ഡിമലയാളി ഡിജിറ്റൽ പത്രം വായനക്കാർക്കായി സമർപ്പിച്ചു
സാം മാത്യു
Thursday, April 17, 2025 3:35 PM IST
ഡാളസ്: ഡാളസ് ആസ്ഥാനമായി പുറത്തിറക്കുന്ന ഡിമലയാളി എന്ന ഡിജിറ്റൽ പത്രം മാധ്യമപ്രവർത്തകൻ പി.പി. ജെയിംസ് വായനക്കാർക്കായി സമർപ്പിച്ചു.
പ്രവാസ നാട്ടിൽ ആണെങ്കിൽ കൂടി ജനിച്ചു വളർന്ന നാടിന്റെ സംസ്കാരവും ഭാഷയും നിലനിർത്താൻ ഡിമലയാളിക്ക് സാധിക്കട്ടെയെന്നു അദ്ദേഹം ആശംസിച്ചു.
തുടർന്ന് മാധ്യമപ്രവർത്തകൻ വി. അരവിന്ദും ചടങ്ങിൽ ആശംസ നേർന്നു. അമേരിക്കൻ മലയാളികളുടെ സംഘടനാ വാർത്തകളിൽ മാത്രം ഒതുങ്ങി നിൽക്കാതെ ലോകത്തെ മൊത്തം ബാധിക്കുന്ന വിഷയങ്ങൾ ഡിമലയാളി ഏറ്റെടുക്കണമെന്നു അദ്ദേഹം പറഞ്ഞു
എ.സി. ജോർജ് ഹൂസ്റ്റൺ (മാധ്യമ പ്രവർത്തകൻ), സ്റ്റാൻലി ജോർജ്ജ്( മാധ്യമ പ്രവർത്തകൻ), ഷിജു ഏബ്രഹാം (ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യുക്കേഷൻ സെന്റർ), സി.വി. ജോർജ്, പാസ്റ്റർ ഷിബു സാമുവേൽ, ഹരിദാസ് തങ്കപ്പൻ (ലിറ്ററി സൊസൈറ്റി അമേരിക്ക, വൈസ് പ്രസിഡന്റ്),
തോമസ് മാത്യു (ജീമോൻ റാന്നി ഹൂസ്റ്റൺ ഐപിസിഎൻഎ), രാജു തരകൻ (ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ്) എന്നിവരും സിജു വി. ജോർജ്, പ്രസാദ് തീയാടിക്കൽ, തോമസ് ചിറമേൽ, അനശ്വർ മാമ്പള്ളി എന്നീ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസിന്റെ ഭാരവാഹികളും പത്രത്തിന്റെ അണിയറ പ്രവർത്തകരെ ആശംസകൾ അറിയിച്ചു.
ഡിമലയാളി ഓൺലൈൻ പത്രത്തിന്റെ ചീഫ് എഡിറ്റർ പി.പി. ചെറിയാൻ പ്രകാശന കർമചടങ്ങുകൾക്ക് നേതൃത്വം വഹിച്ചു. മാനേജിംഗ് എഡിറ്റർ സണ്ണി മാളിയേക്കൽ അധ്യക്ഷത വഹിച്ചു ആമുഖ പ്രസംഗം നടത്തി. ആൾസ്റ്റർ മാമ്പള്ളി ഹൃദ്യമായ ചെറു കവിത അവതരിപ്പിച്ചു.
ലോക വാർത്തകളും കലാ-കായിക രംഗത്തെ വാർത്തകളും സാഹിത്യ കൃതികളും സാമൂഹിക - സാംസ്കാരിക - പ്രദേശിക വിഷയങ്ങളെക്കുറിച്ചുള്ള അറിയിപ്പുകൾ എന്നിവ ഉടനടി അനുവാചകരിൽ എത്തിക്കാൻ സദാകർമനിരതരായിരിക്കുമെന്ന് പത്രാധിപ സമിതി ഉറപ്പു നൽകി.
ഡിമലയാളി പത്രത്തിന്റെ അഭ്യുദയകാംക്ഷികളും സാഹിത്യ സ്നേഹികളുമായ നിരവധി പേർ പ്രകാശന ചടങ്ങിന് സാക്ഷ്യം വഹിച്ചു.