സ്റ്റോക്ഹോം - ഡല്‍ഹി എയര്‍ ഇന്ത്യ സര്‍വീസ് പുനരാരംഭിക്കാന്‍ സ്വീഡനിൽ ഇന്ത്യന്‍ സമൂഹത്തിന്റെ ക്യാന്പയിൻ
ജോസ് കുമ്പിളുവേലിൽ
Thursday, April 17, 2025 1:01 AM IST
സ്റ്റോക്ഹോം: എയര്‍ ഇന്ത്യയുടെ സ്റ്റോക്ഹോം - ഡല്‍ഹി നേരിട്ടുള്ള വിമാനസര്‍വീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് സ്വീഡനിലെ ഇന്ത്യന്‍ സമൂഹം സിവില്‍ വ്യോമയാന മന്ത്രാലയത്തിന് അപേക്ഷ നല്കി.
സ്റ്റോക്ഹോം ഡല്‍ഹി എയര്‍ ഇന്ത്യ സര്‍വീസ് പുനരാരംഭിക്കാന്‍ ശക്തമായ ക്യാന്പയിനാണ് തുടങ്ങിയത്. നോര്‍ക്ക റൂട്ട്സ് വഴി കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രാലയത്തിന് കത്തയച്ച് കാത്തിരിക്കുകയാണ് സ്വീഡനിലെ ഇന്ത്യന്‍ സമൂഹം.
കോവിഡിന് ശേഷം നിര്‍ത്തലാക്കിയ സ്റ്റോക്ഹോം - ഡല്‍ഹി വിമാനസര്‍വീസ് ഇതുവരെയും പുനരാരംഭിച്ചിട്ടില്ല. ഇന്ത്യയിലേക്ക് നേരിട്ട് വിമാനസര്‍വീസ് ഇല്ലാത്ത ചുരുക്കം ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ ഒന്നായി മാറിയിരിക്കുകയാണ് സ്വീഡന്.
നിലവില്‍ മിഡില്‍ ഈസ്റ്റ് വഴിയാണ് സ്റ്റോക്ഹോമില്‍നിന്നും ഇന്ത്യയിലേക്ക് വേഗത്തില്‍ എത്തിച്ചേരാനുള്ള മാര്‍ഗം. ഈ സെക്ടറില്‍ അധികം വിമാനങ്ങള്‍ സര്‍വീസ് നടത്താത്തതിന്റെ മുഖ്യകാരണം ഉയര്‍ന്ന നിരക്കുകളാണ് വിമാനകമ്പനികള്‍ വാങ്ങുന്നത്.
കോവിഡിന് മുന്‍പ് നാലായിരം മുതല്‍ ആറായിരം (32000/48000 ഇന്ത്യന്‍ രൂപ ) സ്വീഡിഷ് ക്രോണര്‍ ആയിരുന്ന വിമാനനിരക്ക് ഇന്ന് പതിനായിരം മുതല്‍ ഇരുപതിനായിരം വരെ (80000/160000 ഇന്ത്യന്‍ രൂപ )എത്തി നില്‍ക്കുകയാണ്.
കനത്ത നിരക്ക് ഈടാക്കുന്നതുമൂലം ഇന്ത്യയിലേക്ക് യാത്ര ചെയുന്ന വിദ്യാര്‍ഥികള്‍, ബിസിനസുകാര്‍, വിദേശ വിനോദ സഞ്ചാരികള്‍ തുടങ്ങിയവരെ വലക്കുന്നതായി ക്യാന്പയിൻ തുടങ്ങിവച്ച സ്വീഡനില്‍ നിന്നുള്ള ലോക കേരള സഭാംഗം ജിനു സാമുവേല്‍ പറഞ്ഞു.
ഇന്ത്യയും സ്വീഡനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സ്വീഡിഷ് വിദേശകാര്യ മന്ത്രി മരിയ മാല്‍മര്‍ രണ്ടാഴ്ച്ച മുന്‍പ് ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. സന്ദര്‍ശനത്തിന്റെ ഭാഗമായി, സ്വീഡന് ഇന്ത്യന്‍ ബിസിനസ് മീറ്റിംഗിൽ പങ്കെടുത്ത മരിയ മാല്‍മര്‍, ഇരുരാജ്യങ്ങള്‍ക്കിടയിലെ വാണിജ്യ വ്യാപാര സഹകരണം കൂടുതല്‍ വിപുലീകരിക്കുന്നതിനെക്കുറിച്ചും ചര്‍ച്ചകള്‍ നടത്തി.
അതുകൊണ്ടുതന്നെ ഇന്ത്യയും സ്വീഡനും തമ്മിലുള്ള വാണിജ്യ വ്യാപാരരംഗത്തെ ബന്ധം ശക്തിപ്പെടുത്തുന്നതിനായി നേരിട്ടുള്ള വിമാന സര്‍വീസ് വലിയൊരു പങ്കു വഹിക്കുമെന്ന് ജിനു സാമുവേല്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന പ്രവാസികള്‍, വിദ്യാര്‍ഥികള്‍, ബിസിനസുകാര്‍, ടൂറിസ്റ്റുകള്‍ തുടങ്ങിയവര്‍ക്ക് ഈ സര്‍വീസ് അനിവാര്യമാണ്.
യൂറോപ്പില്‍ നിന്നും നിലവില്‍ നേരിട്ടുള്ള വിമാനസര്‍വീസ് ഇല്ലാത്ത കേരളം പോലുള്ള സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയുന്നവരെയാണ് ഇത് ബാധിക്കുന്നത്. നേരിട്ടുള്ള സര്‍വീസ്, യാത്രാ സമയം, ചെലവ് എന്നിവ ഗണ്യമായി കുറയ്ക്കുന്നതിനൊപ്പം രണ്ട് രാജ്യങ്ങളുടെയും ജനങ്ങള്‍ക്കിടയിലെ ബന്ധം കൂടുതല്‍ ശക്തമാക്കുകയും ഇന്ത്യയുടെ വിനോദസഞ്ചാരരംഗത്തും സഹായകരമാകും.
സ്വീഡനിലെ ഇന്ത്യന്‍ പ്രവാസികള്‍ സിവില്‍ വ്യോമയാന മന്ത്രാലയത്തിന്റെയും എയര്‍ ഇന്ത്യയുടേയും അനുകൂല പ്രതികരണത്തിനായി കാത്തിരിക്കുകയാണ്. മന്ത്രാലയത്തിന് നല്കിയ അപേക്ഷ കൂടാതെ ഒരു ഓണ്‍ലൈന്‍ പെറ്റീഷന് തുടങ്ങി വച്ചിരിക്കുകയാണ് ഇവിടുത്തെ പ്രവാസികള്‍. ചുരുങ്ങിയ സമയംകൊണ്ട് നിരവധി പ്രവാസികളാണ് ഈ പെറ്റീഷന്റെ ഭാഗമായി രംഗത്തുള്ളത്.