ജര്‍മനിയില്‍ ഡോക്ടർ 15 പേരെ കൊലപ്പെടുത്തി; പ്രതി തെളിവ് നശിപ്പിക്കാൻ ഇരകളുടെ വീടിന് തീയിട്ടു
ജോസ് കുമ്പിളുവേലി
Friday, April 18, 2025 6:24 AM IST
ബര്‍ലിന്‍: ജര്‍മനിയില്‍ 15 പേരെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് ഡോക്ടര്‍ക്കെതിരേ കേസ്. 40 കാരനായ പാലിയേറ്റീവ് കെയര്‍ ഫിസിഷ്യനെതിരെയാണ് കേസ് എടുത്തത്. രോഗികൾക്ക് അമിത അളവിൽ മരുന്ന് നൽകിയാണ് ഇയാൾ ക്രൂരകൃത്യം നടത്തിയത്.
2021 സെപ്റ്റംബറിനും 2024 ജൂലൈയ്ക്കും ഇടയിൽ മാരകമായ മയക്കുമരുന്ന് ഉപയോഗിച്ച് 12 സ്ത്രീകളെയും മൂന്ന് പുരുഷന്മാരെയുമാണ് ഇയാൾ കൊലപ്പെടുത്തിയത്.
പ്രതി തന്റെ കുറ്റകൃത്യങ്ങള്‍ മറച്ചുവയ്ക്കാന്‍ ഇരകളുടെ ചില അപ്പാര്‍ട്ട്മെന്റുകള്‍ക്ക് തീയിട്ടതായും പ്രോസിക്യൂഷന് പറഞ്ഞു. ജര്‍മന്‍ ഡോക്ടര്‍ക്കെതിരേ പ്രോസിക്യൂട്ടര്‍മാര്‍ 15 കൊലപാതക കുറ്റങ്ങളാണ് ചുമത്തിയത്.
രോഗികളുടെ അറിവോ സമ്മതമോ ഇല്ലാതെ ഡോക്ടർ അനസ്തേഷ്യയും മസിൽ റിലാക്സന്റും നൽകിയെന്നാണ് ആരോപണം. കൂടാതെ കൊലപാതകങ്ങൾ മറച്ചുവയ്ക്കാൻ ഇരകളുടെ വീടുകള്‍ക്ക് തീയിട്ടതായും പറയുന്നു.
56നും 94നും ഇടയില്‍ പ്രായമുള്ളവരാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. 2024 ഓഗസ്റ്റിലാണ് ഇയാൾ പിടിയിലായത്. ഡോക്ടര്‍ ചികിത്സിച്ചിരുന്ന നിരവധി രോഗികളുടെ മൃതദേഹങ്ങള്‍ പുറത്തെടുത്ത് ഫോറന്‍സിക് വിദഗ്ധര്‍ പരിശോധിച്ചു.
തുടര്‍ന്നാണ് അവരില്‍ പലരും അസ്വാഭാവിക സാഹചര്യത്തിലാണ് മരിച്ചതെന്ന് കണ്ടെത്തിയത്. മരണസംഖ്യ ഉയരാൻ സാധ്യത ഉണ്ടെന്ന് അന്വേഷണ സംഘം.