യാഭ്യാസ വകുപ്പിലെ 77 പോക്സോ കേസുകളിൽ വകുപ്പുതല ശിക്ഷാനടപടി നേരിടുന്നത് 65 അധ്യാപകരാണ്. 12 പേർ മറ്റു ജീവനക്കാരാണ്. സ്നേഹത്തിന്റെ കരങ്ങളെന്നു കരുതിയവതന്നെ ഞെരിച്ചെന്ന യാഥാർഥ്യത്തിനു മുന്നിൽ പകച്ചുനിൽക്കുകയാണ് പോക്സോ ഇരകൾ.
ലൈംഗികാതിക്രമങ്ങൾ കുട്ടികളുടെ വർത്തമാനകാലത്തെ തരിപ്പണമാക്കിയെങ്കിൽ നീതി വൈകിക്കുന്നതിലൂടെ സർക്കാർ അവരുടെ ഭാവിയെയും ഭയത്തിനു പണയപ്പെടുത്തുകയാണ്. ബാക്കിയുള്ളത് ഭൂതകാലത്തിന്റെ ഉണങ്ങാത്ത മുറിവുകളാണ്. കേവലം ഫോറൻസിക് റിപ്പോർട്ടിന്റെ പേരിൽ അവരെ അവിടെ തളച്ചിടരുത്.
Kerala
തിരുവനന്തപുരം: കിളിമാനൂരിൽ വാഹനമിടിച്ച് കാൽനട യാത്രക്കാരൻ മരിച്ച സംഭവത്തിൽ അപകടമുണ്ടാക്കി നിർത്താതെ പോയ വാഹനം ഓടിച്ചിരുന്നത് പാറശാല എസ്എച്ച്ഒ തന്നെയെന്ന് കണ്ടെത്തൽ. എസ്എച്ച്ഒ അനിൽകുമാറിന്റെ ഉടമസ്ഥതയിലുള്ള കാറാണ് അപകടത്തിനു കാരണമായതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
ഇയാൾക്കെതിരേ കിളിമാനൂർ പോലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുക്കും. കുറ്റം തെളിഞ്ഞാൽ സസ്പെൻഷൻ അടക്കമുള്ള നടപടികളിലേക്കു കടക്കാനും സാധ്യതയുണ്ട്.
കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ നാലിനും അഞ്ചിനും ഇടയിലായിരുന്നു സംഭവം. റോഡിലൂടെ നടന്നുപോകുകയായിരുന്ന രാജനെ (59) ഇടിച്ചിട്ട് കാർ നിർത്താതെ പോവുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണു വാഹനം തിരിച്ചറിഞ്ഞത്.
മണിക്കൂറുകളോളം ചോരവാർന്ന് റോഡിൽ കിടന്ന കൂലിപ്പണിക്കാരനായ രാജനെ നാട്ടുകാരും പോലീസും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Kerala
തിരുവനന്തപുരം: നെയ്യാര്‍ഡാം കുറ്റിച്ചലില്‍ മദ്യലഹരിയില്‍ മകന് പിതാവിനെ ചവിട്ടിക്കൊന്നു. നെയ്യാര്‍ഡാം മണ്ണൂര്‍ക്കര കുറ്റിച്ചല്‍ നിഷ നിവാസില്‍ രവി (65) ആണ് കൊല്ലപ്പെട്ടത്. മകന് നിഷാദിനെ നെയ്യാര്‍ഡാം പോലീസ് കസ്റ്റഡിയിലെടുത്തു.
