വത്തിക്കാൻ ചത്വരത്തിൽ വിശ്വാസികളെ അഭിവാദ്യം ചെയ്ത് മാർപാപ്പ
Monday, April 14, 2025 10:17 AM IST
വത്തിക്കാൻ സിറ്റി: വത്തിക്കാൻ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടന്ന ഓശാനയുടെ തിരുക്കർമങ്ങൾക്കുശേഷം ഫ്രാൻസിസ് മാർപാപ്പ അപ്രതീക്ഷിതമായി ചത്വരത്തിലെത്തി വിശ്വാസികളെ അഭിവാദ്യം ചെയ്തു.
കർദിനാൾ ലിയണാർദോ സാന്ദ്രിയുടെ മുഖ്യകാർമികത്വത്തിൽ നടന്ന തിരുക്കർമങ്ങൾ അവസാനിക്കാറായപ്പോഴാണു ചക്രക്കസേരയിൽ മാർപാപ്പയെത്തിയത്.
ഓശാന തിരുനാളിന്റെ ആശംസകളും വിശുദ്ധ വാരത്തിന്റെ ആശംസകളും നേർന്നശേഷം വിശ്വാസികൾക്കിടയിലൂടെ നീങ്ങി മാർപാപ്പ ആശീർവാദം നൽകി. നിറഞ്ഞ കരഘോഷത്തോടെയാണ് വിശ്വാസികൾ മാർപാപ്പയെ എതിരേറ്റത്.
വിശ്വാസികളെ അഭിവാദ്യം ചെയ്തശേഷം സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്കു പോയ മാർപാപ്പ അവിടെ ഏതാനും സമയം പ്രാർഥിച്ചശേഷം വസതിയിലേക്കു മടങ്ങി. തിരുക്കർമങ്ങളിൽ 36 കർദിനാൾമാരും 30 മെത്രാന്മാരും 300 വൈദികരും സഹകാർമികരായിരുന്നു.
ആശീർവദിച്ച് വിശ്വാസികൾക്കു നൽകുന്നതിനായി രണ്ടുലക്ഷം ഒലിവുശാഖകൾ ഇറ്റലിയിലെ 20 ഭരണപ്രദേശങ്ങളിൽ ഒന്നായ ലാസിയൊയിലെ സംഘടനയായ ‘ലെ ചിത്താ ദെല്ലോലിയൊ ദെൽ ലാസിയ’യാണ് എത്തിച്ചത്.
വിശുദ്ധ വാരത്തിനു മുന്നോടിയായി മാർപാപ്പ ശനിയാഴ്ച റോമിലെ പരിശുദ്ധ കന്യാമറി യത്തിന്റെ വലിയ പള്ളി സന്ദർശിച്ച് ‘റോമിന്റെ സംരക്ഷകയായ മറിയ’ത്തിന്റെ ചിത്രത്തിനു മുന്പിൽ പ്രാർഥിച്ചിരുന്നു.