കൃപാസനം മരിയൻ ഉടമ്പടി ധ്യാനം ബെർമിംഗ്ഹാം ബഥേൽ സെന്ററിലും എയ്ൽസ്ഫോർഡിലും ഓഗസ്റ്റ് ആദ്യവാരം
അപ്പച്ചൻ കണ്ണഞ്ചിറ
Wednesday, April 9, 2025 2:43 AM IST
ലണ്ടൻ: കാദോഷ് മരിയൻ മിനിസ്ട്രീസിന്റെ നേതൃത്വത്തിൽ യുകെയിൽ സംഘടിപ്പിക്കുന്ന കൃപാസനം മരിയൻ ഉടമ്പടി ധ്യാനവേദി വാത്സിങ്ങാമിൽ നിന്നും ബെർമിംഗ്ഹാം ബഥേൽ കൺവൻഷൻ സെന്ററിലേക്ക് മാറ്റി.
ധ്യാനത്തിൽ പങ്കെടുക്കുന്നവരുടെ തിരക്കും സൗകര്യവും പരിഗണിച്ചാണ് വാത്സിംഗ്ഹാമിൽ നിന്നും വേദി മാറ്റിയതെന്ന് സംഘാടകർ അറിയിച്ചു. പുതിയ തീരുമാനപ്രകാരം ബെർമിംഗ്ഹാം ബഥേൽ കൺവൻഷൻ സെന്ററിൽ ഓഗസ്റ്റ് 2, 3 തീയതികളിലാണ് ധ്യാനം നടക്കുക.

എയ്ൽസ്ഫോർഡിൽ നടത്താൻ തീരുമാനിച്ച കൃപാസനം ഉടമ്പടി ധ്യാനം ഓഗസ്റ്റ് 6, 7 തീയതികളിൽ എയ്ൽസ്ഫോർഡ് മരിയൻ തീർഥാടന കേന്ദ്രത്തിൽ വച്ചുതന്നെ നടക്കുമെന്നും സംഘാടകർ അറിയിച്ചു.
കൃപാസനം മരിയൻ ധ്യാനങ്ങൾക്ക് കണ്ണൂർ ലത്തീൻ രൂപതയുടെ അധ്യക്ഷൻ ബിഷപ് മാർ ഡോ. അലക്സ് വടക്കുംതലയും, കൃപാസനം മരിയൻ റിട്രീറ്റ് സെന്റിലേക്ക് സ്ഥാപകനും ഡയറക്ടറുമായ റവ. ഡോ. ജോസഫ് വലിയവീട്ടിലും നേതൃത്വം നൽകും.
യുകെ റോമൻ കത്തോലിക്കാ പള്ളിയുടെ ചാപ്ലിനും തിരുവചന പ്രഘോഷകനുമായ ഫാ. വിങ്സ്റ്റൺ വാവച്ചൻ, ബ്ര.തോമസ് ജോർജ് (ചെയർമാൻ, കാദോഷ് മരിയൻ മിനിസ്ട്രീസ്) തുടങ്ങിയവർ ശുശ്രൂഷകൾ നയിക്കും.
ആത്മീയ നവീകരണത്തിനും പരിശുദ്ധ അമ്മക്ക് സമർപ്പിതമായ വിശ്വാസ അനുഭവത്തിനുമായി ഒരുക്കുന്ന നാല് ദിവസത്തെ താമസിച്ചുള്ള ധ്യാനങ്ങൾ യുകെയിലെ ബെർമിംഗ്ഹാമിലും എയ്ൽസ്ഫോർഡിലും രണ്ടു ദിവസം വീതമാണ് ക്രമീകരിച്ചിരിക്കുന്നത്.
ധ്യാനത്തിൽ പങ്കെടുക്കുന്നവർ താമസ സൗകര്യം സ്വന്തമായി കണ്ടെത്തണം. രാവിലെ 8.30ന് ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന പ്രതിദിന ശുശ്രൂഷകളിൽ തുടർന്ന് ആരാധന, സ്തുതിപ്പ്, വിശുദ്ധ കുർബാന, തിരുവചന ശുശ്രൂഷ, അനുരഞ്ജന ശുശ്രൂഷ എന്നിവ ഉണ്ടായിരിക്കും.
ദിവ്യകാരുണ്യ ആരാധനയോടെ പ്രതിദിന ധ്യാന ശുശ്രുഷ വൈകുന്നേരം നാലരയോടെ സമാപിക്കും. കൃപാസനം ഉടമ്പടി ധ്യാനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പേരുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്നും സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: 07770730769, 07459873176