തിങ്കളാഴ്ച രാത്രിയിലായിരുന്നു സംഭവം. മദ്യപിച്ച് വീട്ടിലെത്തിയ നിഷാദ് മകളെ മര്‍ദിച്ചു. കുട്ടിയെ മര്‍ദ്ദിക്കുന്നത് രവി തടഞ്ഞതാണ് പ്രകോപനമായത്. ഇദ്ദേഹത്തെ നിഷാദ് മര്‍ദ്ദിച്ച ശേഷം നെഞ്ചില്‍ ചവിട്ടി വീഴ്ത്തിയെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ രവിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നെയ്യാര്‍ ഡാം പോലീസ് സ്ഥലത്തെത്തി നിഷാദിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. തിരുവനന്തപുരത്തെ സ്വകാര്യ ആയൂര്‍വേദാശുപത്രിയിലെ ഡ്രൈവറാണ് നിഷാദ്. രവിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് ശേഷം യുവതിയുടെ നെഞ്ചിൽ ട്യൂബ് കുടുങ്ങിയെന്ന പരാതിയിൽ ഡോക്ടർക്കെതിരേ കേസെടുത്തു. ഡോ. രാജീവ് കുമാറിനെതിരേയാണ് ഐപിസി 336, 338 എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തത്. നിലവിൽ ഒരു പ്രതി മാത്രമാണ് കേസിലുള്ളത്.
കാട്ടക്കാട മലയിൻകീഴ് സ്വദേശി സുമയ്യയാണ് ചികിത്സാ പിഴവ് മൂലം ദുരിതം അനുഭവിക്കുന്നത്. 2023 മാർച്ച് 22 നാണ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ സുമയ്യ ചികിത്സ തേടിയത്. തൈറോയ്ഡ് ഗ്രന്ഥി എടുത്തു കളയുന്ന ശസ്ത്രക്രിയയ്ക്ക് ശേഷം ഞരമ്പ് കിട്ടാതെ വന്നപ്പോൾ രക്തവും മരുന്നുകളും നൽകാനായി സെൻട്രൽ ലൈനിട്ടിരുന്നു. ഇതിന്റെ ഗൈഡ് വയറാണ് നെഞ്ചിൽ കുടുങ്ങിക്കിടക്കുന്നത്.
Kerala
തിരുവനന്തപുരം: അനധികൃതമായി ഇന്ത്യയിലേക്കു കടന്ന ബംഗ്ലാദേശ് സ്വദേശിയെ പേട്ട പോലീസ് പിടികൂടി. പ്രണോയ് റോയി (29) ആണ് പിടിയിലായത്. ബ്രഹ്മോസിലെ കരാർ തൊഴിലാളി ആണെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്.
ഇതിന്റെ സത്യാവസ്ഥ പോലീസ് അന്വേഷിക്കുകയാണ്. ഇന്ത്യയിലേക്ക് കടന്ന ഇയാളുടെ കൈവശം വ്യാജ ആധാർ കാർഡാണ് ഉണ്ടായിരുന്നത്. ഇയാളുടെ ഫോണിൽ ബംഗ്ലാദേശ് പാസ്പോർട്ടിന്റെ വിവരങ്ങളും കൈവശം വെസ്റ്റ് ബംഗാളിൽനിന്നും ഇയാൾ വ്യാജമായി നിർമിച്ച ആധാർകാർഡും കണ്ടെത്തി.
2025 ലാണ് ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് കടന്നത്. കൊച്ചുവേളിയിലാണ് താമസിച്ചു വന്നത്. ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിനിടെയാണ് പ്രതി പിടിയിലാകുന്നത്. സംശയം തോന്നി രേഖകൾ പരിശോധിക്കുന്നതിനിടെയാണ് ഫോണിൽ ബംഗ്ലാദേശിൽ എടുത്ത പാസ്പോർട്ടിന്റെ കോപ്പി കണ്ടെത്തിയത്.
Kerala
തിരുവനന്തപുരം: വട്ടിയൂർക്കാവിൽ സ്കൂൾ വാൻ കുഴിയിൽവീണ് അപകടം. വാനിലുണ്ടായിരുന്ന 31 വിദ്യാർഥികള്‍ക്കും ഒരു അധ്യാപികയ്ക്കുമടക്കം 32 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 9.30ഓടെ വട്ടിയൂര്‍ക്കാവ് മലമുകളിലാണ് അപകടമുണ്ടായത്. സെന്റ് സാന്താസ് സ്കൂളിലേക്ക് കുട്ടികളുമായി എത്തിയ സ്വകാര്യ വാൻ ആണ് താഴ്ചയിലേക്ക് വീണത്.
