മാഞ്ചസ്റ്റർ ടു കേരള; സാഹസിക യാത്രയ്ക്ക് ഇന്ന് തുടക്കം
അലക്സ് വർഗീസ്
Monday, April 14, 2025 5:17 PM IST
മാഞ്ചസ്റ്റർ: മാഞ്ചസ്റ്ററിൽ നിന്നും 20 രാജ്യങ്ങൾ പിന്നിട്ട് കേരളത്തിലേക്കും തിരികെ മാഞ്ചസ്റ്ററിലേക്കും സാഹസിക കാർ യാത്രയുമായി മലയാളികൾ. സാബു ചാക്കോ, ഷോയി ചെറിയാൻ, റെജി തോമസ്, ബിജു പി. മാണി എന്നിവർ നടത്തുന്ന യാത്ര ഇന്ന് മാഞ്ചസ്റ്ററിൽ നിന്നും ആരംഭിക്കും.
ക്രിസ്റ്റി കാൻസർ ഹോസ്പിറ്റലിന് വേണ്ടി ഫണ്ട് ശേഖരണം പ്രധാന ലക്ഷ്യമായി ആരംഭിക്കുന്ന സാഹസിക യാത്ര ഇന്ന് രാവിലെ 11ന് കോൺസൽ ജനറൽ ഓഫ് ഇന്ത്യ, മാഞ്ചസ്റ്റർ വൈശാഖ യെദുവൻഷി ഉദ്ഘാടനം ചെയ്യും.
യോഗത്തിൽ യുക്മ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ അധ്യക്ഷത വഹിക്കും. ജെൻ കെന്റ് (കമ്യൂണിറ്റി ഫണ്ട് റെയ്സിംഗ് ഓഫീസർ, ദ ക്രിസ്റ്റി ചാരിറ്റി), ഷൈനു ക്ലെയർ മാത്യൂസ്, വിൽസൻ, സോയ്മോൻ, ചാക്കോ തുടങ്ങിയവർ ആശംസകൾ നേരും.
സാഹസിക യാത്രാംഗങ്ങളായ സാബു ചാക്കോ സ്വാഗതവും ബിജു പി. മാണി നന്ദിയും പ്രകാശിപ്പിക്കും. തുടർന്ന് വിശിഷ്ടാതിഥികളായ വൈശാഖ യെദുവൻഷി, അഡ്വ. എബി സെബാസ്റ്റ്യൻ എന്നിവർ ചേർന്ന് നാടമുറിച്ച് യാത്രയുടെ ചടങ്ങുകൾക്ക് തുടക്കം കുറിക്കും.

ജെൻ കെന്റ് താക്കോൽ യാത്രാംഗങ്ങൾക്ക് കൈമാറും. സാഹസിക യാത്രികരെ അവരുടെ ഭാര്യമാരായ ബിന്ദു സാബു, ഗ്രേസി ബിജു, ലൂസി ഷോയി, ലാലി റെജി എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്യും. യാത്ര മാഞ്ചസ്റ്റർ എയർപോർട്ടിന് സമീപത്തുള്ള മോസ് നൂക്ക് ഇന്ത്യൻ റസ്റ്റോറന്റ് പരിസരത്തു നിന്നു ഇന്ന് രാവിലെ 11നും 12നും ഇടയിലാണ് ആരംഭിക്കുന്നത്.
ഫ്ലാഗ് ഓഫ് ചെയ്യുവാൻ രാഷട്രീയ സാമൂഹിക മേഖലകളിലെ പ്രമുഖരോടൊപ്പം വിവിധ മലയാളി അസോസിയേഷൻ ഭാരവാഹികളും പ്രവർത്തകരും ആശംസകളറിയിക്കാൻ എത്തിച്ചേരുന്നതാണ്. കെവിടിവി ഇന്നത്തെ പ്രോഗ്രാം ലൈവായി സംപ്രേക്ഷണം ചെയ്യുന്നുണ്ട്.
വളരെ നാളുകളായി ആഗ്രഹിച്ചു കൊണ്ടിരുന്ന ഈ യാത്രയ്ക്കായി ഒരു വർഷത്തിലധികമായി ഇവർ നാലു പേരും ഒരുക്കങ്ങൾ നടത്തിവരികയായിരുന്നു.
ഗ്രേറ്റ് ബ്രിട്ടന്റെ മണ്ണിലെ മാഞ്ചസ്റ്ററിൽ നിന്നും ഫ്രാൻസ്, ബെൽജിയം, ജർമനി, സ്വിറ്റ്സർലൻഡ്, ഓസ്ട്രിയ, കൊറേഷ്യ, ഹംഗറി, ബോസ്നിയ, മോണ്ടനോഗ്രോ, സെർബിയ, റൊമാനിയ, ടർക്കി, ജോർജിയ, റഷ്യ, ഖസാക്കിസ്ഥാൻ, ചൈന, തുടർന്ന് നേപ്പാളിലൂടെ ഇന്ത്യയിൽ എത്തി കേരളത്തിൽ ഏകദേശം 60 ദിവസങ്ങൾ സഞ്ചരിച്ചാണ് എത്തിച്ചേരുന്നത്.
ഏതാനും ദിവസങ്ങളുടെ വിശ്രമ ശേഷം കേരളത്തിൽ നിന്നും തിരിച്ച് ഓഗസ്റ്റ്20ന് ഇതേ റൂട്ടിലൂടെ തിരികെ മാഞ്ചസ്റ്ററിൽ എത്തുന്ന ഒരു യാത്രയാണ് ക്രമീകരിച്ചിരിക്കുന്നത്. യാത്രയിലൂടെ അനേകം രാജ്യങ്ങൾ കാണുവാനും അവരുടെ സംസ്കാരവും പൈതൃകവും മനസിലാക്കുവാനും സാധിക്കും എന്നുള്ള ഒരു വലിയ ആത്മവിശ്വാസമാണ് യാത്രികരായ നാലു പേരെയും ഈ സാഹസിക യാത്രയ്ക്ക് പ്രചോദനമാകുന്ന മറ്റൊരു കാരണം.