1000 ടണ്‍ സഹാറന്‍ പൊടി യൂറോപ്പിലേക്ക്; ഓസ്ട്രിയയിലും ജർമനിയിലും രക്തമഴ മുന്നറിയിപ്പ്
ജോസ് കുമ്പിളുവേലില്‍
Saturday, April 19, 2025 2:25 PM IST
ബെര്‍ലിന്‍: സഹാറ മരുഭൂമിയിലെ പൊടി യൂറോപ്യന്‍ അന്തരീക്ഷത്തിലേക്ക് പടര്‍ന്ന് ചുവന്ന മേഘങ്ങള്‍ രൂപം കൊള്ളുകയും രക്തമഴയായി നിലത്തു പൊഴിഞ്ഞേക്കുമെന്ന് കലാവസ്ഥാ വിദഗ്ധന്‍ ഡൊമിനിക് യുംഗ് പ്രവചിക്കുന്നു.
മരുഭൂമിയിലെ സഹാറന്‍ പൊടിയുടെ വലിയ വേലിയേറ്റം യൂറോപ്പിലേക്ക് നീങ്ങി ആദ്യം ഓസ്ട്രിയയിലും തെക്കന്‍ ജര്‍മനിയുടെ ചില ഭാഗങ്ങളിലും എത്തുമെന്നാണ് പ്രവചനം. ഇത് ശക്തമായ ഇടിമിന്നലിനുശേഷം രക്തമഴയായി പെയ്തേക്കാം എന്നാണ് വിദഗ്ധന്‍ പറയുന്നത്.
തിങ്കളാഴ്ച അള്‍ജീരിയയില്‍ അപൂര്‍വമായ മരുഭൂമിയിലെ ഇടിമിന്നലുണ്ടായി വലിയ അളവില്‍ പൊടി ഇളക്കി. വിയന്നയ്ക്ക് മുകളില്‍ 800 മുതല്‍ 1,000 ടണ്‍ വരെ സഹാറ മണല്‍പ്പൊടി ഉണ്ടാകും. ഇതുവഴിയായി രക്തമഴ ഉണ്ടാവും ഒപ്പം ഫ്രാങ്കോണിയയില് ഇടിമിന്നലും ഉണ്ടാവും.
ജര്‍മന്‍ കാലാവസ്ഥത റിപ്പോർട്ട് അനുസരിച്ച്, തെക്കുപടിഞ്ഞാറന്‍ ഭാഗത്തു നിന്നും നേരിയ വായു ബവേറിയയില്‍ എത്തും. പകല്‍ സമയത്ത് ഇത് ഭാഗികമായി അസ്ഥിരമാകും. ഒറ്റപ്പെട്ട ഇടിമിന്നലിനുള്ള സാധ്യതയുണ്ട്, പ്രത്യേകിച്ച് വടക്കുപടിഞ്ഞാറന്‍ പകുതിയില്‍.
ആലിപ്പഴ വര്‍ഷവും മണിക്കൂറില്‍ 50 കി.മീ വേഗതയുള്ള കാറ്റും കൊണ്ട് കുറഞ്ഞ സമയത്തിനുള്ളില്‍ ചതുരശ്ര മീറ്ററിന് ഏകദേശം 20 ലിറ്റര്‍ പ്രാദേശികമായി കനത്ത മഴ പെയ്തേക്കും. വാഴപ്പഴത്തിന്റെ ആകൃതിയിലുള്ള പൊടിപടലം ജര്‍മനിയില്‍ എത്തുമെന്നാണ് പ്രവചനം.
കിഴക്കിന്റെ ഭൂരിഭാഗം ഭാഗങ്ങളിലും ഈസ്റ്റര്‍ ഞായറാഴ്ച വരെ മഴയുണ്ടാകില്ല. വളരെ ചൂടായിരിക്കും എന്നാണ് റിപ്പോർട്ട്.