ശാസ്തമംഗലത്തുള്ള സ്വകാര്യ ആശുപത്രിയിലാണ് കുട്ടികള്‍ ചികിത്സയിലുള്ളത്. ആരുടെയും പരിക്ക് ഗുരുതരമല്ല. മന്ത്രി വി. ശിവൻകുട്ടി ആശുപത്രിയിലെത്തി കുട്ടികളെ സന്ദര്‍ശിച്ചു.
റോഡിന്റെ മോശം അവസ്ഥയും കൈവരി കെട്ടാത്തതിന്റെയും പ്രശ്നമാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു.
Kerala
തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ കാർ നിയന്ത്രണം വിട്ട് നടപ്പാതയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. ജനറൽ ആശുപത്രിക്ക് സമീപം ഇന്ന് ഉച്ചയോടെയാണ് സംഭവം.
വട്ടിയൂർക്കാവ് സ്വദേശി ഓടിച്ചിരുന്ന കാർ നടപ്പാതയിലേക്കും തുടർന്ന് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലേക്കും ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റവരിൽ നാലുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരിൽ രണ്ട് പേർ ഓട്ടോ ഡ്രൈവർമാരും രണ്ടുപേർ വഴിയാത്രക്കാരുമാണ്.
കാർ ഓടിച്ചു പഠിക്കുന്നതിനിടെയാണ് അപകടമെന്നും ബ്രേക്കിന് പകരം ആക്സിലറേറ്റർ ചവിട്ടിയതാണ് അപകടത്തിന് കാരണമെന്നുമാണ് ദൃക്സാക്ഷികൾ പറയുന്നത്.
Kerala
തിരുവനന്തപുരം: ശ്രിപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നത് ആചാരവിരുദ്ധം,.നിലവറ പെട്ടെന്ന് തുറക്കാനാവില്ലെന്നും പത്മനാഭസ്വാമിക്ഷേത്രത്തിലെ ഭരണസമിതി അംഗവും കേന്ദ്രസര്‍ക്കാര്‍ പ്രതിനിധിയുമായ കരമന ജയന് വ്യക്തമാക്കി.
നിലവറ തുറക്കല്‍ സംബന്ധിച്ച് ഒരു ആലോചനയും നിലവിലില്ല. ചില തത്പര കക്ഷികളാണ് അനാവശ്യകാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത്. ദേവ ചൈതന്യമുള്ളതാണ് ബി നിലവറയെന്നും കരമന ജയന് വ്യക്തമാക്കി.
നിലവറ തുറക്കണമെന്ന് ആവശ്യപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധിയുടെ അഭിപ്രായത്തോട് യോജിപ്പില്ലെന്നും കരമന ജയന് പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസിയുടെ താത്കാലിക അധ്യക്ഷനായി എൻ. ശക്തൻ ഇന്ന് ചുമതലയേൽക്കും. ഉച്ചയ്ക്ക് 12നു അദ്ദേഹം ചുമതല ഏറ്റെടുക്കും. വൈകാതെ പുതിയ അധ്യക്ഷനെ നിശ്ചയിക്കുമെന്നാണ് വിവരം.
വിവാദ ഫോണ്‍ സംഭാഷണം പുറത്തു വന്നതിനു പിന്നാലെ തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ച പാലോട് രവിക്കു പകരമാണ് എൻ. ശക്തൻ താത്കാലിക അധ്യക്ഷന്റെ ചുമതല ഏറ്റെടുക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായായി പ്രസിദ്ധീകരിച്ച കരടു വോട്ടർ പട്ടികയിൽ ഏറെ ക്രമക്കേടുള്ള സാഹചര്യത്തിൽ മണ്ഡലം-ബൂത്ത് ഭാരവാഹികളെ അടക്കം ഏകോപിപ്പിക്കേണ്ട സാഹചര്യത്തിലാണ് അടിയന്തരമായി ഡിസിസി പ്രസിഡന്റിന്റെ താത്കാലിക ചുമതല നൽകിയതെന്നാണ് കെപിസിസി നേതൃത്വം പറയുന്നത്.
കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും പുനഃസംഘടന വൈകാതെ നടക്കുന്ന സാഹചര്യവുമുണ്ട്. മുൻ മന്ത്രിയും നിയമസഭാ സ്പീക്കറുമായിരുന്ന ശക്തന് ജില്ലയിലെ മിക്കവാറും നേതാക്കളും ഭാരവാഹികളുമായി അടുത്ത ബന്ധമാണുള്ളത്. ഡിസിസി പ്രസിഡന്റിന്റെ ചുമതല ഏറ്റെടുക്കാൻ ആദ്യം ശക്തൻ വൈമുഖ്യം പ്രകടിപ്പിച്ചെങ്കിലും നേതൃത്വം നിർബന്ധിച്ചതോടെ അദ്ദേഹം സന്നദ്ധത അറിയിക്കുകയായിരുന്നു.
District News
തിരുവനന്തപുരം ജില്ലയിൽ ശക്തമായ മഴ തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ആരംഭിച്ച മഴയ്ക്ക് ശമനമില്ലാത്തത് ജനജീവിതത്തെ സാരമായി ബാധിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടത് ആശങ്കയുയർത്തുന്നുണ്ട്.
നഗരത്തിലെ പല പ്രധാന റോഡുകളിലും വെള്ളം കയറിയത് ഗതാഗത തടസ്സങ്ങൾക്ക് കാരണമായി. ചിലയിടങ്ങളിൽ വീടുകളിലും വെള്ളം കയറിയതായും റിപ്പോർട്ടുകളുണ്ട്. ദുരിതബാധിത പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം ഇന്നും ജില്ലയിൽ കനത്ത മഴ തുടരാൻ സാധ്യതയുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: ശ്രീചിത്ര പുവര്‍ ഹോമിലെ മൂന്നു പെൺകുട്ടികൾ ജീവനൊടുക്കാൻ ശ്രമിച്ചു. ഞായറാഴ്ച രാത്രിയിലാണ് സംഭവം. മൂവരെയും തിരുവനന്തപുരം എസ്യുടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രണ്ടാഴ്ച മുമ്പ് പുവര്‍ ഹോമിലെത്തിയ ആറ്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികളാണ് ഇവര്‍. അന്തേവാസികളായ മറ്റു ചില കുട്ടികള്‍ കളിയാക്കിയത് മാനസിക വിഷമത്തിനിടയാക്കിയെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞു.
കുട്ടികൾ പാരസെറ്റാമോള്‍ ഗുളികകളും വൈറ്റമിൻ ഗുളികകളും അമിതമായി കഴിക്കുകയായിരുന്നുവെന്ന് ശ്രീചിത്ര പുവര്‍ ഹോം സൂപ്രണ്ട് ബിന്ദു പറഞ്ഞു. നിലവിൽ ആശുപത്രിയിൽ ചികിത്സയിലുള്ള മൂന്നു പെണ്‍കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണ്.
Kerala
തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്റെ കൈയിലെ തോക്കിൽ നിന്നും അബദ്ധത്തിൽ വെടിപൊട്ടി.
രാവിലെ ഡ്യൂട്ടി മാറുന്നതിന്റെ ഭാഗമായി ആയുധങ്ങൾ സൂക്ഷിക്കുന്ന മുറിയിൽ വച്ച് തോക്ക് വൃത്തിയാക്കുന്നതിനിടെയാണ് സംഭവം. ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം.
സംഭവത്തില്‍ ക്ഷേത്രത്തിന്റെ സുരക്ഷ ചുമതലയുള്ള ഡെപ്യൂട്ടി കമാൻഡന്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.