ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുര്‍മു സ്ലോവാക്യയില്‍
ജോസ് കുമ്പിളുവേലില്‍
Friday, April 11, 2025 2:02 AM IST
ബ്രാറ്റിസ്ലാവ: ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുര്‍മു ബുധനാഴ്ച സ്ലോവാക്യയിൻ പ്രസിഡന്റ് പീറ്റര്‍ പെല്ലെഗ്രിനിയുമായി ബ്രാറ്റിസ്ലാവയില് കൂടിക്കാഴ്ച നടത്തി. പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ പ്രസിഡന്റ് മുര്‍മുവിനെ പ്രസിഡന്റ് പെല്ലെഗ്രിനി സ്വീകരിച്ച് പരമ്പരാഗത സ്ലോവാക് വന്ദനത്തോടെ ബ്രെഡും ഉപ്പും നല്കി.
ആചാരപരമായ ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി സ്വീകരണം നല്കി ആനയിച്ചു. പ്രസിഡന്‍ഷ്യല്‍ പാലസില്‍ പീറ്റര്‍ പെല്ലെഗ്രിനിയുടെ സാന്നിധ്യത്തില്‍ പ്രസിഡന്റ് ദ്രൗപതി മുര്‍മു സന്ദര്‍ശക പുസ്തകത്തില്‍ ഒപ്പുവച്ചു.
ഇരു നേതാക്കളും വിവിധ മേഖലകളില്‍ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്താന്‍ സമ്മതിച്ചു. 29 വര്‍ഷത്തിന് ശേഷം ഒരു ഇന്ത്യന്‍ പ്രസിഡന്റ് സ്ലോവാക്യ സന്ദര്‍ശിക്കുന്ന ആദ്യ കൂടിക്കാഴ്ചയാണ് ഇത്.
രണ്ട് പ്രസിഡന്റുമാരും ഉത്പാദനമേഷലയിലെ വിഷയങ്ങളും ചര്‍ച്ചചെയ്തു. ഇന്ത്യ - സ്ലോവാക്യ ബന്ധത്തിന്റെ വിവിധ വശങ്ങള് അവലോകനം ചെയ്യുകയും ഉഭയകക്ഷി പങ്കാളിത്തം വിപുലീകരിക്കുന്നതിനുള്ള പങ്കിട്ട പ്രതിബദ്ധത പ്രകടിപ്പിക്കുകയും ചെയ്തു.
സ്ലോവാക്യയില്‍ ഇന്ത്യന്‍ സംസ്കാരത്തില്‍ വര്‍ധിച്ചുവരുന്ന താത്പര്യം പ്രസിഡന്റ് മുര്‍മു അംഗീകരിക്കുകയും മാധ്യമങ്ങള്‍, വിനോദം, സര്‍ഗാത്മക സമ്പദ്വ്യവസ്ഥ എന്നീ മേഖലകളിലെ സഹകരണത്തിനുള്ള സാധ്യതകള്‍ അടിവരയിടുകയും ചെയ്തു.
മേയ് ഒന്ന് മുതല്‍ നാലു വരെ മുംബൈയില്‍ നടക്കാനിരിക്കുന്ന വേവ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രസിഡന്റ് മുര്‍മു സ്ലോവാക്യയെ ക്ഷണിച്ചു. സിനിമാ നിര്‍മാണത്തിലെ സംയുക്ത സംരംഭങ്ങള്‍ പരിഗണിക്കാനും രാജ്യത്തെ ഒരു ചിത്രീകരണ കേന്ദ്രമായി പ്രോത്സാഹിപ്പിക്കാനും അവര്‍ സ്ലോവാക്യയെ പ്രോത്സാഹിപ്പിച്ചു.
സന്ദര്‍ശനത്തിന്റെ ഭാഗമായി രണ്ട് ധാരണാപത്രങ്ങള്‍ (എംഒയു) കൈമാറുന്നതിന് ഇരു നേതാക്കളും സാക്ഷ്യം വഹിച്ചു. മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (എംഎസ്എംഇ) മേഖലയിലെ സഹകരണത്തിനായി ഇന്ത്യയുടെ നാഷണല്‍ സ്മോള്‍ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷനും (എന്‍എസ്ഐസി) സ്ലോവാക് ബിസിനസ് ഏജന്‍സിയും തമ്മില്‍ ഒരു ധാരണാപത്രം ഒപ്പുവച്ചു.
നയതന്ത്ര പരിശീലനത്തിലും വിനിമയത്തിലും ഉഭയകക്ഷി സഹകരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് സുഷമ സ്വരാജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന് സര്‍വീസും (എസ്എസ്ഐഎഫ്എസ്) സ്ലോവാക് വിദേശ, യൂറോപ്യന്‍ കാര്യ മന്ത്രാലയവും തമ്മില്‍ മറ്റൊരു ധാരണാപത്രം ഒപ്പുവച്ചു.
ഇന്ത്യന്‍ പ്രതിനിധി സംഘത്തില്‍ സഹമന്ത്രി നിമുബെന്‍ ബംഭാനിയ, പാര്‍ലമെന്റ് അംഗങ്ങളായ ധവല്‍ പട്ടേല്‍, സന്ധ്യ റേ എന്നിവരും മുതിര്‍ന്ന ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള പ്രസിഡന്റ് പെല്ലെഗ്രിനിയുടെ വ്യക്തിപരമായ പ്രതിബദ്ധതയെ പ്രസിഡന്റ് മുര്‍മു അഭിനന്ദിച്ചു.