ഹെമൽ ഹെംസ്റ്റഡ് ദേവാലയത്തിൽ വിശുദ്ധവാര തിരുക്കർമങ്ങൾക്ക് തുടക്കം
അപ്പച്ചൻ കണ്ണഞ്ചിറ
Thursday, April 17, 2025 3:56 PM IST
ഹെമൽ ഹെംസ്റ്റഡ്: സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ വിശുദ്ധ വാര തിരുക്കർമങ്ങൾക്ക് തുടക്കം. ഇടവക വികാരി റവ. ഫാ. അനൂപ് മലയിൽ എബ്രഹാമിന്റെ കാർമികത്വത്തിൽ ഓശാന ഞായർ ആചരണം ഭക്തിസാന്ദ്രമായി.
നോമ്പുകാലത്തിന്റെ അവസാന ഞായറാഴ്ചയും വിശുദ്ധവാരത്തിന്റെ ആരംഭവുമായ ഓശാന ഞായർ തിരുക്കർമങ്ങളിലും അനുബന്ധ ശുശ്രുഷകളിലും നിരവധി വിശ്വാസികളാണ് പങ്കുചേർന്നത്.
ദേവാലയത്തിൽ ഒരുക്കിവച്ചിരുന്ന കുരുത്തോലകൾ ഫാ. അനൂപ് വെഞ്ചിരിച്ചു വാഴ്ത്തി വിശ്വാസികൾക്ക് നൽകുകയും തുടർന്ന് ദേവാലയത്തിനു ചുറ്റും കുരുത്തോലകൾ വീശി ഓശാന കീർത്തനങ്ങൾ ആലപിച്ച് ഘോഷയാത്ര നടത്തുകയും ചെയ്തു.
ഫാ. അനൂപ് മലയിൽ ഓശാനത്തിരുന്നാൾ സന്ദേശം നൽകി. വിശുദ്ധവാരത്തിലേക്കു പ്രവേശിക്കുന്നതിന് ആമുഖമായി ധ്യാനവും അനുതാപ ശുശ്രുഷയ്ക്ക് അവസരവും ഒരുക്കിയിരുന്നു.


തിങ്കൾ, ചൊവ്വ, വ്യാഴം ദിവസങ്ങളിൽ പാസ്റ്ററൽ ഹൗസ് സന്ദർശനവും സന്ധ്യാ പ്രാർഥനാ നമസ്ക്കാരവും ഉണ്ടായിരിക്കും. ഏപ്രിൽ 16ന് പെസഹാ തിരുക്കർമങ്ങളും അനുബന്ധ ശുശ്രുഷകളും നടന്നു.
ഏപ്രിൽ 18ന് ദുഃഖവെള്ളി ശുശ്രുഷകളും പീഡാനുഭവ വായനകളും തിരുക്കർമങ്ങൾക്ക് ശേഷം നേർച്ചകഞ്ഞി വിതരണവും ഉണ്ടായിരിക്കുന്നതാണ്.
ഏപ്രിൽ 19ന് ശുശ്രുഷകൾ രാവിലെ എട്ടിന് വലിയ ശനിയാഴ്ച തിരുക്കർമങ്ങൾ ആരംഭിക്കുന്നതാണ്. ശനിയാഴ്ച വൈകുന്നേരം ആറരക്ക് ഉഥാനത്തിരുന്നാൾ ആരംഭിക്കും.