നി​മി​ഷ​പ്രി​യ​യു​ടെ മോ​ച​നം: പ്രാ​ഥ​മി​ക ധ​ന​സ​മാ​ഹ​ര​ണം പൂ​ര്‍​ത്തി​യാ​യി
Tuesday, June 25, 2024 12:22 PM IST
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് സ​ന​യി​ലെ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യു​ടെ മോ​ച​ന​ത്തി​നാ​യി സ​മ​വാ​യ ച​ര്‍​ച്ച​ക​ള്‍​ക്കാ​യു​ള്ള പ്രാ​ഥ​മി​ക ധ​ന​സ​മാ​ഹ​ര​ണം പൂ​ര്‍​ത്തി​യാ​യി.

കൊ​ല്ല​പ്പെ​ട്ട യ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു മെ​ഹ്ദി​യു​ടെ കു​ടും​ബം അ​ട​ങ്ങു​ന്ന ഗോ​ത്ര​വി​ഭാ​ഗ​വു​മാ​യി ച​ര്‍​ച്ച ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ചെ​ല​വു​ക​ള്‍​ക്ക് ആ​വ​ശ്യ​മു​ള്ള 40,000 യു​എ​സ് ഡോ​ള​റാ​ണ് (ഏ​ക​ദേ​ശം 35 ല​ക്ഷം ഇ​ന്ത്യ​ന്‍ രൂ​പ) സേ​വ് നി​മി​ഷ​പ്രി​യ ഇ​ന്‍റ​ര്‍​നാ​ഷ​ന​ല്‍ ആ​ക്ഷ​ന്‍ കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​മാ​ഹ​രി​ച്ച​ത്.

ഒ​ന്നാം ഗ​ഡു​വാ​യ 20,000 ഡോ​ള​ര്‍ ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ത​ന്നെ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം വ​ഴി ക​ഴി​ഞ്ഞ ദി​വ​സം യ​മ​നി​ലേ​ക്ക് കൈ​മാ​റി​യി​രു​ന്നു. അ​വ​ശേ​ഷി​ക്കു​ന്ന 20,000 ഡോ​ള​ര്‍ യ​മ​നി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി നി​ര്‍​ദേ​ശി​ക്കു​ന്ന​ത​നു​സ​രി​ച്ച് മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്ക് നി​ക്ഷേ​പി​ക്കും. തു​ട​ര്‍​ന്ന് തു​ക ജി​ബൂ​ട്ടി​യി​ലെ എം​ബ​സി​ക്ക് കൈ​മാ​റും.

ഗോ​ത്ര​ത്ത​ല​വ​ന്‍​മാ​രു​മാ​യു​ള്ള പ്രാ​രം​ഭ ച​ര്‍​ച്ച​ക​ള്‍​ക്ക് ശേ​ഷ​മാ​ണ് കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ കു​ടും​ബം ദ​യാ​ധ​നം സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മെ​ടു​ക്കു​ക. നി​മി​ഷ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി​യും സേ​വ് നി​മി​ഷ​പ്രി​യ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ആ​ക്ഷ​ന്‍ കൗ​ണ്‍​സി​ല്‍ അം​ഗം സാ​മു​വേ​ല്‍ ജെ​റോ​മും യ​മ​നി​ല്‍ ര​ണ്ട് മാ​സ​ത്തോ​ള​മാ​യി മോ​ച​ന ശ്ര​മ​ങ്ങ​ള്‍ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.