യുക്മ അംഗത്വ മാസാചരണത്തിന് ഇന്ന് തുടക്കം
കുര്യൻ ജോർജ്
Tuesday, April 15, 2025 4:46 PM IST
ലണ്ടൻ: ആഗോള പ്രവാസി മലയാളികൾക്കിടയിലെ ഏറ്റവും വലിയ ദേശീയ സംഘടനയായ യുക്മ (യൂണിയൻ ഓഫ് യുകെ മലയാളി അസോസിയേഷൻ) പുതിയ അംഗത്വത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിന് തീരുമാനിച്ചതായി യുക്മ ദേശീയ ജനറൽ സെക്രട്ടറി ജയകുമാർ നായർ അറിയിച്ചു.
ഏപ്രിൽ 15 മുതൽ മേയ് 15 വരെയുള്ള ഒരു മാസമാണ് പുതിയ അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള കാലപരിധിയായി നിശ്ചയിച്ചിരിക്കുന്നത്. ഏപ്രിൽ അഞ്ചിന് വാൽസാളിൽ വച്ച് ചേർന്ന യുക്മ ദേശീയ നിർവാഹക സമിതി യോഗമാണ് പുതിയ അംഗത്വ അപേക്ഷകൾ സ്വീകരിക്കുന്നതിന് തീരുമാനിച്ചത്.
പ്രവർത്തന മികവിന്റെ വിജയകരമായ 15 വർഷങ്ങൾ പൂർത്തിയാക്കി പ്രയാണം തുടരുന്ന യുക്മ മാതൃകാപരമായ നിരവധി പ്രവർത്തനങ്ങളുമായി പ്രവാസി മലയാളി സംഘടനകൾക്കിടയിൽ തലയെടുപ്പോടെ മുന്നേറുകയാണ്.
നൂറ്റിനാല്പതിലേറെ അംഗ അസോസിയേഷനുകളുടെ കൂട്ടായ്മയായ യുക്മ അംഗ അസോസിയേഷനുകളുടെ എണ്ണത്തിൽ മാത്രമല്ല വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെയും ലോക മലയാളി പ്രവാസി സംഘടനകൾക്ക് മാതൃകയായി മാറിക്കഴിഞ്ഞു.
നാഷണൽ, റീജിയണൽ തലങ്ങളിൽ യുക്മ നടത്തുന്ന വിവിധങ്ങളായ കലാ, കായിക, സാംസ്കാരിക പ്രവർത്തനങ്ങളോടൊപ്പം യുക്മയുടെ പോഷക സംഘടനകൾ നടത്തുന്ന പ്രവർത്തനങ്ങളും യുകെ മലയാളികൾക്ക് ഏറെ പ്രയോജനകരമാണ്.
യുക്മ ന്യൂസ്, യുക്മ ചാരിറ്റി ഫൌണ്ടേഷൻ (യുസിഎഫ്), യുക്മ നഴ്സസ് ഫോറം (യുഎൻഎഫ്), യുക്മ യൂത്ത് തുടങ്ങിയ പോഷക സംഘടനകളും യുകെ മലയാളി സമൂഹത്തിൽ സജീവ സാന്നിധ്യമായി മാറിക്കഴിഞ്ഞു.
യുക്മയിൽ അംഗമാകുന്നതിലൂടെ പ്രാദേശിക അസോസിയേഷനുകളിലെ അംഗങ്ങൾക്ക് യുക്മയുടെ വിവിധ പ്രവർത്തനങ്ങളിൽ സഹകരിക്കുവാൻ ലഭിക്കുന്ന ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് യുക്മ ദേശീയ സമിതി അഭ്യർഥിച്ചു.
യുക്മ അംഗത്വവുമായി ബന്ധപ്പെട്ട് യുക്മ ഭരണഘടന നിർദേശിച്ചിരിക്കുന്ന യോഗ്യതകളുടെ മാനദണ്ഡത്തിലായിരിക്കും അംഗത്വ അപേക്ഷകൾ അംഗീകരിക്കുന്നത്.
യുക്മ അംഗത്വം നേടുന്നതിന് താത്പര്യമുള്ള അസോസിയേഷനുകൾ [email protected] എന്ന ഈമെയിൽ വിലാസത്തിൽ ബന്ധപ്പെട്ടാൽ അപേക്ഷ ഫോമുകൾ ലഭിക്കുന്നതും പൂരിപ്പിച്ച അപേക്ഷകൾ മേയ് 15ന് മുൻപായി മേൽ പറഞ്ഞ ഈമെയിലിൽ സമർപ്പിക്കേണ്ടതുമാണ്.
യുക്മ ഭരണഘടന അനുശാസിക്കും വിധമുള്ള യോഗ്യരായ അസോസിയേഷനുകളെ യുക്മയെന്ന, യുകെ മലയാളികൾ നെഞ്ചിലേറ്റിയ മഹാപ്രസ്ഥാനത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ അറിയിച്ചു.